15 September Sunday

ഉത്തരേന്ത്യയിൽ മതേതരവോട്ട‌് ഭിന്നിപ്പിച്ച‌് ലീഗും വെൽഫെയർ പാർടിയും

ജോബിൻസ‌് ഐസക‌്Updated: Monday May 27, 2019



രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ പ്രേരിപ്പിച്ച‌് അമേഠിയിലെ തോൽവിക്ക‌് വഴിമരുന്നിട്ട മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഉത്തരേന്ത്യയിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തിയും മതേതര വോട്ട‌് ഭിന്നിപ്പിച്ചു. ബംഗാളിലും മഹാരാഷ‌്ട്രയിലും ആന്ധ്രയിലും മത്സരിച്ച ഈ പാർടികൾ വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും  ബിജെപിയുടെ വിജയത്തിന‌് അരങ്ങൊരുക്കി. ബിജെപി ഭരണത്തിന‌് പ്രതിവിധി കോൺഗ്രസാണെന്ന‌് പ്രചരിപ്പിച്ച‌് കേരളത്തിൽ ന്യൂനപക്ഷ ഏകീകരണം സാധ്യമാക്കിയവർ സംസ്ഥാനത്തിനുപുറത്ത‌് മുസ്ലിംവോട്ടുകൾ ഭിന്നിപ്പിച്ച‌് ബിജെപിക്കും ശിവസേനക്കും  വൻ നേട്ടം സമ്മാനിച്ചു. 
കോൺഗ്രസിനെതിരെ മുസ്ലിംലീഗ് സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ച ഒറ്റ മണ്ഡലത്തിലും ഇരുകൂട്ടരും വിജയിച്ചില്ല. മുസ്ലിംവോട്ടുകൾ ഏറെയുള്ള മഹാരാഷ്ട്രയിലെ ഹങ്കോളി, റാവർ, കല്ല്യാൺ, ആന്ധ്രപ്രദേശിലെ വിജയവാഡ, നാരസരോപേട്ട്, രാജംപേട്ട്  മണ്ഡലങ്ങളിലാണ് മുസ്ലിംലീഗ് കോൺഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തിയത്. 

കോൺഗ്രസുമായി ചേർന്ന് മത്സരിച്ച കേരളത്തിലെ രണ്ട് സീറ്റിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തുമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിലെല്ലാം ലീഗ് വലിയ പരാജയം രുചിച്ചെങ്കിലും ഭിന്നിപ്പ‌് എൻഡിഎക്ക‌് ഗുണം ചെയ‌്തു. കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം നടന്ന മഹാരാഷ്ടയിലെ റാവറിൽ കോൺഗ്രസ് സ്ഥാനാർഥി ഡോ. ഉൽഹാസ് വാസുദേവ‌് പാട്ടീലിനെതിരെ  ലീഗ് സ്ഥാനാർഥിയായി റോഷൻ ആരാസ്വാദിഖ് അലിയാണ‌് മത്സരിച്ചത്. ഇവിടെ കോൺഗ്രസിനെ രണ്ടാംസ്ഥാനത്താക്കി ബിജെപി സ്ഥാനാർഥി ഗഡ‌്സേ രക്ഷാനിഖിൽ വിജയിച്ചു. കോൺഗ്രസും ശിവസേനയും ഏറ്റുമുട്ടിയ ഹങ്കോളിയിൽ അൽത്താഫ് അഹമ്മദ‌്  ലീഗ് സ്ഥാനാർഥിയായി. കോൺഗ്രസ് സ്ഥാനാർഥി വെങ്കിടേ  സുഭാഷ് റാവുവിനെ  ശിവസേനയുടെ ഹേമന്ദ് പാട്ടീൽ ഇവിടെ പരാജയപ്പെടുത്തി. കല്യാണിൽ എൻസിപിക്കെതിരെ ലീഗ‌് സ്ഥാനാർഥി വന്നതോടെ കോൺഗ്രസിനെ ശിവസേന സ്ഥാനാർഥി ഡോ. ശ്രീകാന്ത് ഏകനാഥ് ഷിൻഡെ  പിന്നിലാക്കി. എൻസിപി സ്ഥാനാർഥി പാട്ടീലിനെതിരെ മുനീർ അഹമ്മദ് അൻസാരിയാണ് മത്സരിച്ചത‌്.  വിജയവാഡയിൽ കോൺഗ്രസ് സ്ഥാനാർഥി നരഹരി സെട്ടിക്കെതിരെ എസ് കെ റിയാസും   നാരസരോപേട്ട് മണ്ഡലത്തിൽ കോൺഗ്രസിന്റെ പക്കാല സുരിബാബുവിനെതിരെ സുരഭി ദേവസഹായവും  ലീഗ് സ്ഥാനാർഥിയായി. രാജംപേട്ടിൽ കോൺഗ്രസിന്റെ എം ഷാജഹാൻ ബാഷക്കെതിരെ  ലീഗ് സ്ഥാനാർഥി ഖാദർ വാലി ഷെയ്ഖ‌് മത്സരിച്ചു.

  ഫാസിസത്തെ തോൽപ്പിക്കാനെന്നുപറഞ്ഞ‌്  രാഹുൽഗാന്ധിക്ക‌് നിരുപാധിക പിന്തുണ നൽകിയ വെൽഫെയർ പാർടിക്കാർ  ബംഗാളിലടക്കം മത്സരിച്ച‌് ഫലത്തിൽ ബിജെപിയെ സഹായിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ ജംഗീപുർ മണ്ഡലത്തിൽ  ദേശീയ അധ്യക്ഷൻ എസ‌് ക്യൂ ആർ ഇല്യാസി തന്നെ  വെൽഫെയർ പാർടി സ്ഥാനാർഥിയായി  കോൺഗ്രസിന്റെ തോൽവിക്ക‌് വഴിയൊരുക്കി.  മുൻ രാഷ‌്ട്രപതി പ്രണബ‌് കുമാർ മുഖർജി   ജയിച്ച  ഈ സീറ്റിൽ മകൻ അഭിജിത്ത് മുഖർജിയാണ‌് തോറ്റത‌്. 2014-ൽ അഭിജിത്ത് ഇവിടെ വിജയിച്ചിരുന്നു.  കോൺഗ്രസ‌് മത്സരിച്ച കുച്ച‌് ബിഹാറിൽ ധനഞ‌്ജയ‌് ബർമൻ വെൽഫെയർ പാർടിയുടെ സ്ഥാനാർഥിയായി‌. ഇവിടെ ബിജെപി അട്ടിമറി ജയംനേടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top