14 May Friday

അടച്ചിടല്‍ പരിഗണിക്കണം ; സുപ്രീംകോടതി നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


ന്യൂഡൽഹി
രാജ്യത്ത് സമ്പൂർണ അടച്ചിടല്‍ ഏർപ്പെടുത്തുന്നത്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. കോവിഡ്‌ സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ നിർദേശം. സത്യവാങ്‌മൂലം സമർപ്പിക്കാൻ  സർക്കാരുകളോട്‌ നിർദേശിച്ചു.

മഹാമാരിയെ പ്രതിരോധിക്കാനുള്ള അവസാനമാർഗമെന്ന നിലയിലാണ്‌ അടച്ചുപൂട്ടൽ നിർദേശിക്കുന്നതെന്നു ഉത്തരവിലുണ്ട്. ‘അടച്ചുപൂട്ടൽ സൃഷ്ടിക്കാനിടയുള്ള സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച്‌ കോടതിക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. അവശജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അടച്ചുപൂട്ടൽ വലിയ പ്രയാസം സൃഷ്‌ടിക്കും. അതുകൊണ്ട്‌, ജനങ്ങൾക്ക്‌ ഉണ്ടാകാൻ സാധ്യതയുള്ള പ്രയാസങ്ങൾ പരമാവധി ലഘൂകരിക്കാനുള്ള നടപടി സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണം’–- ജസ്‌റ്റിസുമാരായ എൽ നാഗേശ്വരറാവു, എസ്‌ രവീന്ദ്രഭട്ട്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.

ഡൽഹിക്ക്‌ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള ഓക്‌സിജൻ ക്വോട്ടയുമായി ബന്ധപ്പെട്ട പരാതികൾ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കണം.  സംസ്ഥാനസർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്രസർക്കാർ അടിയന്തരസാഹചര്യങ്ങൾ അഭിമുഖീകരിക്കാനുള്ള ഓക്‌സിജൻ കരുതൽശേഖരം ഉണ്ടാക്കണം. സംസ്ഥാനങ്ങൾക്ക്‌ ഇപ്പോൾ  അനുവദിച്ചിട്ടുള്ള ഓക്‌സിജൻ ക്വോട്ടയ്‌ക്ക്‌ പുറമേയാണ്‌ കരുതൽശേഖരം.  നാലുദിവസത്തിനകം നടപടികൾ സ്വീകരിക്കണം.

ആശുപത്രിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട്‌ കേന്ദ്രം ദേശീയനയം രൂപീകരിക്കണം. റസിഡൻഷ്യൽ പ്രൂഫ്‌ ഹാജരാക്കിയില്ലെന്ന പേരിൽ ആർക്കും ചികിൽസ നിഷേധിക്കരുത്‌. ഓക്‌സിജൻവിതരണം, വാക്‌സിൻ വിലനിർണയം, മരുന്ന്‌ ക്ഷാമം പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഉണ്ടാക്കിയിട്ടുള്ള പദ്ധതികളും പ്രോട്ടോകോളുകളും പുനഃപരിശോധിക്കണം–- തുടങ്ങിയ നിർദേശങ്ങളും കോടതി നൽകി. 10ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top