12 August Friday
ഷിൻഡെയുടെ പാർടിക്ക്‌ അംഗീകാരം 
നൽകരുതെന്ന്‌ തെരഞ്ഞെടുപ്പുകമീഷന്‌ 
ശിവസേനയുടെ കത്ത്‌

വിമതരെ സമ്മർദത്തിലാക്കി ശിവസേന ; ഷിൻഡെപക്ഷത്തിന്റെ അവിശ്വാസപ്രമേയ 
നോട്ടീസ്‌ തള്ളി

പ്രത്യേക ലേഖകൻUpdated: Sunday Jun 26, 2022


ന്യൂഡൽഹി
ഏക്‌നാഥ്‌  ഷിൻഡെ അടക്കമുള്ള വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ ശിവസേന ദേശീയ എക്‌സിക്യൂട്ടീവ്‌ പാർടി പ്രസിഡന്റും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ്‌ താക്കറേയെ ചുമതലപ്പെടുത്തി.  ‘ശിവസേന ബാലാസാഹേബ്‌ താക്കറേ’ എന്നപേരിൽ ഷിൻഡെ പ്രഖ്യാപിച്ച രാഷ്‌ട്രീയ പാർടിക്ക്‌ അംഗീകാരം നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പുകമീഷന്‌ ശിവസേന കത്തുനൽകി. ഷിൻഡെപക്ഷം അയച്ച അവിശ്വാസപ്രമേയ നോട്ടീസ്‌ ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സിർവാൾ നിരാകരിച്ചു.  16 വിമത എംഎൽഎമാർക്ക്‌ അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കാന്‍ നോട്ടീസും നൽകി.

പുറത്തുപോകാൻ ആഗ്രഹമുള്ളവർക്ക്‌ സ്വതന്ത്രരായി പോകാമെന്നും പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്നും നേതൃയോഗത്തിൽ ഉദ്ധവ്‌ താക്കറേ പ്രഖ്യാപിച്ചു. യഥാർഥ ശിവസേനയെന്ന ഷിൻഡെയുടെ അവകാശവാദം നിയമപരമായി നിലനിൽക്കില്ലെന്ന്‌ പാർടി നിയമോപദേഷ്ടാവ്‌ ധരം മിശ്ര പറഞ്ഞു. ഉദ്ധവ്‌ താക്കറേ പ്രസിഡന്റായി രജിസ്റ്റർ ചെയ്‌താണ്‌ ശിവസേന. പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടരീതി ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

ശിവസേനയുടെ 40 പേരടക്കം 50 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന  നിലപാടിൽ തുടരുകയാണ്‌ ഷിൻഡെ. ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും മേൽനോട്ടത്തിൽ ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുകയാണ്‌ വിമതർ. തന്നോടൊപ്പമുള്ളവരുടെ വീടുകൾക്ക്‌ ഏർപ്പെടുത്തിയ പൊലീസ്‌ സംരക്ഷണം സർക്കാർ പിൻവലിച്ചെന്ന്‌ ഷിൻഡെ പരാതിപ്പെട്ടു.

നിലവിലെ പ്രതിസന്ധിയിൽ ഇടപെടരുതെന്ന്‌ ബിജെപി നേതാവ്‌ ദേവന്ദ്ര ഫഡ്‌നാവിസിനോട്‌ ശിവസേന വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ എംപി ആവശ്യപ്പെട്ടു. 2019ൽ 80 മണിക്കൂറിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്‌ ഫഡനാവിസ്‌ വിസ്‌മരിക്കരുതെന്നും റാവത്ത്‌ പറഞ്ഞു.

മുംബൈയിൽ 
നിരോധനാജ്ഞ
മഹാരാഷ്ട്രയിൽ മഹാസഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിനിടെ മുംബൈയിൽ  അക്രമങ്ങളുണ്ടായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവസേന വിമത എംഎൽഎമാരുടെ  ഓഫീസുകൾക്കും വീടുകൾക്കും നേരെ ശനിയാഴ്ച  ആക്രമണങ്ങളുണ്ടായി. മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്ക് സുരക്ഷ ശക്തമാക്കി. വിമത എംഎൽഎമാരുടെ ഓഫീസ് അടിച്ചു തകർത്തതിന് ശിവസേനയുടെ പ്രാദേശിക നേതാവ് ഉൾപ്പെടെ 19 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വിമത എംഎൽഎമാരുടെ വീടുകളിലെ പൊലീസ് സുരക്ഷ പിൻവലിച്ചതായുള്ള ഏകനാഥ് ഷിൻഡെയുടെ ആരോപണം സർക്കാർ നിഷേധിച്ചു.
 

ഷിൻഡെ ഫഡ്‌നാവിസിനെ കണ്ടു
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് ഏക്‌നാഥ് ഷിൻഡെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ചർച്ച ചെയ്തു. അസമിൽനിന്ന്‌ പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ വഡോദരയിലെത്തിയാണ് ഷിൻഡെ കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വഡോദരയിൽ ഉണ്ടായിരുന്നു. ചർച്ചയ്ക്ക് ശേഷം അസമിൽ വിമത ശിവസേന എംഎൽഎമാർ ക്യാമ്പ്‌ ചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ഷിൻഡെ മടങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top