22 October Tuesday
നിരപരാധിത്വം തെളിയിക്കുംവരെ കുറ്റവാളിയെന്ന്‌ പുതിയ രീതി

ബിജെപി സർക്കാർ ഭരണഘടനാസ്ഥാപനങ്ങളെ ദുർബലമാക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019


ന്യൂഡൽഹി
ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി സർക്കാർ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. സിബിഐയെയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനേയും  രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗിക്കുന്നു. സുപ്രീംകോടതി, തെരഞ്ഞെടുപ്പ്‌ കമീഷൻ, ആർബിഐ, സിഎജി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ പലതരത്തിൽ സമർദ്ദത്തിലാണ്‌. ഇത്‌ ഭരണഘടനാ ക്രമത്തെ ദുർബലപ്പെടുത്തും.  

പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള പാർലമെന്റിന്റെ ആദ്യസമ്മേളനത്തിൽത്തന്നെ പ്രധാനബില്ലുകളെല്ലാം തിരക്കിട്ട്‌ പാസാക്കാനുള്ള വ്യഗ്രതയിലാണ്‌ സർക്കാർ. ബില്ലുകളെല്ലാം പാർലമെന്റ്‌ സമിതികളുടെ പരിശോധനയ്‌ക്ക്‌ പോകുന്ന രീതി ഇല്ലാതാക്കുന്നു. ഒരു പാർലമെന്ററി സമിതിപോലും രൂപീകരിച്ചിട്ടില്ല. ബില്ലുകളുടെ പരിശോധനയ്‌ക്കായി സെലക്ട്‌ കമ്മിറ്റികളെങ്കിലും രൂപീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചു.  17 സുപ്രധാന ബില്ലുകൾ സൂക്ഷ്‌മപരിശോധനയില്ലാതെ പാസാക്കുന്നതിനാണ്‌ സമ്മേളനം നീട്ടിയത്‌. 

യുഎപിഎ നിയമഭേദഗതിയിലൂടെ ഏതുവ്യക്തിയെയും തീവ്രവാദിയായി പ്രഖ്യാപിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‌ അധികാരം ലഭിക്കും. വിയോജിക്കുന്നവരെ ഏകപക്ഷീയമായി തീവ്രവാദികളായി പ്രഖ്യാപിക്കാം. നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത ആരോപിതനാണ്‌. കുറ്റം തെളിയുംവരെ നിരപരാധിയാണെന്ന തത്വത്തിനുപകരം നിരപരാധിത്വം തെളിയിക്കപ്പെടുംവരെ കുറ്റവാളിയാണെന്ന പുതിയ നിയമതത്വമാണ്‌ കൊണ്ടുവരുന്നത്‌. ക്രമസമാധാനം സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണെന്ന ഫെഡറൽ തത്വവും അട്ടിമറിക്കപ്പെടും. വിവരാവകാശബിൽ വിവരാവകാശംതന്നെ അട്ടിമറിക്കുന്നതാണ്‌. മുത്തലാഖ്‌ ബിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കപ്പെടും –- പിബി പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top