23 September Wednesday

സ്വകാര്യ ട്രെയിൻ: 16 കമ്പനികൾ രംഗത്ത് ; 2025 മാർച്ചോടെ 109 റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ

പി വിജയൻUpdated: Saturday Jul 25, 2020



കോഴിക്കോട്
സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ താൽപ്പര്യവുമായി 16 കമ്പനികൾ രംഗത്ത്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന പ്രീ ബിഡ് (കരാർ പ്രക്രിയ തുടങ്ങും മുമ്പുള്ള ചർച്ച) യോഗത്തിലാണ് ഇത്രയും കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തത്. ബൊംബാർഡിയർ, ജിഎംആർ, ഭാരത് ഫോർജ്, ബിഎച്ച്ഇഎൽ, ഐആർസിടിസി, മേധ, സിഎഎഫ്, ഗേറ്റ് വേ റെയിൽ, വേദാന്ത എന്നിവയുൾപ്പെടെ 16 കമ്പനികൾ പങ്കെടുത്തതിൽപ്പെടും. വൻകിട കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവ വിട്ടുനിന്നു. എന്നാൽ, കരാർ പ്രക്രിയയിൽ പങ്കെടുക്കുമെന്ന് ടാറ്റയും അദാനിയും റെയിൽവേ അധികൃതരെ അറിയിച്ചു.

സ്വകാര്യ ട്രെയിൻ ഓടിക്കുമ്പോൾ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, ആശങ്കകൾ എന്നിവയെപ്പറ്റിയായിരുന്നു ചർച്ച. സ്വകാര്യ ട്രെയിനുകൾക്കുള്ള റൂട്ടുകൾ മുൻകൂട്ടി നിശ്ചയിക്കേണ്ട ആവശ്യമില്ലെന്നും ഇഷ്ടമുള്ള റൂട്ടുകൾ തെരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും അഭിപ്രായമുയർന്നു. ഇതേപ്പറ്റിയെല്ലാം ചർച്ച ചെയ്യാൻ അടുത്ത യോഗം ആഗസ്ത് 12ന് ന്യൂഡൽഹിയിൽ ചേരും.


 

160 കിലോമീറ്റർ വേഗത്തിലാകും സ്വകാര്യ ട്രെയിനുകൾ. ഇതിനായി പ്രത്യേക കോച്ചുകൾ നിർമിക്കും. പ്രധാന പാതകൾ ബലപ്പെടുത്തും. ഡൽഹി- ഹൗറ, ഹൗറ- മുംബൈ, മുംബൈ - ഡൽഹി, ഡൽഹി- ഗുവാഹത്തി, ഡൽഹി- ചെന്നൈ, ചെന്നൈ - ഹൗറ, ചെന്നൈ- മുംബൈ പാതകളാണ് ബലപ്പെടുത്തുക.

റെയിൽവേയിൽ സമ്പൂർണ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 109 സുപ്രധാന റൂട്ടുകളിൽ 151 ജോഡി ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആദ്യ ട്രെയിനുകൾ 2023 ഏപ്രിലിൽ ഓടിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. 2025 മാർച്ചോടെ 109 റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ കൊണ്ടുവരികയാണ് ലക്ഷ്യം. റെയിൽവേയുടെ വരുമാന സ്രോതസ്സുകൾ ഒന്നൊന്നായി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെതിരെ തൊഴിലാളി സംഘടനകളുടെ ഐക്യവേദി പ്രക്ഷോഭത്തിലാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top