22 September Tuesday

‘ഉപദേശിച്ച് കുടുങ്ങി’ ദിഗ്‌വിജയ്‌സിങ്‌ ; സാമൂഹ്യമാധ്യമങ്ങളില്‍ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ പക്ഷം; കോൺഗ്രസിൽ തലമുറപ്പോര്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ ‘ഉപദേശിച്ച് തിരുത്താ’നെത്തിയ മുതിർന്ന നേതാവ്‌ ദിഗ്‌വിജയ്‌സിങ്ങിനെ സാമൂഹ്യമാധ്യമങ്ങളില്‍ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ പക്ഷം.‘കോൺഗ്രസ്‌ നേതൃത്വത്തിലേക്ക്‌ രാഹുൽ മടങ്ങിവരണമെന്ന പ്രവർത്തകരുടെ ആവശ്യത്തെ പിന്തുണയ്‌ക്കുന്നു. എന്നാൽ, രാഹുൽ പാർലമെന്റിൽ സജീവമാകണം.

ജനങ്ങളുമായി സമ്പർക്കം പുലർത്തണം. ശരദ്‌പവാർ ചൂണ്ടിക്കാണിച്ചത്‌ പോലെ അദ്ദേഹം ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കണം. യാത്രകൾ സംഘടിപ്പിക്കണം’–എന്നായിരുന്നു ട്വിറ്ററിലൂടെ ദിഗ്‌വിജയ്‌സിങ്ങിന്റെ ഉപദേശം.

രാഹുൽ പക്ഷത്തെ പ്രമുഖനും തമിഴ്‌നാട്ടിലെ യുവ എംപിയുമായ മാണിക്കം ടാഗോർ ചുട്ടമറുപടിയുമായി മണിക്കൂറുകള്‍ക്കകം രം​ഗത്തുവന്നു. ‘രാഹുൽ ഗാന്ധി ഇതിനോടകം നൂറിലധികം പദയാത്ര നടത്തി‌. ലോക്‌സഭയിൽ നിർണായക സാഹചര്യങ്ങളിൽ മോഡി സർക്കാരിന്‌ എതിരെ ആഞ്ഞടിച്ചു‌. മുതിർന്ന നേതാക്കൾ പിന്നിൽനിന്ന്‌ വിമർശിക്കുന്നത്‌ നിർത്തിയാൽ അദ്ദേഹം അധികകാലം പ്രതിപക്ഷത്ത്‌ ഇരിക്കേണ്ടി വരില്ല’–- ലോക്‌സഭയിലെ കോൺഗ്രസിന്റെ വിപ്പ്‌ കൂടിയായ മാണിക്കം ടാഗോർ ട്വീറ്റ്‌ ചെയ്‌തു. ട്വീറ്റുകൾ ചർച്ചയായതോടെ  മാണിക്കം ടാഗോർ അവ  നീക്കം‌ ചെയ്‌തു.

കോൺഗ്രസിൽ തലമുറപ്പോര്‌
രണ്ടാം യുപിഎ സർക്കാരിന്റെ വീഴ്‌ചകള്‍ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി പക്ഷം യുദ്ധപ്രഖ്യാപനം നടത്തിയതോടെ മറുപടിയുമായി മുതിര്‍ന്ന നേതാക്കള്‍ രം​ഗത്തെത്തി. മൻമോഹൻസിങ്ങിനെ പ്രതിരോധിക്കാന്‍ രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ആനന്ദ്‌ ശർമ, മനീഷ് ‌തിവാരി, ശശി തരൂർ തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രം​ഗത്തുവന്നു.

സോണിയ​ ഗാന്ധി വിളിച്ച കോണ്‍​ഗ്രസിന്റെ രാജ്യസഭാം​ഗങ്ങളുടെ യോ​ഗത്തില്‍ തുടങ്ങിയ ചേരിപ്പോര് അതോടെ അടുത്തഘട്ടത്തിലേക്ക് കടന്നു. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും ഭരണം കൈവിടുമെന്ന ഘട്ടത്തിലും മുതിര്‍ന്ന നേതാക്കളടക്കം ചേരിതിരിഞ്ഞ്  ഏറ്റുമുട്ടുമ്പോള്‍ കോണ്‍​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൗനത്തില്‍.

പത്തു വർഷം അധികാരത്തിൽ ഇല്ലാതിരുന്ന കാലത്ത് ബിജെപി നേതാക്കള്‍ വാജ്‌പേയിയെയോ അദ്ദേഹത്തിന്റെ സർക്കാരിനെയോ വിമർശിച്ചിട്ടില്ലെന്ന്‌ മനീഷ് ‌തിവാരി ട്വീറ്റ്‌ ചെയ്‌തു. എൻഡിഎയ്‌ക്കും ബിജെപിക്കും എതിരെ യോജിച്ച്‌ പോരാടുന്നതിന്‌ പകരം തമ്മിലടിക്കാനാണ്‌ കോൺഗ്രസിൽ ചിലർക്ക്‌ താൽപ്പര്യം.

യുപിഎ സർക്കാരിന്റെ ചില “നേട്ടങ്ങൾ’ ആനന്ദ് ‌ശർമ ‌‌‌‌‌ട്വിറ്ററിലൂടെ യുവനേതാക്കളെ ഓര്‍മിപ്പിച്ചു. ബിജെപിക്കാർ ഒരിക്കലും യുപിഎ സർക്കാരിന്റെ നേട്ടങ്ങൾ അംഗീകരിക്കില്ലെന്ന വസ്‌തുത മനസ്സിലാക്കാം. എന്നാൽ, കോൺഗ്രസുകാർ അതിന്‌ തയ്യാറാകാത്തത്‌ ദൗർഭാഗ്യകരമാണെന്നും ആനന്ദ്‌ ശർമ പരിഹസിച്ചു.

ആത്മപരിശോധനയിലൂടെ വീഴ്‌ചകൾ കണ്ടെത്തി പരിഹരിക്കുന്നത്‌ നല്ലതാണെങ്കിലും അതിനെ ശത്രുക്കളുടെ കൈയിലെ ആയുധമാക്കരുതെന്നാണ്‌ ശശി തരൂരിന്റെ ഉപദേശം. കോൺഗ്രസിന്റെ ദയനീയാവസ്ഥയ്‌ക്ക്‌ കാരണം രണ്ടാം യുപിഎ സർക്കാരിന്റെ വൻവീഴ്‌ചകളാണെന്ന്‌ യുവ എംപി രാജീവ്‌ സത്‌വയാണ് എംപിമാരുടെ യോ​ഗത്തില്‍ തുറന്നടിച്ചത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top