20 June Sunday

ട്രെയിൻ സർവീസും‌ വിൽപ്പനയ്‌ക്ക്‌ ; റെയിൽ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

ന്യൂഡൽഹി
കോവിഡ്‌ പ്രതിസന്ധിക്കിടെ രാജ്യത്തെ ട്രെയിൻ സർവീസും വിൽപ്പനയ്‌ക്ക് വച്ച്‌ കേന്ദ്രസർക്കാർ‌. റെയിൽവേ സ്വകാര്യവൽക്കരണത്തിന്‌ വേഗംകൂട്ടി  109 റൂട്ടിലായി 151 യാത്രാ ട്രെയിൻ  സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിക്ക്‌ റെയിൽ മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. റെയിൽവേ ശൃംഖലയിലെ 12 ക്ലസ്റ്ററുകളിൽ 16 കോച്ചുള്ള സ്വകാര്യ ട്രെയിനുകളാണ്‌ സർവീസ്‌ നടത്തുക. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ സ്വകാര്യ പാസഞ്ചർ ട്രെയിനുകൾക്ക്‌ സർവീസ്‌ നടത്താൻ അനുവാദം നൽകുന്നതെന്ന്‌ റെയിൽവേ പ്രസ്‌താവനയിൽ പറഞ്ഞു. 

പദ്ധതിയിലൂടെ 30,000 കോടി രൂപയുടെ സ്വകാര്യനിക്ഷേപമാണ്‌ പ്രതീക്ഷിക്കുന്നത്‌. ഭൂരിപക്ഷം ട്രെയിനുകളും മേക്‌ ഇൻ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത്‌ നിർമിക്കും. ഇവയുടെ പ്രവർത്തനം, പരിപാലനം തുടങ്ങിയ ചുമതലകൾ സ്വകാര്യ കമ്പനികൾക്കാണ്‌. 35 വർഷ കാലാവധിയിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. കമ്പനികൾ റെയിൽവേക്ക്‌ വാടക, ഊർജ ഉപഭോഗം, മൊത്തം വരുമാനത്തിന്റെ ഒരു വിഹിതം എന്നിവയടക്കം നിശ്ചിത തുക നൽകും. ഇന്ത്യൻ റെയിൽവേയുടെ ജീവനക്കാരാണ്‌ ട്രെയിനുകൾ സർവീസ് നടത്തുക. ടിക്കറ്റ് നിരക്ക്‌ സ്വകാര്യ ഓപ്പറേറ്റർമാർ നിശ്ചയിക്കും. പദ്ധതി 2023–25ഓടെ തുടങ്ങും. ഒരു സ്വകാര്യ ഓപ്പറേറ്റർക്ക്‌  12 മുതൽ 30 ട്രെയിനുകൾ സർവീസ്‌ നടത്താം. 

ഡൽഹി–-ലഖ്‌നൗ തേജസ്‌ ട്രെയിനാണ്‌ ആദ്യമായി‌ റെയിൽവേ നേരിട്ടല്ലാതെ സർവീസ്‌ നടത്തിയത്‌. ഐആർസിടിസിയുടെ മേൽനോട്ടത്തിലാണ്‌ സ്വകാര്യ ട്രെയിൻ സർവീസ്‌ നടത്തുന്നത്‌.  വൻകിട കമ്പനികൾക്ക്‌  ട്രെയിനുകളും സ്‌റ്റേഷനുകളും ബ്രാൻഡ്‌ ചെയ്യാനും ശുചീകരിക്കാനും ഉപയോഗിക്കാം. ഈ കമ്പനികളുടെ പേരും ലോഗോയും പ്രദർശിപ്പിക്കാൻ അനുവദിക്കും. സന്നദ്ധ സംഘടനകൾക്ക്‌ ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ അനുമതി നൽകും.


 

സ്വകാര്യവൽക്കരണം കോർപറേറ്റ്‌ പാദസേവ: പിബി
ന്യൂഡൽഹി
ട്രെയിൻ സർവീസുകൾ സ്വകാര്യവൽക്കരിക്കാനുള്ള മോഡിസർക്കാരിന്റെ തീരുമാനം കോർപറേറ്റുകൾക്ക്‌ പാദസേവ ചെയ്യലാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. യാത്രാട്രെയിനുകൾ അടക്കം സ്വകാര്യവൽക്കരിക്കുന്നത്‌ പ്രതിഷേധാർഹമാണ്‌. രാജ്യചരിത്രത്തിൽ ആദ്യമായാണ്‌ ഇത്തരം നടപടി. നൂറ്റാണ്ടുകളായി കെട്ടിപ്പടുത്ത റെയിൽ ശൃംഖലയും ട്രെയിൻ സർവീസുകളും സ്വകാര്യനിക്ഷേപകർ കൊള്ളലാഭത്തിനായി ഉപയോഗപ്പെടുത്തും.

