06 December Friday

കേരളത്തിൽ കൊല്ലപ്പെട്ടത്‌ സംഘപരിവാർമാത്രമെന്ന്‌ അമിത്‌ ഷാ ; പ്രതിഷേധത്തിൽ തിരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ന്യൂഡൽഹി
കേരളത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ സംഘപരിവാറുകാർമാത്രമാണ്‌ കൊല്ലപ്പെട്ടതെന്ന്‌ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ ശ്രമം. പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന്‌ നിലപാട് മന്ത്രിക്ക് തിരുത്തേണ്ടിവന്നു. സിപിഐ എമ്മുകാർ 120 ബിജെപിക്കാരെ കൊലപ്പെടുത്തിയെന്ന്, എസ്‌പിജി ഭേദഗതി ബില്‍ ചർച്ചയ്‌ക്കുള്ള മറുപടിയ്ക്കിടെ അമിത്‌ ഷാ ആരോപിച്ചു.

പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയക്കൊലപാതകങ്ങൾക്കും പിന്നിൽ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സംഘപരിവാറാണെന്ന്‌ കെ കെ രാഗേഷും കെ സോമപ്രസാദും പറഞ്ഞു. ഇരുവരും നടുത്തളത്തിലേക്ക്‌ നീങ്ങി. തെറ്റായ പരാമർശം തിരുത്തണമെന്ന്‌ മറ്റ്‌ പ്രതിപക്ഷാംഗങ്ങളും ആവശ്യപ്പെട്ടു.

ഇതോടെ,സിപിഐ എം പ്രവർത്തകരും കേരളത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. സഭയെ തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ചതിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. മന്ത്രിയുടെ മറുപടിയിൽ അതൃപ്‌തി രേഖപ്പെടുത്തി കോൺഗ്രസ്‌ അംഗങ്ങളും ഇറങ്ങിപ്പോയി. എസ്‌പിജി സുരക്ഷ പ്രധാനമന്ത്രിക്കുമാത്രമായി നിശ്ചയിച്ചുള്ള ഭേദഗതി ബിൽ സഭ പിന്നീട്‌ പാസാക്കി. 

 


പ്രധാന വാർത്തകൾ
 Top