20 July Saturday

‘ഞങ്ങൾ ഷാവേസിനൊപ്പമാണ‌്‌, ഞങ്ങൾ മഡൂറോയ്‌ക്കൊപ്പമാണ‌്’

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

കരാക്കസ‌് > സാമ്രാജ്യത്വത്തിന്റെ നിരന്തര അട്ടിമറിനീക്കങ്ങളിൽ തെല്ലും പതറാതെ വെനസ്വേലൻ ജനത മെയ‌്ദിനാഘോഷം അവിസ്മരണീയമാക്കി. തലേദിവസം അട്ടിമറി ശ്രമമുണ്ടായ രാജ്യത്തെ ജനങ്ങൾ തന്നെയാണോ ഇത്രയും ആവേശപൂർവം തെരുവിലിറങ്ങിയതെന്ന‌് പാശ്ചാത്യമാധ്യമങ്ങൾ ശങ്കിച്ചു. പ്രതിപക്ഷത്തിന്റെ കലാപനീക്കങ്ങളെ അവർ മഹത്വവത്‌ക്കരിച്ചിട്ടും വെനസ്വേലൻ തൊഴിലാളിവർഗത്തിന്റെ പ്രഖ്യാപനം ലോകം കേട്ടു–- ‘ഞങ്ങൾ ഷാവേസിനൊപ്പമാണ‌്. ഞങ്ങൾ മഡൂറോക്കൊപ്പമാണ‌്’.

ഹ്യൂഗോ ഷാവേസിന്റെ ബൊളിവാറിയൻ വിപ്ലവപാതയിൽ രാജ്യത്തെ നയിക്കുന്ന നിക്കോളസ‌് മഡൂറോക്ക‌് പിന്തുണയുമായി പതിനായിരങ്ങൾ കരാക്കസിൽ തടിച്ചുകൂടി. മിറാഫ‌്ളോറസ‌് കൊട്ടാരത്തിനുമുന്നിൽ അവർ മുദ്രാവാക്യം മുഴക്കിയും പാട്ടുകൾ പാടിയും കലാപാരിപാടികൾ അവതരിപ്പിച്ചും മെയ‌്ദിനം ആഘോഷിച്ചു. പ്രസിഡന്റ‌് നിക്കോളസ‌് മഡൂറോ ഉൾപ്പെടെയുള്ള നേതാക്കൾ റാലിയെ അഭിവാദ്യംചെയ‌്തു.

‘ലോകമാധ്യമങ്ങൾ മഡൂറോയുടെ ഭരണത്തെ മോശമായി ചിത്രീകരിക്കാനാണ‌് ശ്രമിക്കുന്നത‌്. എന്നാൽ, പ്രതിപക്ഷം അതിക്രൂരമായി  അട്ടിമറിക്ക‌് ശ്രമിച്ചപ്പോഴും സംയമനത്തോടെയാണ‌് വെനസ്വേലൻ സർക്കാർ ഇടപ്പെട്ടത‌്. ഇത‌് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾക്ക‌് വിപരീതമാണ‌്’–- ബ്രസീലിയൻ തൊഴിലാളി സംഘടനാ നേതാവ‌് വാൾട്ടൾ പോമർ പറഞ്ഞു.

ബുധനാഴ്ചയാണ‌് പ്രതിപക്ഷനേതാവ‌് സൈനിക സഹായത്തോടെ അട്ടിമറിക്ക‌് ശ്രമിച്ചത‌്. എന്നാൽ, ഈ ശ്രമം വിജയിച്ചില്ല. ഇതിനെത്തുടർന്ന‌് ജുവാൻ ഗുഅയ‌്ഡോയുടെ അനുയായികൾ കരാക്കസിൽ തടിച്ചുകൂടി. മെയ‌്ദിനത്തിലും പ്രതിപക്ഷ കലാപകാരികൾ ആക്രമണത്തിന‌് ശ്രമിച്ച‌് നിരന്തരം പ്രകോപനം സൃഷ്ടിച്ചു. നിരവധിയിടങ്ങളിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ചിലയിടങ്ങളിൽ മെയ‌്ദിനറാലി നടത്തിയ തൊഴിലാളികൾക്കുനേരെയും ഇവർ ആക്രമണത്തിന‌് ശ്രമിച്ചു.


പ്രധാന വാർത്തകൾ
 Top