23 September Wednesday
ദുരവസ്ഥയ്‌ക്ക്‌ കാരണം രണ്ടാം യുപിഎ സര്‍ക്കാര്‍

വാക്‌പ്പോരിൽ കോണ്‍​ഗ്രസ് നേതാക്കൾ ; നിശ്ശബ്‌‌ദരായി സോണിയയും മൻമോഹൻ സിങ്ങും, രാഹുലിനായും മുറവിളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


ന്യൂഡല്‍ഹി
സോണിയ ഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ്‌ രാജ്യസഭാ അംഗങ്ങളുടെ യോഗത്തിൽ ചേരിതിരിഞ്ഞ്‌ നേതാക്കളുടെ വാക്‌പ്പോര്‌.   യുപിഎ സർക്കാരിൽ മന്ത്രിമാരായിരുന്ന മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധിയെ പിന്തുണയ്‌ക്കുന്ന യുവാക്കളും തമ്മിലായിരുന്നു വാക്കേറ്റം‌‌.

മധ്യപ്രദേശിനുപിന്നാലെ രാജസ്ഥാനിലും ഭരണം കൈവിടുമെന്ന ഘട്ടത്തിലാണ്‌ നേതാക്കളുടെ  ചേരിപ്പോര്‌ രൂക്ഷമായത്‌. ‌ കോൺഗ്രസിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്‌ക്ക്‌ കാരണം രണ്ടാം യുപിഎ സർക്കാരാണെന്ന്‌ യുവ നേതാക്കൾ തുറന്നടിച്ചു. കർണാടകയിലും മധ്യപ്രദേശിലും ഭരണം നഷ്‌ടമായതും രാജസ്ഥാനിൽ സർക്കാർ ഏതുനിമിഷവും നിലംപൊത്തും എന്ന അവസ്ഥയിലെത്തിയതും പ്രതിരോധിക്കാൻ നേതൃത്വത്തിനായില്ലെന്നും‌ വിമർശനമുയർന്നു. വാക്ക്‌പോരിൽ ഇടപെടാതെ  സോണിയ ഗാന്ധിയും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങും നിശബ്‌‌ദരായി കേട്ടിരുന്നു.

ഓൺലൈനായി ചേർന്നയോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്ത്‌ തിരിച്ചെത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും പിന്തുണ ലഭിച്ചില്ല. രാഹുലിന്റെ മടങ്ങിവരവ്‌ സംബന്ധിച്ച്‌ മുതിർന്ന നേതാക്കൾക്കിടയിലും ഭിന്നത രൂക്ഷമാണ്‌. അഭിഷേക്‌ മനു സിങ്‌വി, ദിഗ്‌വിജയ്‌ സിങ് തുടങ്ങിയവർ രാഹുലിനായി വാദിച്ചു. കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ ആത്മപരിശോധന വേണമെന്ന കപില്‍ സിബലിന്റെ പരാമര്‍ശമാണ് ചേരിതിരിഞ്ഞുള്ള തര്‍‌ക്കത്തിന് വഴിതുറന്നത്.  എ കെ ആന്റണി, പി ചിദംബരം, ആനന്ദ്ശര്‍മ, ഗുലാംനബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയവരുടെ നിഷ്ക്രിയതയ്ക്കെതിരെ ശക്തമായ വികാരമുയർന്നു.

യുവനേതാക്കൾ പദവിക്കായി പാർടിയെ തകർക്കുന്നു
രണ്ടാം യുപിഎ സര്‍ക്കാരില്‍ മന്ത്രിപദവി വഹിച്ചവരാണ് കോണ്‍ഗ്രസിനെ ഗതികെട്ട അവസ്ഥയില്‍ എത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാജീവ് സതവ് തുറന്നടിച്ചു. അന്നത്തെ മന്ത്രിമാരാണ് ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കള്‍. 2009ലെ 200ല്‍ നിന്ന്‌ ലോക്‌സഭയിലെ അംഗബലം 44ല്‍ എത്തിയത് എങ്ങനെ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ പരാജയം അന്വേഷിക്കണം–- സതവ് ആവശ്യപ്പെട്ടു.

യുവനേതാക്കള്‍ പദവികള്‍ക്ക് വേണ്ടി പാര്‍ടിയെ തകര്‍ക്കുകയാണെന്ന്‌ മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. ഹൈക്കമാന്‍ഡിനെ സോപ്പിട്ടുനിന്നാലെ പദവി ലഭിക്കൂവെന്ന് കെ സി വേണുഗോപാലിനെപ്പോലുള്ളവരെ ലക്ഷ്യമിട്ട് പരാതിയുയര്‍ന്നു. 

യുവാക്കൾ സീനിയോറിറ്റി മറികടന്ന് സ്ഥാനം കൈയടക്കുകയാണെന്ന് പഞ്ചാബിലെ മുതിര്‍ന്ന നേതാവ് ഷംസീര്‍ സിങ് ദുല്ലോ പറഞ്ഞു. ഹൈക്കമാന്‍ഡിനെ അന്ധമായി ആരാധിക്കുന്നവര്‍ക്കേ സ്ഥാനക്കയറ്റം ലഭിക്കു. കഴിവോ പ്രവര്‍ത്തനസമ്പത്തോ മാനദണ്ഡമാകുന്നില്ല.  താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനു പകരം രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും പാർലമെന്റും സംരക്ഷിക്കാന്‍ നിരന്തരമായ പോരാട്ടത്തിനു പാര്‍ടി തയ്യാറാകണമെന്ന് അഭിഷേക് മനു സിങ്‌വി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top