23 August Friday

ആന്ധ്രപ്രദേശിൽ പരസ്പരം ചെളിയെറിഞ്ഞ് നായിഡുവും ജഗനും

വി ജയിൻUpdated: Wednesday Apr 3, 2019

വിശാഖപട്ടണം
ലോക‌്സഭാ–-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച‌ുനടക്കുന്ന ആന്ധ്രപ്രദേശിൽ പ്രചാരണം കൊടുമ്പിരികൊള്ളുമ്പോൾ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വൈഎസ‌്ആർ കോൺഗ്രസ‌് നേതാവ‌് ജഗൻമോഹനും പരസ‌്പരം ചെളിവാരിയെറിയുന്നു. എന്നാൽ, പവൻ കല്യാൺ നയിക്കുന്ന ജെഎസ‌്പി–-ഇടത‌്–-ബിഎസ‌്പി മുന്നണിയാകട്ടെ ദേശീയ രാഷ‌്ട്രീയ പ്രശ‌്നങ്ങളും ആന്ധ്രപ്രദേശിന്റെ ജനകീയ പ്രശ‌്നങ്ങളുമാണ‌് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത‌്.

തെലങ്കാന മുഖ്യമന്ത്രിയും ടി ആർ എസ‌് നേതാവുമായ ചന്ദ്രശേഖരറാവുവുമായി ചേർന്ന‌് ആന്ധ്രപ്രദേശിന്റെ ഭാവി തകർക്കാനാണ‌് ജഗൻമോഹൻ ശ്രമിക്കുന്നതെന്ന ആരോപണമാണ‌് നായിഡു ഉന്നയിക്കുന്നത‌്. സ്വന്തമായി തുറമുഖമില്ലാത്ത തെലങ്കാനയ‌്ക്ക‌് തുറമഖമുണ്ടാക്കാൻ സഹായിക്കാമെന്ന‌് ജഗൻ വാഗ‌്ദാനം നൽകിയിട്ടുണ്ടെന്നും അതിനായി കോഴ വാങ്ങി സംസ്ഥാനത്തിനെതിരായി പ്രവർത്തിക്കുകയാണെന്നും നായിഡു ആരോപിക്കുന്നു.

ജെഎ‌സ‌്‌പി–- -ഇടത്- –-ബിഎസ്‌പി സഖ്യം പ്രവർത്തകർ വിശാഖപട്ടണത്ത് നടത്തിയ ബൈക്ക് റാലി

ജെഎ‌സ‌്‌പി–- -ഇടത്- –-ബിഎസ്‌പി സഖ്യം പ്രവർത്തകർ വിശാഖപട്ടണത്ത് നടത്തിയ ബൈക്ക് റാലി

നായിഡു ജനങ്ങൾക്കു  വേണ്ടിയല്ല, സ്വന്തം മകൻ ലോകേഷിനു വേണ്ടിയാണ‌് പ്രവർത്തിക്കുന്നതെന്ന‌് ജഗൻ തിരിച്ചടിച്ചു. നാട്ടിലെ ചെറുപ്പക്കാർക്ക‌് തൊഴിലില്ല. നായിഡു മകന‌് തൊഴിൽ കൊടുത്തു–- മന്ത്രിത്തൊഴിൽ. ആന്ധ്രപ്രദേശിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ അന്യനാടുകളിൽ പോയി പണിയെടുക്കുന്നു. സംസ്ഥാനത്താകെ കർഷകർക്കെതിരായ നിലപാടെടുക്കുന്ന നായിഡുവിന്റെ 3000 രൂപ പിച്ചക്കാശ‌് വാങ്ങി വോട്ടുചെയ്യരുതെന്നും ജഗൻ ജനങ്ങളോട‌് അഭ്യർഥിച്ചു.
കാർഷിക മേഖലയിലെ തകർച്ച, വൻതോതിലുള്ള കൃഷിഭൂമിയുടെ വാണിജ്യവൽക്കരണം, തൊഴിലില്ലായ്മ, പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ച, രായലസീമയുടെ വികസനമില്ലായ്മയും ജലക്ഷാമവും, വിശാഖപട്ടണം വ്യവസായമേഖലയുടെ പ്രശ്നങ്ങൾ, പൊലാവരം ജലപദ്ധതിയുടെ സ്തംഭനം തുടങ്ങി സംസ്ഥാനത്തിന്റെ സുപ്രധാന വിഷയങ്ങൾ ചർച്ചയാക്കുന്നതും ബദൽ മുന്നോട്ടുവയ‌്ക്കുന്നതും ജെഎസ‌്‌പി–--ഇടത്-–--ബിഎസ‌്‌പി മുന്നണിയാണ്.

അവസാനഘട്ടം തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ തിരക്കിട്ട പരിപാടികളാണ‌് ആന്ധ്രപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത‌്. ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ‌് കെജ‌്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ പങ്കെടുപ്പിച്ച‌് വിശാഖപട്ടണത്ത‌് ഞായറാഴ‌്ച റാലി നടത്തി. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി വിജയവാഡയിൽ റാലിയെ അഭിസംബോധന ചെയ‌്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിവിധ തെരഞ്ഞെടുപ്പ‌് പ്രചാരണയോഗങ്ങളിൽ സംസാരിച്ചു. പവൻ കല്യാൺ ഞായറാഴ‌്ച ശ്രീകാകുളം ജില്ലയിലാണ‌് പര്യടനം നടത്തിയത‌്.

ആന്ധ്രപ്രദേശിന‌് നൽകാമെന്നു പറഞ്ഞ പ്രത്യേക സംസ്ഥാന പദവി നിഷേധിച്ച ബിജെപി സർക്കാരിനെതിരായ ശക്തമായ വികാരമുയർത്താൻ ചന്ദ്രബാബുനായിഡു ശ്രമിക്കുന്നുണ്ട‌്. ആന്ധ്രയുടെ വികസനത്തിന‌് തടസ്സം ചന്ദ്രബാബു നായിഡുവാണെന്ന നരേന്ദ്ര മോഡിയുടെ പരാമർശത്തെ പിന്തുണയ‌്ക്കുകയാണ‌് ജഗൻമോഹൻ. സംസ്ഥാനത്തിന‌ു ലഭിക്കേണ്ടിയിരുന്ന പല പദ്ധതികളും മുഖ്യമന്ത്രിയുടെ പിടിപ്പുകേട‌ുകൊണ്ട‌് നഷ്ടപ്പെട്ടുവെന്ന‌് ജഗൻ പറഞ്ഞു.
ചന്ദ്രശേഖരറാവുവുമൊത്ത‌് ആന്ധ്രപ്രദേശിനെ തകർക്കാനാണ‌് ജഗൻമോഹൻ ശ്രമിക്കുന്നതെന്ന നായിഡുവിന്റെ പരാമർശം ചില ഫലങ്ങളുണ്ടാക്കി. തെലങ്കാന മുഖ്യമന്ത്രി ആന്ധ്രപ്രദേശിൽ ജഗനുവേണ്ടി നടത്താമെന്ന‌് സമ്മതിച്ച തെരഞ്ഞെടുപ്പ‌് പ്രചാരണ പരിപാടികളിൽനിന്ന‌് പിൻവാങ്ങി. താൻ പങ്കെടുത്താൽ അതുംപറഞ്ഞ‌് നായിഡു നേട്ടമുണ്ടാക്കുമെന്നാണ‌് ചന്ദ്രശേഖരറാവുവിന്റെ വിശദീകരണം.


പ്രധാന വാർത്തകൾ
 Top