14 August Friday

മധ്യപ്രദേശ്‌ മന്ത്രിസഭയിൽ സിന്ധ്യക്ക്‌ ആധിപത്യം ; ബിജെപിയിൽ അതൃപ്‌തി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ഭോപാൽ
മധ്യപ്രദേശിൽ 28 പേരെക്കൂടി ഉൾപ്പെടുത്തി ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. വ്യാഴാഴ്‌ച പകൽ 11 ന്‌ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മധ്യപ്രദേശിന്റെ  ചുമതലകൂടിയുള്ള ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവരാജ്‌ സിങ്‌ ചൗഹാൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരിൽ 12 പേരും  ജോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസിൽനിന്ന്‌ ചേക്കേറിയവരാണ്‌‌. ജ്യോതിരാദിത്യയുടെ അച്ഛൻ മാധവറാവു സിന്ധ്യയുടെ സഹോദരി യശോധര രാജെ സിന്ധ്യയും പുതിയതായി സത്യപ്രതിജ്ഞ ചെയ്‌തവരുടെ കൂട്ടത്തിലുണ്ട്‌. ഇവർ 2013 –-18ൽ ശിവരാജ്‌സിങ്‌ ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും അംഗമായിരുന്നു.

കോൺഗ്രസ്‌ ഭരണത്തിലുണ്ടായിരുന്ന മധ്യപ്രദേശിൽ കുതിരക്കച്ചവടത്തിലൂടെയാണ്‌ ബിജെപി അധികാരത്തിലെത്തിയത്‌. സർക്കാരുണ്ടാക്കാൻ ബിജെപിയെ സഹായിച്ച സിന്ധ്യക്കൊപ്പമുള്ളവർക്ക്‌ പ്രാധാന്യം നൽകിയാണ്‌ മന്ത്രിസഭാ വികസനം. അതിനാൽ ബിജെപിയിൽനിന്ന്‌ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പലരും പുറത്തായി. സംസ്ഥാനത്തെ പല മുതിർന്ന നേതാക്കളെയും തഴഞ്ഞാണ് കോൺഗ്രസിൽ നിന്നെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്.  ബിജെപി നേതാക്കളിൽ പലരും ഇതില്‍ വലിയ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്‌. ദിവസങ്ങൾ നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ്‌ മന്ത്രിസഭാ വികസനം‌.

മാര്‍ച്ച് 23നാണ് ശിവരാജ് സിങ്‌ ചൗഹാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്‌. കോവിഡ് പ്രതിസന്ധിക്കിടയിലും  ഒരു മാസം ഒറ്റയാൾ മന്ത്രിസഭയായിരുന്നു. വലിയവിമര്‍ശനം ഉയര്‍ത്തിയതോടെ ചൗഹാന്‍ ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം ഏപ്രില്‍ 21ന് നടത്തുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top