14 August Friday

നെയ്‌വേലി ലിഗ്‌നൈറ്റിൽ സ്‌ഫോടനം ; 6 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ചെന്നൈ
കേന്ദ്ര സർക്കാരിനു കീഴിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ താപവൈദ്യുതി നിലയത്തിൽ വൻ സ്‌ഫോടനം. ആറു പേർ മരിച്ചു. 17 പേർക്ക്‌ പൊള്ളലേറ്റു. പരിക്കേറ്റവരിൽ മിക്കവരുടെയും നില ഗുരുതരമാണ്‌. ഇവരെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. ചില തൊഴിലാളികൾ അപകടം നടന്ന പ്ലാന്റിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന്‌ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവരെല്ലാം 25നും 42നുമിടയിൽ പ്രായമുള്ളവരാണ്‌. എല്ലാവരും കരാർ തൊഴിലാളികളും. പലർക്കും 40 ശതമാനത്തിലധികം പൊള്ളലുണ്ട്‌. 

ബുധനാഴ്‌ച രാവിലെ ഒമ്പതോടുകൂടിയായിരുന്നു സ്‌ഫോടനം. രണ്ടാം തെര്‍മലിലെ അഞ്ചാം ബോയിലറിലാണ് അപകടമുണ്ടായത്‌. ബോയിലർ പ്രവർത്തിക്കുന്നില്ലായിരുന്നെന്നും അപകടം എങ്ങനെ സംഭവിച്ചെന്ന്‌ അന്വേഷിക്കുമെന്നും പ്ലാന്റിന്റെ ഡയറക്ടർമാരിൽ ഒരാളായ ആർ വിക്രമൻ പറഞ്ഞു.  രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണ്‌. മേയിലുണ്ടായ അപകടത്തിൽ എട്ടു പേർക്ക്‌ പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന്‌ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

രക്ഷാപ്രവർത്തനത്തിനായി സിഐഎസ്‌എഫ്‌ രംഗത്തിറങ്ങി. ആഭ്യന്തര മന്ത്രി അമിത്‌ ഷാ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ഫോണിൽ അപകടവിവരങ്ങൾ അന്വേഷിച്ചു. മരിച്ചവരുടെ കുടുംബത്തിന്‌ മൂന്നു ലക്ഷം വീതവും ഗുരുതരമായി പരിക്കേറ്റവർക്ക്‌ ഒരു ലക്ഷവും ചെറിയ പരിക്കുള്ളവർക്ക്‌ 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top