16 January Saturday

ആരോഗ്യപ്രവർത്തകർക്ക്‌ വേതനം മുടക്കരുത്; കടുപ്പിച്ച് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


ന്യൂഡൽഹി
കോവിഡ്‌ മുന്നണിപ്പോരാളികളായ ഡോക്ടർമാർക്കും നേഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക്‌‌ കൃത്യസമയത്ത്‌ വേതനം ഉറപ്പാക്കണമെന്ന്‌ ആവർത്തിച്ച്‌ സുപ്രീംകോടതി.

സംസ്ഥാനങ്ങൾ ഉത്തരവ്‌ പാലിക്കുന്നില്ലെങ്കിൽ അത്‌ നടപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്ന് ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയെ ഓർമിപ്പിച്ചു. 

ഇക്കാര്യം ജൂൺ 17നാണ് സുപ്രീംകോടതി ആദ്യം നിർദേശിച്ചത്. പിന്നാലെ ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. എന്നാൽ, മഹാരാഷ്ട്ര, പഞ്ചാബ്‌, കർണാടകം, ത്രിപുര സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക്‌ ഇപ്പോഴും വേ​തനം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ്‌ സുപ്രീംകോടതി സ്വരം കടുപ്പിച്ചത്.

അതിഥിത്തൊഴിലാളി സഹായം: സംസ്ഥാനങ്ങൾക്ക്‌ മൂന്നാഴ്‌ച കൂടി
കോവിഡ്‌ കാലത്ത് അതിഥിത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാനായി പുറപ്പെടുവിച്ച മാർഗനിർദേശം നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്‌ സുപ്രീംകോടതി  മൂന്നാഴ്‌ചകൂടി സമയം അനുവദിച്ചു.  തൊഴിലാളികളുടെ കണക്കെടുപ്പ്‌, തൊഴിൽസ്വഭാവം, വൈദഗ്‌ധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കൽ അടക്കമുള്ള നടപടി പൂർത്തിയാക്കി  സത്യവാങ്‌മൂലം നൽകാൻ ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. 15 ദിവസത്തിനുള്ളിൽ എല്ലാ അതിഥിത്തൊഴിലാളികളെയും അവരുടെ നാടുകളിലേക്ക്‌ തിരിച്ചയക്കണമെന്ന്‌ സുപ്രീംകോടതി ജൂൺ ഒമ്പതിന്‌ ഉത്തരവിട്ടിരുന്നു.  മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അതിഥിത്തൊഴിലാളികൾ കുടുങ്ങിക്കിടപ്പുള്ള വസ്‌തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ‌

‘ആരാധനാലയങ്ങള്‍ക്കും ഇളവ് വേണം’
അടച്ചുപൂട്ടലിൽ ഇളവുകൾ അനുവദിക്കുമ്പോൾ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്ന്‌ സുപ്രീംകോടതി. ജാർഖണ്ഡ്‌ ദേവ്‌ഘറിലെ വൈദ്യനാഥക്ഷേത്രത്തിലെ ശ്രാവണിമേളയ്‌ക്ക്‌ കോവിഡ്‌ പശ്ചാത്തലത്തിൽ വിലക്കേർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചാണ് ജസ്റ്റിസ്‌ അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. 

‘രാജ്യംമുഴുവൻ തുറക്കുമ്പോൾ ആരാധനാലയങ്ങൾമാത്രം അടച്ചിടുന്നത്‌ എന്തിന്‌? വിശേഷാവസരങ്ങളിൽ അമ്പലങ്ങളും പള്ളികളും ഗുരുദ്വാരകളും മറ്റും തുറക്കാൻ സംവിധാനം ഉണ്ടാക്കണം’. ജാർഖണ്ഡിൽ അടച്ചിടല്‍ ആഗസ്‌ത്‌ 31 വരെ നീട്ടിയതിനാല്‍ മേളയ്‌ക്ക് അനുമതി നല്കാനാകില്ലെന്ന സര്‍ക്കാര്‍ വിശദീകരണം അം​ഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്‌ ശരിവച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top