22 August Thursday

റാണയെ തിരുത്തിയ ‘വിശുദ്ധപശു’

എം പ്രശാന്ത്‌Updated: Tuesday Apr 2, 2019

ഷാംലി (ഉത്തർപ്രദേശ‌്) > പടിഞ്ഞാറൻ യുപിയിൽ ഷാംലിയോട‌് ചേർന്നുള്ള ഖേഡി കർ ഗ്രാമത്തിലാണ‌് സംഘപരിവാറിന്റെ സജീവ പ്രവർത്തകനായിരുന്ന തേജ‌്പാൽ റാണയുടെ കൃഷിയിടം. റാണയ‌്ക്കും മൂന്ന‌് സഹോദരങ്ങൾക്കുമായി 80 ഏക്കർ നിലം. കരിമ്പാണ‌് മുഖ്യകൃഷി. ഇടവിളകളായി ഗോതമ്പും കടുകും ജാവുമൊക്കെയുണ്ട‌്. പത്തേക്കറിൽ മാന്തോപ്പാണ‌്. കൃഷിയിടത്തെ ജലസമൃദ്ധമാക്കി കിഴക്കൻ യമുനാ കനാൽ തൊട്ടുചേർന്നൊഴുകുന്നു. കൃഷിയിൽനിന്ന‌് ഓരോ വർഷവും ലക്ഷങ്ങൾ വരുമാനം. സമ്പന്നമായ ഈ കാർഷികജീവിതം 2017ൽ ആദിത്യനാഥ‌് സർക്കാർ അധികാരത്തിൽ വന്നതോടെ തകിടം മറിഞ്ഞു. റാണയുടെ രാഷ്ട്രീയ നിലപാടുകളിലും ഇതോടെ മാറ്റം വന്നു.

ആർഎസ‌്എസുമായുള്ള റാണയുടെ ബന്ധത്തിന‌് നാലുദശകം പഴക്കമുണ്ട‌്. 1978ൽ ശാഖയിൽ പോയി തുടങ്ങിയതാണ‌്. രണ്ടുവട്ടം ബിജെപിയുടെ ഷാംലി മണ്ഡലം അധ്യക്ഷനായിരുന്നു. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സജീവമായി പ്രവർത്തിച്ചു. എന്നാൽ സംഘപരിവാറുമായുള്ള എല്ലാ ബന്ധവും കഴിഞ്ഞവർഷം അവസാനിപ്പിച്ചു. കാരണം വിചിത്രമാണ‌്. സംഘപരിവാറിന്റെ ‘വിശുദ്ധപശു’വാണ‌് റാണയെ ബിജെപിയിൽനിന്ന‌് അകറ്റിയത‌്.
ഉടമസ്ഥരാൽ ഉപേക്ഷിക്കപ്പെട്ട‌് അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉത്തരേന്ത്യയിലെ കർഷകർ അഭിമുഖീകരിക്കുന്ന വലിയ പ്രശ‌്നമായി മാറിക്കഴിഞ്ഞു. റാണയുടെ കൃഷിയിടത്തിൽ എത്തിയപ്പോൾ അത‌് ബോധ്യപ്പെട്ടു. ഏക്കർ കണക്കിന‌് പാടത്തെ ഗോതമ്പുവിളയാകെ കാലികൾ തിന്നുനശിപ്പിച്ചിരിക്കുന്നു. പാടത്തിന‌് ചുറ്റും മുള്ളുവേലി കെട്ടിയിട്ടുണ്ട‌്. എന്നാൽ പലയിടത്തും കാളകൾ കൊമ്പുകൊണ്ട‌് വേലിക്കലുകൾ കുത്തിയിളക്കി മാറ്റിയിരിക്കുന്നു. വിള സംരക്ഷിക്കുന്നതിന‌് രാത്രിയിൽ ഉടനീളം കർഷകർ കാവലിരിക്കേണ്ട അവസ്ഥ. 

റാണയെ തിരുത്തിയ ‘വിശുദ്ധപശു’
കരിമ്പു രാഷ്ട്രീയം പോലെ
പശുരാഷ്ട്രീയവും യുപിയിലെ
ജനവിധിയിിൽ നിർണായക
മാകും

ഒരു വർഷത്തിനിടെ അഞ്ചുലക്ഷം രൂപയുടെയെങ്കിലും കൃഷിനാശം കാലികൾ കാരണം സംഭവിച്ചിട്ടുണ്ടെന്ന‌് റാണ പറഞ്ഞു. വേലികെട്ടുന്നതിന‌് അറുപതിനായിരത്തോളം രൂപ ചെലവായി. അതും പാഴായ സ്ഥിതിയാണ‌്. ഇത‌് തന്റെ മാത്രം അവസ്ഥയല്ലെന്ന‌് റാണ വിശദീകരിച്ചു. ഷാംലിയിൽ മാത്രം നൂറുകണക്കിന‌് പശുക്കളും കാളകളുമാണ‌് ഉടമസ്ഥർ ഉപേക്ഷിച്ചതിനാൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത‌്. രാത്രിയിൽ ഇവ കൂട്ടത്തോടെ പാടത്തേക്കിറങ്ങി വിളകൾ നശിപ്പിക്കും. കർഷകർ കാലികളെ ഉപദ്രവിച്ചാൽ അപ്പോൾ തന്നെ സംഘപരിവാറിന്റെ ഗോസംരക്ഷണ സേന പൊലീസിനെ അറിയിക്കും. തുടർന്ന‌് കേസും അറസ‌്റ്റുമൊക്കെയാകും. ഷാംലിയിൽ ഗോശാലയുണ്ടെങ്കിലും പരിതാപകരമാണ‌് അവസ്ഥ. കാലികളാൽ നിറഞ്ഞുകഴിഞ്ഞു. തീറ്റയ‌്ക്ക‌് ആവശ്യത്തിന‌് പണം സർക്കാരിൽ നിന്ന‌് കിട്ടുന്നില്ല.

