25 September Monday

കേന്ദ്രം പൂർണപരാജയം: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

വൈദ്യുതിനിയമ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച ദേശീയ 
കൺവൻഷൻ എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു


ന്യൂഡൽഹി
സാധാരണ ജനങ്ങൾ വിലക്കയറ്റത്താൽ പൊറുതിമുട്ടുമ്പോൾ വർഗീയതയും വിഭജന രാഷ്ട്രീയവും ഉപയോഗിച്ച് ബിജെപി സർക്കാരിന് അധികകാലം പിടിച്ചുനിൽക്കാനാകില്ലെന്ന് രാജ്യസഭയിൽ വിലക്കയറ്റ ചർച്ചയ്‌ക്ക്‌ തുടക്കമിട്ട്‌ സിപിഐ എം കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. മോദി സർക്കാരിന്റെ എട്ടുവർഷത്തെ ഭരണത്തിൽ നിത്യോപയോഗ വസ്‌തുക്കളുടെയും ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും അനിയന്ത്രിതമായ വിലക്കയറ്റമാണ്. കേന്ദ്ര സർക്കാർ കണക്കുപ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അരിവില 24ഉം ഗോതമ്പ് പൊടിയുടേത്‌ 28ഉം പയറുവർഗങ്ങളുടേത്‌ 20-30ഉം ശതമാനം വർധിച്ചു.

കാർഷികോൽപ്പാദനം വർധിക്കുമ്പോഴാണ്‌ ഭക്ഷ്യധാന്യങ്ങൾ അടക്കം അവശ്യവസ്‌തുക്കൾക്ക്‌ വില ഉയരുന്നത്‌. ഉൽപ്പാദനച്ചെലവുപോലും വിലയായി കിട്ടാതെ കർഷകർ ബുദ്ധിമുട്ടുമ്പോൾ ഉപയോക്താക്കൾ സാധനങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമാണ്. വിലക്കയറ്റം തടയാൻ ആവശ്യമായ ഒരിടപെടലും കേന്ദ്രം നടത്തുന്നില്ല. ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി ചുമത്താനുള്ള നിർദ്ദേശത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  പിന്തുണച്ചെന്നുമുള്ള അവകാശവാദം കളവാണ്‌. അസത്യ പ്രചാരണങ്ങളിൽനിന്ന്‌ കേന്ദ്രം പിന്മാറണം–- കരീം പറഞ്ഞു.

വൈദ്യുതി ബിൽ അവതരിപ്പിച്ചാൽ പണിമുടക്ക്‌
വിനാശകരമായ വൈദ്യുതിനിയമ ഭേദഗതി ബിൽ ഏകപക്ഷീയമായി പാസാക്കിയെടുക്കാൻ കേന്ദ്രം ശ്രമിച്ചാൽ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതിജീവനക്കാരും എൻജിനിയർമാരും പണിമുടക്കുമെന്ന്‌ ദേശീയ കൺവൻഷൻ മുന്നറിയിപ്പ്‌ നൽകി. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ദിവസം പണിമുടക്ക്‌ തുടങ്ങും.

ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനത്തിന്റെ 80–-ാം വാർഷികദിനമായ ആഗസ്‌ത്‌ ഒമ്പതിന്‌ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനത്തും പദ്ധതി കേന്ദ്രങ്ങളിലും വൈദ്യുതിജീവനക്കാർ വിപുലമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡൽഹി കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വൈദ്യുതി ജീവനക്കാരുടെ സംഘടനകൾ സംഘടിപ്പിച്ച  കൺവൻഷനിൽ വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്നുള്ള എംപിമാരും പങ്കെടുത്തു.

എല്ലാ പിന്തുണയും നൽകുമെന്ന്‌ എളമരം കരീം(സിപിഐ എം), ബിനോയ്‌ വിശ്വം(സിപിഐ), സഞ്‌ജയ്‌ ഖാൻ(എഎപി), എം ഷൺമുഖൻ(ഡിഎംകെ), ഡോള സെൻ(ടിഎംസി) എന്നീ എംപിമാർ പറഞ്ഞു. അഖിലേന്ത്യ പവർ എൻജിനിയേഴ്‌സ്‌ ഫെഡറേഷൻ ചെയർമാൻ ഷൈലേന്ദ്ര ദുബെ പ്രമേയം അവതരിപ്പിച്ചു.  നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി  എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌ കൺവീനർ പ്രശാന്ത നന്ദി ചൗധരി, പദംജിത്‌ സിങ്‌, ആർ കെ ത്രിവേദി, മോഹൻ ശർമ, സമർ സിൻഹ, കുൽദീപ്‌ കുമാർ, എസ്‌ ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top