06 December Friday

തോൽവിയുടെ ഉത്തരവാദിത്തമേറ്റ‌് മുഖ്യമന്ത്രിമാർ; മനംമാറ്റമില്ലാതെ രാഹുൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019


ന്യൂഡൽഹി
ലോക‌്സഭാതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് കോൺഗ്രസ‌് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ‌്ചയിൽ ഉത്തരവാദിത്തം ഏൽക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക‌് ഗെലോട്ട‌്  പറഞ്ഞു.
പാർടിയിൽ അഴിച്ചുപണിക്ക‌് രാഹുലിന‌് പൂർണ സ്വാതന്ത്ര്യമുണ്ട‌്. ഭാവികാര്യങ്ങൾ രാഹുൽ തീരുമാനിക്കുമെന്ന‌് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ‌്ചയ‌്ക്കു ശേഷം ഗെലോട്ട‌്  പറഞ്ഞു. രാഹുൽ  തുടരണമെന്ന‌് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന‌്  അറിയിച്ചതായാണ‌് വിവരം. ഗെലോട്ടിനെ കൂടാതെ, മുഖ്യമന്ത്രിമാരായ കമൽനാഥ‌് (മധ്യപ്രദേശ‌്), അമരീന്ദർ സിങ‌് (പഞ്ചാബ‌്), ഭൂപേഷ‌് ഭാഗൽ (ഛത്തീസ‌്ഗഢ‌്), വി നാരായൺസ്വാമി (പുതുച്ചേരി) എന്നിവരാണ‌് ചർച്ച നടത്തിയത‌്. രണ്ട‌് മണിക്കൂർ നീണ്ട കൂടിക്കാഴ‌്ചയിൽ തോൽവി സംബന്ധിച്ച‌് എല്ലാ മുഖ്യമന്ത്രിമാരും വിശദീകരണം നൽകി. നിലവിലെ സാഹചര്യത്തിൽ രാഹുലിന‌് മാത്രമാണ‌് പാർടിയെ നയിക്കാനാകുക എന്നാണ‌് അഞ്ച‌് മുഖ്യമന്ത്രിമാരുടെയും വിശ്വാസമെന്ന‌് ഗെലോട്ട‌്  പറഞ്ഞു. 

മുതിർന്ന നേതാക്കൾ പരാജയത്തിന്റെ ഉത്തരവാദിത്തം ഏൽക്കാത്തിൽ രാഹുൽ അതൃപ‌്തനാണെന്നതിനു പിന്നാലെയാ യായിരുന്നു കൂടിക്കാഴ‌്ച. മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചാണ‌് രാഹുൽ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത‌്.  രാഹുൽ  ഉറച്ചുനിന്നതോടെ ഐക്യദാർഢ്യവുമായി നിരവധി നേതാക്കൾ രാജിവച്ചു.

രാഹുലിനെ അനുനയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി കൂട്ടരാജിയും സത്യഗ്രഹസമരവും തുടരുകയാണ‌്. എഐസിസി എസ‌്സി വിഭാഗം അധ്യക്ഷൻ നിതിൻ റാവത്ത‌്, യുപി പിസിസി സെക്രട്ടറി അജയ‌് സരസ്വത‌് എന്നിവർ തിങ്കളാഴ‌്ച രാജിവച്ചു.


പ്രധാന വാർത്തകൾ
 Top