31 March Tuesday
മതസ്വാതന്ത്ര്യം ചർച്ചയായി

നേട്ടമുറപ്പിച്ച്‌ ട്രംപ്‌ മടങ്ങി ; 300 കോടി ഡോളറിന്റെ പ്രതിരോധകരാറിൽ ഒപ്പുവച്ചു

എം പ്രശാന്ത‌്Updated: Wednesday Feb 26, 2020


ന്യൂഡൽഹി
സമഗ്ര വ്യാപാരകരാർ ഉറപ്പുവരുത്തിയും അമേരിക്കൻ കമ്പനികൾക്ക്‌ നേട്ടമാകുംവിധം പ്രതിരോധ–- ഊർജ കരാറുകളിൽ ഒപ്പുവച്ചും പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ മടങ്ങി. കശ്‌മീർ, പൗരത്വഭേദഗതി നിയമ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത ആക്രമണത്തിന്‌ മുതിരാതെയാണ്‌ ട്രംപ്‌ നേട്ടം കൊയ്‌തത്‌. മതസ്വാതന്ത്ര്യത്തെക്കുറിച്ച്‌  മോഡിയോട്‌ സംസാരിച്ചതായും മതസ്വാതന്ത്ര്യം വേണമെന്ന്‌ മോഡി അഭിപ്രായപ്പെട്ടതായും പിന്നീട്‌ ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വവിഷയം ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

മോഡിയും ട്രംപും നടത്തിയ ഉഭയകക്ഷി ചർച്ചയ്‌ക്കുശേഷമാണ്‌ 300 കോടി ഡോളറിന്റെ പ്രതിരോധ ഇടപാട്‌ കരാറിൽ ഇരു രാജ്യവും ഒപ്പുവച്ചത്‌. ഇതോടൊപ്പം ഊർജമേഖലയിലടക്കം മൂന്ന്‌ ധാരണപത്രങ്ങളിലും ഒപ്പുവച്ചു. സമഗ്രവ്യാപാര കരാർ വൈകാതെയുണ്ടാകുമെന്ന്‌ മോഡിക്കൊപ്പം നടത്തിയ സംയുക്ത പ്രസ്‌താവനയിലും പിന്നീടു നടത്തിയ വാർത്താസമ്മേളനത്തിലും ട്രംപ്‌ പറഞ്ഞു. ജനങ്ങൾ മതസ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്നതായും മുസ്ലിങ്ങളുമായി വളരെ ചേർന്നാണ്‌ പ്രവർത്തിക്കുന്നതെന്നും മോഡി പറഞ്ഞു. പൗരത്വനിയമം ഇന്ത്യയുടെ വിഷയമാണ്‌. അതിൽ ശരിയായ തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല. ഡൽഹിയിലെ കലാപം ചർച്ച ചെയ്‌തില്ല. ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഒട്ടേറെപ്പേരുടെ കണ്ണിൽ ഒരു മുള്ളായി കശ്‌മീർ തുടരുകയാണ്‌. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദവും പ്രശ്‌നം തന്നെയാണ്‌. യുഎസ്‌ ഉൽപ്പന്നങ്ങൾക്ക്‌ ഇന്ത്യ വലിയ തീരുവ ചുമത്തുന്നുണ്ട്‌. ഇക്കാര്യം സംസാരിച്ച്‌ കരാറിനോട്‌ അടുത്തുകഴിഞ്ഞു–- ട്രംപ്‌ പറഞ്ഞു. രാവിലെ രാഷ്ട്രപതി ഭവനിൽ ട്രംപിനും ഭാര്യ മെലാനിയക്കും ആചാരപരമായ വരവേൽപ്പുനൽകി. രാജ്‌ഘട്ടിൽ ഇരുവരും പുഷ്‌പചക്രം അർപ്പിച്ചു. തുടർന്ന്‌ ഹൈദരാബാദ്‌ ഹൗസിൽ ഉഭയകക്ഷി ചർച്ച. ബിസിനസ്‌ പ്രമുഖരുമായി എംബസിയിൽ കൂടിക്കാഴ്‌ച.  രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിനുശേഷം രാത്രി പത്തോടെ ട്രംപും സംഘവും മടങ്ങി.


പ്രധാന വാർത്തകൾ
 Top