പാടത്തേക്ക‌് ഇറങ്ങിയ കാലികളെ ഓടിക്കാൻ ശ്രമിച്ച രാജ‌്ഗോപാൽ ശർമയെന്ന കർഷകർ കഴിഞ്ഞവർഷം കാളയുടെ കുത്തേറ്റ‌് കൊല്ലപ്പെട്ടു. അധികൃതർ തിരിഞ്ഞുനോക്കിയില്ല. മോഡി സർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ‌് സ്ഥിതി വഷളാക്കിയത‌്. നേരത്തെ കാളകളെയും പശുക്കളെയും വിൽക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ അത‌് സാധ്യമല്ല. വാങ്ങാൻ ആരും തയ്യാറല്ല. കാലികളുമായി വാഹനങ്ങളിൽ പോകുന്നവരെ ഗോസംരക്ഷകർ തടയും.
വാങ്ങാൻ ആളില്ലാത്തതിനാൽ കാളകളെയും പ്രായംചെന്ന പശുക്കളെയും കർഷകർ ഉപേക്ഷിക്കുകയാണ‌്. ഉപേക്ഷിക്കപ്പെടുന്ന കാലികൾക്കായി എല്ലായിടത്തും ഗോശാലകൾ തുടങ്ങുമെന്നായിരുന്നു ബിജെപിയുടെ വാഗ‌്ദാനം. ഒരു നടപടിയുമില്ല. ‘സഹികെട്ടാണ‌് ബിജെപി വിട്ടത‌്. എന്നെ പോലെ നിരവധി കർഷകർ ഇതേ തീരുമാനം എടുത്തിട്ടുണ്ട‌്. യുപിയിലെ കർഷകരാരും ബിജെപിക്ക‌് വോട്ടുചെയ്യില്ല. അക്കാര്യത്തിൽ ജാട്ട‌്–-യാദവ–-മുസ്ലീം–-ദളിത‌് വ്യത്യാസമില്ല’–- റാണ രോഷത്തോടെ പറഞ്ഞു.

യുപിയിൽ 2012ൽ നടത്തിയ കന്നുകാലി സെൻസസ‌് പ്രകാരം ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന പത്തുലക്ഷത്തിലേറെ കാലികളുണ്ട‌്. അടുത്ത സെൻസസിന‌് തുടക്കമായിട്ടുണ്ടെങ്കിലും പൂർത്തീകരിച്ചിട്ടില്ല. എണ്ണം ഇരട്ടിയെങ്കിലുമായി വർധിച്ചിട്ടുണ്ടെന്നാണ‌് വിലയിരുത്തൽ. അഞ്ഞൂറിനടുത്ത‌് ഗോശാലകൾ യുപിയിലുണ്ട‌്. കാലികളുടെ എണ്ണത്തിൽ ഇതെല്ലാം പലമടങ്ങ‌് പരിധി പിന്നിട്ട നിലയിലാണ‌്. 100 കാലികളെ വരെ പാർപ്പിക്കാവുന്ന ഗോശാലകളിൽ 600 ഉം 700 ഉം കാലികളുണ്ട‌്. ഒരു ഘട്ടം കഴിഞ്ഞാൽ ഗോശാലാ അധികൃതർ തന്നെ കാലികളെ പുറത്തേക്ക‌് വിടും. സ്ഥലപരിമിതിയും കാലിത്തീറ്റയ‌്ക്ക‌് പണം കണ്ടെത്തലുമാണ‌് പ്രധാന വെല്ലുവിളി. സർക്കാർ പണം നൽകുന്നുണ്ടെങ്കിലും അതൊന്നിനും തികയില്ലെന്ന‌് ഷാംലിയിൽ ഗോശാല നടത്തുന്ന പ്രതാപ‌് സിങ‌് പറഞ്ഞു. 200 കാലികളെ വരെ പാർപ്പിക്കാവുന്ന ഇവിടെ നിലവിൽ എണ്ണൂറിനടുത്ത്‌ കാലികളുണ്ട്‌. പശുക്കൾ അടക്കമുള്ള കാലികളെ വിൽക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന‌് ബിജെപി അനുഭാവികളായ കർഷകർ പോലും പറഞ്ഞുതുടങ്ങി.


പ്രധാന വാർത്തകൾ
 Top