25 August Sunday

മോഡി മന്ത്രിസഭ : അധ്വാനിച്ചവർ തഴയപ്പെട്ടു; വിശ്വസ‌്തർ മാത്രം, പല മുതിർന്ന നേതാക്കൾക്കും പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Sunday Jun 2, 2019


ന്യൂഡൽഹി
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി അധ്വാനിച്ചിട്ടും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടാതെ പോയതിൽ പല മുതിർന്ന നേതാക്കൾക്കും നിരാശ. മോഡിയും ഷായും തങ്ങളുടെ വിശ്വസ‌്തരെമാത്രം ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചതിലുള്ള പ്രതിഷേധം പല മുതിർന്ന നേതാക്കളും ആർഎസ‌്എസ‌് നേതൃത്വത്തെ ധരിപ്പിച്ചു. മൂന്ന‌് മുൻ മുഖ്യമന്ത്രിമാരും മൂന്ന‌് സംസ്ഥാന അധ്യക്ഷന്മാരും ഒരു മുൻ ഐഎഫ‌്എസ‌് ഉദ്യോഗസ്ഥനും മന്ത്രിസഭയിൽ ഇടംപിടിച്ചപ്പോൾ ദേശീയ ഭാരവാഹികൾ പൂർണമായും അവഗണിക്കപ്പെട്ടു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു -കശ‌്മീരിലും ബിജെപിയുടെ ചുമതലക്കാരനായിരുന്ന രാം മാധവ‌്, ബംഗാളിന്റെ ചുമതലക്കാരനായിരുന്ന കൈലാഷ‌് വിജയ‌്‌വർഗിയ,
കർണാടകത്തിന്റെ ചുമതലക്കാരനും 15 ലക്ഷത്തോളം ബിജെപി പ്രവർത്തകർക്ക‌് പരിശീലനപരിപാടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ‌്ത മുരളീധർ റാവു, ഒഡിഷയുടെ ചുമതലക്കാരനായ അരുൺ സിങ‌് തുടങ്ങിയ നേതാക്കളാണ‌് തഴയപ്പെട്ടത‌്.

കഴിഞ്ഞ അഞ്ചുവർഷവും സംഘടനാതലത്തിൽ സജീവമായിരുന്ന വൈസ‌്പ്രസിഡന്റുമാരായിരുന്ന വിനയ‌് സഹസ്രബുദ്ധെ, പ്രഭാത‌് ഝാ, ഒ പി മാഥൂർ, ജനറൽ സെക്രട്ടറിമാരായിരുന്ന സരോജ‌് പാണ്ഡെ, ഭൂപേന്ദർ യാദവ‌്, അനിൽ ജയിൻ, വക്താവ‌് ജി വി എൽ റാവു, മാധ്യമവിഭാഗം തലവൻ അനിൽ ബലൂനി തുടങ്ങിയവർക്കും മന്ത്രിസ്ഥാനം ലഭിച്ചില്ല.  ഒഡിഷയിൽ ബിജെപിയെ ഉയർത്തുന്നതിൽ പങ്കുവഹിച്ച നേതവാ‌ണ‌് അരുൺ സിൻഹ. ബംഗാളിൽ രണ്ടു സീറ്റിൽനിന്ന‌് 18 സീറ്റിലേക്ക‌് ബിജെപിയുടെ അംഗബലം ഉയർത്താൻ കൈലാഷ‌് വിജയ‌്‌വർഗിക്കായി. ഏതാണ്ടെല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി സർക്കാരുകൾ നിലവിൽ വരുന്നതിന‌് യത‌്നിച്ചയാളാണ‌് രാംമാധവ‌്.

മുരളീധർ റാവുവിന‌് ചുമതലയുണ്ടായിരുന്ന കർണാടകത്തിൽ 28ൽ 25 സീറ്റിലും ബിജെപി ജയിച്ചു. ഭൂപേന്ദർ യാദവിന‌് ചുമതലയുണ്ടായിരുന്ന ബിഹാറിലും ഗുജറാത്തിലും വൻ വിജയമാണ‌് ബിജെപി നേടിയത‌്. സഹസ്രബുദ്ധെയ‌്ക്ക‌് ചുമതലയുണ്ടായിരുന്ന മധ്യപ്രദേശ‌്, സരോജ‌് പാണ്ഡെയ‌്ക്ക‌് ചുമതലയുണ്ടായിരുന്ന മഹാരാഷ്ട്ര എന്നിവിടങ്ങളിലും ബിജെപി വലിയ മുന്നേറ്റം നടത്തി. ഈ നേതാക്കളെല്ലാംതന്നെ അവഗണിക്കപ്പെട്ടപ്പോഴാണ‌് ബിജെപിക്ക‌് ഒരു മുന്നേറ്റവും നടത്താനാകാതെ പോയ ആന്ധ്രയുടെ ചുമതലക്കാരൻ വി മുരളീധരൻ മന്ത്രിസഭയിൽ ഇടംപിടിച്ചത‌്. ബിജെപിക്ക‌് 18 സീറ്റ‌് ലഭിച്ച ബംഗാളിൽ മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യമില്ലെന്ന ആക്ഷേപവുമുണ്ട‌്. കഴിഞ്ഞ സർക്കാരിൽ ബംഗാളിൽനിന്നുള്ള രണ്ട‌് ബിജെപി എംപിമാരും മന്ത്രിമാരായി. ഇക്കുറി എംപിമാരുടെ എണ്ണം 18 ആയി ഉയർന്നെങ്കിലും ബംഗാളിൽനിന്നുള്ള മന്ത്രിമാരുടെ എണ്ണം രണ്ടിൽത്തന്നെ ഒതുങ്ങി.


പ്രധാന വാർത്തകൾ
 Top