28 January Tuesday

കോൺഗ്രസിനെ ഉലച്ച‌് കർണാടകത്തിൽ രാജി ; രാജിവച്ചത‌് രണ്ട‌് എംഎൽഎമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


ബംഗളൂരു
കോൺഗ്രസ‌് നേതൃത്വത്തെ ഞെട്ടിച്ച‌് കർണാടകത്തിൽ രണ്ട‌് എംഎൽഎമാർ രാജിവച്ചു. നേരത്തെ വിമതസ്വരം ഉയർത്തിയ വിജയനഗര എംഎൽഎ ആനന്ദ‌്സിങ്ങും മുൻ മന്ത്രിയും ഗോകക‌് എംഎൽഎയുമായ രമേഷ‌് ജർക്കിഹോളിയുമാണ‌് തിങ്കളാഴ‌്ച രാജിക്കത്ത‌് സമർപ്പിച്ചത‌്.

രാവിലെ ആനന്ദ‌് സിങ് ഗവർണർ വാജുഭായ‌് വാലയ‌്ക്ക‌് നേരിട്ടും രമേഷ‌് ജർക്കിഹോളി വൈകീട്ട‌് സ‌്പീക്കർക്ക‌്  ഫാക‌്സ‌് മുഖേനയുമാണ‌് രാജി നൽകിയത‌്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോൺഗ്രസ‌്–- ജെഡിഎസ‌്  സഖ്യസർക്കാരിന്റെ നിലനിൽപ്പ‌് ഇതോടെ ഭീഷണിയിലായി. കോൺഗ്രസ‌ിൽ വീണ്ടും  കലാപക്കൊടി ഉയർന്നതോടെ  മന്ത്രിസഭാ രൂപീകരണത്തിനുള്ള ചരടുവലി ബിജെപി ശക്തമാക്കി.

നേരത്തെ ബെല്ലാരിയിൽ 3,667 ഏക്കർ  കുമാരസ്വാമി സർക്കാർ ജിൻഡാൽ സൗത്ത‌് വെസ‌്റ്റ‌് ഹോൾഡിങ് എന്ന സ്വകാര്യ സ്റ്റീൽ കമ്പനിക്ക് നൽകിയതിൽ പ്രതിഷേധിച്ചാണ‌് രാജിയെന്നാണ‌് ആനന്ദ് സിങ്ങിന്റെ വിശദീകരണം. നിരന്തരം രാജിഭീഷണി ഉയർത്തി സർക്കാരിന‌് വെല്ലുവിളി ഉയർത്തിയ ആളാണ‌് രമേഷ‌് ജർക്കിഹോളി.

വീണ്ടും ഓപ്പറേഷൻ കമലയിലൂടെ കോൺഗ്രസ‌്–- ജെഡി എസ‌് സഖ്യ സർക്കാരിനെ വീഴ‌്ത്താനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ‌് വിമതരുടെ രാജിക്കുപിന്നിലെന്നും സംശയിക്കുന്നുണ്ട‌്. മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമി സ്വകാര്യസന്ദർശനത്തിനായി അമേരിക്കയിൽ പോയ സമയത്താണ‌് രാജിയെന്നതും ശ്രദ്ധേയം. ഈ മാസം എട്ടിനേ കുമാരസ്വാമി തിരിച്ചെത്തൂ. ഈയിടെ നടത്തിയ പുനഃസംഘടനയിൽ  മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ അതൃപ‌്തിയിലായിരുന്നു രാജിവച്ചവർ.

കർണാടകത്തിൽ സർക്കാർരൂപീകരിക്കാമെന്നത‌് ബിജെപിയുടെ ദിവാസ്വപ‌്നം മാത്രമാണെന്ന‌് എച്ച‌് ഡി കുമാരസ്വാമി പ്രതികരിച്ചു. സഖ്യസർക്കാരിനെ വീഴ‌്ത്താൻ ശ്രമിക്കില്ലെന്നും അതേസമയം  വീണാൽ പുതിയ ഗവൺമെന്റ‌് രൂപീകരിക്കാൻ ശ്രമിക്കുമെന്ന‌ും മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ‌് യദ്യൂരപ്പ പ്രതികരിച്ചു. 

എംഎൽഎമാരുടെ രാജി ഞെട്ടിച്ചെന്ന‌് കോൺഗ്രസ‌് നേതാവ‌് ഡി കെ ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയം ചർച്ചചെയ‌്തെന്നും സഖ്യസർക്കാരിന‌് നിലവിൽ ഭീഷണിയില്ലെന്നും ശിവകുമാർ സൂചിപ്പിച്ചു. കർണാടകത്തിൽ ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ് 78, ജെഡിഎസ് 37, ബിജെപി 104, ബിഎസ്‍പി 1, മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് കക്ഷിനില. കേവലഭൂരിപക്ഷത്തിന‌് 112 സീറ്റുകൾ വേണം.

