15 July Wednesday

ദേശീയവരുമാനം 6.8 ശതമാനം ചുരുങ്ങും ; എസ്‌ബിഐ ഗവേഷണ റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

ന്യൂഡൽഹി
നടപ്പുസാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം വരുമാനം(ജിഡിപി)  6.8 ശതമാനം ചുരുങ്ങുമെന്ന്‌ എസ്‌ബിഐ ഗവേഷണ റിപ്പോർട്ട്‌. കഴിഞ്ഞ സാമ്പത്തികവർഷം ജനുവരി–-മാർച്ച്‌ കാലത്ത്‌ ജിഡിപി വളർച്ച 1.2 ശതമാനമായി ഇടിഞ്ഞു. അടച്ചുപൂട്ടൽ നിലവിൽവന്ന മാർച്ചിലെ അവസാന ഏഴ്‌ ദിവസത്തെ മാത്രം നഷ്ടം 1.4 ലക്ഷം കോടി രൂപയാണ്‌.  കഴിഞ്ഞ വർഷത്തെ വളർച്ച 4.2 ശതമാനം മാത്രമാണ്; അഞ്ച്‌ ശതമാനം വളർച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിച്ചത്.

ജിഡിപിയുടെ  75 ശതമാനം സംഭാവന ചെയ്യുന്ന 10 സംസ്ഥാനത്ത്‌  കോവിഡ്‌ വ്യാപനവും അടച്ചുപൂട്ടലും രൂക്ഷമാണ്‌. മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലെ രോഗവ്യാപനം സമ്പദ്‌ഘടനയിൽ കടുത്ത നാശമുണ്ടാക്കും. റെഡ്‌ സോണുകളിൽ 50 ശതമാനം ഉൽപ്പാദനനഷ്ടമുണ്ടാകും. ജൂൺ അവസാനവാരം രാജ്യത്ത്‌ കോവിഡ്‌ബാധ മൂർധന്യത്തിൽ എത്തും. പിന്നീട്‌  ആഗസ്‌ത്‌ വരെ എണ്ണത്തിൽ കുറവുണ്ടാകും. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തെ മറികടക്കാൻ സെപ്‌തംബർ മധ്യംവരെ കാത്തിരിക്കണം–-എസ്‌ബിഐ റിപ്പോർട്ടിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി–-മാർച്ച്‌ കാലത്ത്‌ നേടിയ വളർച്ച സംബന്ധിച്ച്‌  ദേശീയ സ്ഥിതിവിവരക്കണക്ക്‌ ഓഫീസിന്റെ നിഗമനം 29നാണ്‌ പ്രസിദ്ധീകരിക്കുക. നടപ്പുവർഷം സമ്പദ്‌ഘടന ചുരുങ്ങുമെന്നാണ്‌ റിസർവ്‌ ബാങ്കിന്റെയും വിലയിരുത്തൽ.


പ്രധാന വാർത്തകൾ
 Top