14 July Tuesday

1,930 ടൺ ഗോതമ്പ്‌ കേടായെന്ന്‌ സമ്മതിച്ച് കേന്ദ്രം; 132 ലക്ഷം ടൺ ധാന്യം‌ നശിച്ചെന്ന് കർഷകസംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ന്യൂഡൽഹി
എഫ്‌സിഐ സംഭരിച്ച്‌ തുറസ്സായ ഇടങ്ങളിൽ സൂക്ഷിച്ച ടണ്‍കണക്കിന് ​ഗോതമ്പ് നശിച്ചു. 2019–-20ൽ സംഭരിച്ച 1,930 ടൺ ഗോതമ്പ്‌ കേടായെന്ന്‌ കേന്ദ്രസർക്കാർ സമ്മതിച്ചു. താൽക്കാലിക സംവിധാനങ്ങളിൽ സൂക്ഷിച്ച  132 ലക്ഷം ടൺ ധാന്യം‌ ഭക്ഷ്യയോഗ്യമല്ലാത്ത സ്ഥിതിയിലായെന്ന് കർഷകസംഘടനകൾ വെളിപ്പെടുത്തി.  സർക്കാരും കാലിത്തീറ്റ കയറ്റുമതിക്കാരും സ്‌പിരിറ്റ്‌ ലോബിയും തമ്മിലുള്ള ഒത്തുകളിയാണ്‌ ഗോതമ്പ്‌ നശിക്കാനായി  വിട്ടുകൊടുക്കുന്നതിന്‌ പിന്നിൽ. കോടിക്കണക്കിന്‌ പേർ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് സംഭരണകേന്ദ്രങ്ങളില്‍ ​ഗോതമ്പ് കെട്ടിക്കിടന്ന് നശിക്കുന്നത്.

ഉത്തർപ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ പോളിത്തീൻ കവറിട്ട്‌ മൂടിവച്ച ഗോതമ്പ്‌ ശേഖരമാണ്‌ മഴവെള്ളം ചോർന്നൊലിച്ച് നശിക്കുന്നത്. താൽക്കാലിക സംവിധാനങ്ങളിൽ ആറുമാസത്തിൽ കൂടുതൽ ഭക്ഷ്യധാന്യം സൂക്ഷിക്കരുതെന്നാണ്‌ വ്യവസ്ഥ. റാബി വിളവെടുപ്പിന്‌ മുമ്പേ രാജ്യത്ത്‌ അരിയുടെയും ഗോതമ്പിന്റെയും സംഭരണം കരുതലായി വേണ്ടതിന്റെ മൂന്നിരട്ടിയായി.  ഏപ്രിലിൽ കരുതൽശേഖരമായി വേണ്ടത്  44.60 ലക്ഷം ടൺ ഗോതമ്പാണ്.  ജൂലൈയിൽ 245 ലക്ഷം ടണ്ണും. മെയ്‌ 24നു  ഗോതമ്പ് ശേഖരം 341.56 ലക്ഷം ടൺ ആയി. റാബി വിളവെടുപ്പ്‌ പുരോഗമിക്കുകയാണ്‌.

രാജ്യത്ത്‌ പട്ടിണികാരണം തൊഴിലാളികൾ മരിക്കുമ്പോഴും അധികഭക്ഷ്യധാന്യം പ്രതിമാസം 10 കിലോഗ്രാം  വീതം ആവശ്യക്കാർക്ക്‌ ‌ സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം കേന്ദ്രം ചെവികൊള്ളുന്നില്ല.  ഗോതമ്പ്‌ കിലോയ്‌ക്ക് രണ്ട്‌ രൂപ നിരക്കിൽ കാലിത്തീറ്റക്കാർക്കും സ്‌പിരിറ്റ്‌ നിർമാതാക്കൾക്കും വിറ്റഴിക്കാനാണ്‌ കേന്ദ്ര നീക്കമെന്ന്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അരിയും ഗോതമ്പും സ്‌പിരിറ്റ്‌ നിർമാണത്തിനു വിട്ടുകൊടുക്കാൻ കേന്ദ്രമന്ത്രിസഭയുടെ  ജൈവഇന്ധന സമിതി അനുമതി നൽകി‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top