നേരത്തെ തട്ടിക്കൂട്ടി ആൾബലം തികച്ച് അധികാരത്തിലേറിയ ബിജെപി സർക്കാരിന് പക്ഷേ ഒരു ദിവസത്തെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. സർക്കാരിനെ താഴെയിറക്കി  കോൺഗ്രസ് –-ജെഡിഎസ‌് സഖ്യസർക്കാർ അധികാരത്തിലേറി. എന്നാൽ, കഴിഞ്ഞ ലോക‌്‌സഭാ തിരഞ്ഞെടുപ്പിൽ  കനത്ത പരാജയം നേരിട്ടതോടെ കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യത്തിൽ അതൃപ‌്തി പുകയാൻ തുടങ്ങി .   രാജി വച്ച വിവരം ധരിപ്പിക്കാൻ ഗവർണർ വാജുഭായ് വാലയെ കാണുമെന്നും ആനന്ദ് സിങ‌് അറിയിച്ചു.

കോൺഗ്രസിലെ മരവിപ്പ‌് മുതലാക്കാൻ ബിജെപി
ബംഗളൂരു
തെരഞ്ഞെടുപ്പുതോൽവിയെ തുടർന്ന‌് കോൺഗ്രസ‌് നേതൃത്വത്തിലുണ്ടായ മരവിപ്പ‌് കേന്ദ്ര ഭരണമുപയോഗിച്ച‌് മുതലെടുക്കാനുള്ള ശ്രമത്തിലാണ‌് ബിജെപി. രാഹുൽ ഗാന്ധി സജീവമല്ലാതായതോടെ കോൺഗ്രസിന് നേതൃത്വം ഇല്ലാതായി. പ്രസിഡന്റിനെയും വൈസ‌്പ്രസിഡന്റിനെയും മാത്രം നിലനിർത്തി കർണാടക പിസിസി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ‌് കർണാടകത്തിന്റെ ചുമതല. തെരഞ്ഞെടുപ്പുതോൽവിക്ക‌് ഉത്തരവാദി വേണുഗോപാലാണെന്ന ആരോപണം ശക്തമാണ‌്. ബിജെപി കേന്ദ്രനേതൃത്വം കർണാടകത്തിലെ അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ‌്.

ഏതുവിധേനയും ഭരണം പിടിക്കണമെന്ന ബിജെപി അധ്യക്ഷൻ അമിത‌് ഷായുടെ നിർദേശം നടപ്പാക്കാനുള്ള നീക്കത്തിലാണ‌് യദ്യൂരപ്പ.
മൂന്നുതവണ എംഎൽഎയായ ആനന്ദ‌് സിങ‌് ബിജെപി നേതാക്കളുമായി അടുപ്പത്തിലാണ‌്. കോൺഗ്രസിലെ കൂടുതൽ അസംതൃപ‌്തർ ബിജെപി ക്യാമ്പ‌് ലക്ഷ്യമിടുന്നതായാണ‌് സൂചന. എംഎൽഎമാരുടെ രാജിയോടെ സർക്കാരിന‌് ഭീഷണി ഉയരുമെന്ന‌് ബിജെപി നേതാവ‌് ആർ അശോകും പ്രതികരിച്ചു.

കോൺഗ്രസിലെയും ദളിലെയും 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ അവകാശപ്പെട്ടിരുന്നത്. എംഎൽഎമാരെ റാഞ്ചിയെടുത്ത‌് റിസോർട്ടിൽ താമസിപ്പിച്ച‌് ഭരണം പിടിക്കാനുള്ള നീക്കം അവസാന നിമിഷം പാളുകയായിരുന്നു. ബിജെപിയുടെ നീക്കത്തിന‌് തടയിടാനായി കോൺഗ്രസ‌് എംഎൽഎമാരെ ബംഗളൂരുവിനു സമീപത്തെ റിസോർട്ടിൽ കനത്ത ബന്ദവസിൽ താമസിപ്പിച്ചു. ഇവിടത്തെ വാസത്തിനിടെ കോൺഗ്രസ‌് എംഎൽഎ ജിഎൻ ഗണേഷ‌് ആനന്ദ‌് സിങ്ങിനെ മദ്യക്കുപ്പികൊണ്ട‌് അടിച്ചുപരിക്കേൽപ്പിച്ചിരുന്നു. സിങ്ങിനെ പിന്നീട‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രധാന വാർത്തകൾ
 Top