05 August Wednesday

ഉപ്പ്‌ മുതൽ ഓട്ടോമൊബൈൽ വരെ; ചൈനയെ പിരിയാനാകാത്ത ഗുജറാത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

ന്യൂഡൽഹി > ഉപ്പ്‌ മുതൽ ഓട്ടോമൊബൈൽ മേഖലവരെ നീളുന്നതാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും ചൈനയുമായുള്ള  വാണിജ്യബന്ധം. ഗുജറാത്തിൽ ചൈനീസ്‌ കമ്പനികളുടെ‌ 17,000 കോടി രൂപയുടെ നിക്ഷേപമുണ്ട്‌‌. ചൈനീസ്‌ ഓട്ടോമൊബൈൽ ഭീമനായ  ഗ്രേറ്റ്‌വാൾ മോട്ടോഴ്‌സ്‌  7,000 കോടി രൂപയുടെ നിക്ഷേപം ഗുജറാത്തിൽ നടത്താൻ ധാരണയായി‌.

● രാസവസ്‌തുക്കൾ, ഡൈ, ഔഷധങ്ങൾ എന്നീ മേഖലകളിൽ അസംസ്‌കൃത വസ്‌തുക്കൾക്കും  ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും ചൈനയെ വൻതോതിലാണ്‌ ആശ്രയിക്കുന്നത്‌.
●   ഡൈ വ്യവസായത്തിന്റെ വാർഷിക വിറ്റുവരവ്‌ 60,000 കോടി രൂപയാണ്‌. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക അസാധ്യമാണെന്നും അങ്ങനെ വേണ്ടിവന്നാൽ  ചെറുകിട വ്യവസായങ്ങൾക്കായി സർക്കാരുകൾ പ്രത്യേക സബ്‌സിഡി നടപ്പാക്കണമെന്നും ഗുജറാത്ത്‌ ഡൈ സ്‌റ്റഫ്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ യോഗേഷ്‌ പരീഖ്‌ ആവശ്യപ്പെട്ടു.
●  പ്രതിവർഷം 40  ലക്ഷം ടൺ ഉപ്പാണ്‌‌ ചൈനയിലേയ്‌ക്ക്‌ കയറ്റി അയക്കുന്നത്‌‌. ഇത്‌ ഗുജറാത്തിന്റെ മൊത്തം കയറ്റുമതിയുടെ 40 ശതമാനമാണ്‌. 700 കോടി രൂപ വരുമാനം.
● 2015ൽ പ്രധാനമന്ത്രി മോഡി ചൈന സന്ദർശിച്ചശേഷം, അദാനി പോർട്ട്‌സ്‌ നടത്തുന്ന മുന്ധ്ര തുറമുഖവും ചൈനയുടെ ഗ്വാൻഷൂ പോർട്ട്‌ ഗ്രൂപ്പ്‌ നടത്തുന്ന ഗ്വാൻഷൂ തുറമുഖവും  2200 കോടി ഡോളറിന്റെ ഇടപാടിനുള്ള ധാരണപത്രമാണ്‌ ഒപ്പിട്ടത്‌.
● പ്രതിവർഷം 5,000  കോടിയോളം രൂപയുടെ ചൈനീസ്‌ സ്‌മാർട്ട്‌ഫോൺ‌ വിറ്റുപോകുന്നു‌.‌ 17,000 പേർ സ്‌മാർട്ട്‌ഫോൺ വിൽപ്പനശാലകളിൽ പ്രവർത്തിക്കുന്നു.
● 30 ലക്ഷം ചെറുകിട വ്യാപാരികൾ കച്ചവടംചെയ്യുന്ന പ്ലാസ്‌റ്റിക്‌ ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, മൊബൈൽ ഫോൺ പാർട്‌സുകൾ എന്നിവയിൽ 40 ശതമാനവും ചൈനീസ്‌ ഇറക്കുമതിയാണ്‌.
● 3,000 കോടി രൂപ മുടക്കി സ്ഥാപിച്ച പട്ടേൽ പ്രതിമയ്‌ക്കുള്ള ആയിരക്കണക്കിന്‌ ടൺ വെങ്കലം ചൈനയിൽനിന്നാണ്‌ കൊണ്ടുവന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top