15 July Wednesday

രാജ്യത്ത്‌ കോവിഡ്‌ രോ​ഗികള്‍ 2 ലക്ഷത്തിലേക്ക് ; മരണം 5600 ലേറെ

എം പ്രശാന്ത്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി
അടച്ചിടലിൽനിന്ന്‌ ഘട്ടംഘട്ടമായി പുറത്തുകടക്കാനുള്ള "അൺലോക്ക്‌–- ഒന്നി'ന്‌ തുടക്കമായ തിങ്കളാഴ്‌ച രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ രണ്ടു ലക്ഷത്തിലേക്ക്‌. മരണം 5600 ലേറെ. സംസ്ഥാനങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് രോ​ഗികള്‍ 1.98 ലക്ഷം. തിങ്കളാഴ്‌ച മരണം നൂറ്റമ്പതിലധികം. രോഗമുക്തി നിരക്ക് 48.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 4835 പേർ രോഗമുക്തരായി. മരണനിരക്ക്  2.83 ശതമാനം. അതേസമയം 24 മണിക്കൂറില്‍ 8392 പുതിയ രോ​ഗികളും 230 മരണവും റിപ്പോർട്ടുചെയ്തു. നിലവിൽ 93,322 പേര്‍ ചികിത്സയില്‍.

മഹാരാഷ്ട്രയിൽ പുതുതായി 2361 രോ​ഗികള്‍, ആകെ 70,000 കടന്നു. തമിഴ്‌നാട്ടിൽ തിങ്കളാഴ്‌ച 11 മരണം, ആയിരത്തിലേറെ രോ​ഗികള്‍. ആകെ 23,495. ഗുജറാത്തിൽ 25 മരണം, 423 പുതിയ രോ​ഗികള്‍, ആകെ17,000. ഡൽഹിയിൽ രോ​ഗികള്‍ ഇരുപതിനായിരം കടന്നു. തിങ്കളാഴ്‌ച 990 രോ​ഗികള്‍, 12 മരണം, ആകെ മരണം 523 ആയി.

രോഗികൾ ഏറിയതോടെ ഡൽഹി റെയിൽവേയുടെ ഐസൊലേഷൻ കോച്ച് ഉപയോഗിക്കാൻ തീരുമാനിച്ചു. 160 കിടക്കയുള്ള 10 നോൺ എസി കോച്ചും ആരോഗ്യപ്രവർത്തകർക്കായി ഒരു എസി കോച്ചും ഉപയോ​ഗിക്കും.

●നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ജൂനിയർ എൻജിനിയർ കോവിഡ് ബാധിച്ചുമരിച്ചു. 

● ആശുപത്രികളിലെ ബെഡ്, ഐസിയു, വെന്റിലേറ്റർ ലഭ്യതയറിയാൻ ഡൽഹി മൊബൈൽ ആപ് പുറത്തിറക്കി.

● അടച്ചിടൽ കാലയളവിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർക്ക്‌ എയർ ഇന്ത്യ പൂർണ റീഫണ്ട്‌ അനുവദിക്കും. മാർച്ച്‌ 23 മുതൽ മെയ്‌ 31 വരെ ടിക്കറ്റ്‌ ബുക്കുചെയ്ത് യാത്ര മുടങ്ങിയവര്‍ക്കാണ് റീ ഫണ്ട്. സ്വകാര്യ വിമാനക്കമ്പനികൾ യാത്ര മറ്റൊരു ദിവസത്തേക്ക്‌ മാറ്റാനാണ് അനുവദിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top