രാജ്യത്തെ ഒന്നിപ്പിക്കുകയും  കോടിക്കണക്കിനു പേർക്ക്‌ പൊതുഗതാഗതസൗകര്യം നൽകുകയും ചെയ്യുന്ന ഏറ്റവും പ്രധാന ശൃംഖലയാണ്‌ റെയിൽവേ. കോടിക്കണക്കിനുപേരുടെ ജീവിതം റെയിൽവേയെ ആശ്രയിച്ചാണ്‌. സ്വകാര്യവൽക്കരണം സ്വാശ്രയ സമ്പദ്‌ഘടനയുടെ അടിത്തറ തകർക്കും. സ്വകാര്യവൽക്കരണം വഴി തൊഴിലവസരം വർധിക്കുമെന്ന വാദം ‌ ശരിയല്ല. സ്വകാര്യവൽക്കരണം വൻതോതിൽ തൊഴിൽനഷ്ടം ഉണ്ടാക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. പൊതുഗതാഗത സ്വകാര്യവൽക്കരണം ജനങ്ങളിൽ എത്രമാത്രം ബുദ്ധിമുട്ട്‌ സൃഷ്ടിച്ചിട്ടുണ്ടെന്ന രാജ്യാന്തരഅനുഭവങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും തയ്യാറാകുന്നില്ല. ഇന്ത്യൻ റെയിൽവേ പൊതുജന സേവന വിഭാഗമാണ്‌. ലാഭം കൊയ്യാനുള്ള സംരംഭമല്ല.

രാജ്യവും ജനങ്ങളും കോവിഡ്‌ മഹാമാരിയെ പ്രതിരോധിക്കാൻ  പോരാട്ടം നടത്തുന്ന ഘട്ടത്തിലാണ്‌ ഈ തീരുമാനം. അന്തർദേശീയതലത്തിലും  രാജ്യത്തും ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ എത്രത്തോളം പ്രതികൂലമായി ബാധിച്ചുവെന്ന്‌ നാം കണ്ടറിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം എന്നിവ പൊതുസേവന വിഭാഗങ്ങളായി ശക്തിപ്പെടുത്തണമെന്നും  തീരുമാനത്തിൽനിന്ന്‌ പിന്തിരിയണമെന്നും കേന്ദ്രസർക്കാരിനോട്‌ പിബി ആവശ്യപ്പെട്ടു.

രാജ്യദ്രോഹം:- സിഐടിയു
മോഡി സർക്കാരിന്റെ റെയിൽവേ സർവീസ്‌ സ്വകാര്യവൽക്കരണം രാജ്യദ്രോഹ നടപടിയാണെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. ട്രെയിനുകളുടെ അറ്റകുറ്റപ്പണി, സിഗ്‌നലിങ്, ഇലക്‌ട്രിക്‌ ജോലികൾ, ചരക്കു ഗതാഗാതം എന്നിവയിൽ ബിജെപി സർക്കാർ 100 ശതമാനം വിദേശ നിക്ഷേപം നടപ്പാക്കി. വികസന പ്രവർത്തനമെന്നപേരിൽ റെയിൽവേ സ്‌റ്റേഷനുകളും വിശാലമായ വസ്‌തുവും കോർപറേറ്റുകൾക്ക്‌ കൈമാറുന്നു.  

ട്രെയിൻയാത്ര സാധാരണക്കാരന്‌ താങ്ങാനാകാത്ത ബാധ്യതയാകും. റെയിൽവേയുടെ നിർമാണ കേന്ദ്രങ്ങൾ, വർക്ക്‌ഷോപ്പുകൾ, അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന തൊഴിൽനഷ്‌ടം സ്വകാര്യ ഓപ്പറേറ്റർമാർ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളേക്കാൾ പലമടങ്ങാകും. സ്ഥിരം ജോലി, മാന്യമായ വേതനം, സാമൂഹ്യ സുരക്ഷ എന്നിവ പുതുതായി ഉണ്ടാകുന്ന തൊഴിലവസരങ്ങളിൽ അന്യമാകും.

ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ റെയിൽവേ ജീവനക്കാരുടെ എല്ലാ യൂണിയനുകളും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന്‌ സിഐടിയു ആഹ്വാനം ചെയ്‌തു. കൽക്കരി തൊഴിലാളികളുടെ ത്രിദിന പണിമുടക്ക്‌ തുടരുകയാണെന്നും‌ സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top