17 November Sunday

പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ ; ജാതിമേൽക്കോയ്‌മയെ ചെറുത്തുതോൽപ്പിക്കാൻ ചെങ്കൊടിത്തണലിൽ ആയിരങ്ങൾ അണിചേരുന്നു

വി കെ അനുശ്രീUpdated: Tuesday Jun 25, 2019


പട്ടിയെ വളർത്താൻ വിലക്കുള്ള നാടിനെപ്പറ്റി കേട്ടിട്ടുണ്ടോ? തൂത്തുക്കുടി കയത്താർ ടി ഷണ്മുഖപുരം ഗ്രാമത്തിലെ പട്ടികവിഭാഗക്കാർക്ക‌് വീട്ടിൽ ആൺപട്ടിയെ വളർത്താൻ അനുമതിയില്ല. കീഴ‌്ജാതിക്കാർ വളർത്തുന്ന ആൺപട്ടികൾ മേൽജാതി തെരുവിലെ പെൺപട്ടികളുമായി ബന്ധമുണ്ടാക്കും എന്നാണ‌് കാരണം പറയുന്നത‌്. 

റോഡ‌് ഉപരോധവും വാദപ്രതിവാദങ്ങളും മറ്റ‌് സമരങ്ങളുമൊന്നും ഫലം കണ്ടില്ല. കലക്ടർക്ക‌് നൽകിയ പരാതികൾ ഫയലിനുള്ളിൽ ഇരുന്നുറങ്ങി. മറ്റ‌് വഴികൾ ഇല്ലാതെവന്നപ്പോൾ നൂതന സമരമുറയുമായി പ്രദേശത്തെ യുവാക്കൾ തെരുവിലിറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് പട്ടിയെ പിടിച്ച‌് മേൽജാതിത്തെരുവിൽ കൊണ്ടുവിട്ടാണ‌് ഡിവൈഎഫ‌്ഐയുടെ നേതൃത്വത്തിൽ ‘നായ‌് വിടും പോരാട്ടം’ നടത്തിയത‌്. 

വാടിപ്പട്ടിയിൽ ദളിതരുടെ മുടിവെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പിൽ ‘മുടിവെട്ടും പോരാട്ടം’ നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജാതി മതിലുകൾ ഇടിച്ചുനിരത്താനും യുവാക്കൾ മുന്നിട്ടിറങ്ങി. അയിത്തമുള്ള പൊതുകിണറിൽനിന്ന‌് കൂട്ടത്തോടെ വെള്ളം കോരിയും ജാതിഭേദമെന്യേ സദ്യ വിളമ്പിയും അവർ പ്രതിരോധം തീർക്കുന്നു.

കരുത്തായി, കരുതലായി..
2016ലെ ഉദുമൽപേട്ട ദുരഭിമാനക്കൊലയിൽ ശങ്കർ മരിക്കുമ്പോൾ പത്തൊമ്പതുകാരിയായ ഭാര്യ കൗസല്യ രണ്ടാംവർഷ എൻജിനിയറിങ‌് വിദ്യാർഥിയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൗസല്യ ജീവിതത്തിലേക്ക‌് തിരിച്ചുവരാൻ സമയം ഒരുപാടെടുത്തു. സഹായിക്കാൻ ആരുമില്ലാതെ അരക്ഷിതാവസ്ഥയിലായ യുവതിക്ക‌് തുണയായി എത്തിയത‌് സിപിഐ എം നേതൃത്വത്തിലുള്ള തൊട്ടുകൂടായ്മ നിർമാർജന മുന്നണിയായിരുന്നു.

ഒറ്റമുറിയിൽ കഴിഞ്ഞിരുന്ന കൗസല്യക്ക‌് വൃത്തിയുള്ള ശൗചാലയം നിർമിച്ച‌് കൊടുക്കുകയായിരുന്നു ആദ്യ ഉദ്യമം. ക്രമേണ ജീവിതത്തിലേക്ക‌് തിരിച്ചുവന്ന കൗസല്യയെ പഠനം തുടരാൻ പ്രോത്സാഹിപ്പിച്ചു. ഓരോ സെമസ്റ്ററിനും പ്രവർത്തകർ പിരിവിട്ട‌് ഫീസ‌ടച്ചു. അടുത്തിടെ രണ്ടാംവിവാഹം കഴിഞ്ഞിട്ടും കൗസല്യയെ പ്രസ്ഥാനം കൈവിട്ടില്ല. ജൂൺ 14‌ന‌് അവസാന സെമസ്റ്റർ ഫീസുമടച്ച‌് അതിജീവനത്തിലേക്ക‌് അവരെ കൈപിടിച്ച‌് നയിക്കുകയാണ‌് ഹൃദയപക്ഷത്തെ തോഴർകൾ.

വിരുദുനഗർ ജില്ലയിൽ ഒന്നര ലക്ഷത്തിലധികം ദളിതരുണ്ടെന്ന‌് രേഖകൾ വ്യക്തമാക്കുന്നു. ഇതുവരെ രണ്ടുപേരാണ‌് എൽഎൽബി പാസായത‌്. ബിരുദധാരികൾ വിരലിൽ എണ്ണാവുന്നവർ മാത്രം. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമുന്നേറ്റം സാധ്യമാക്കാൻ തൊട്ടുകൂടായ്മ നിർമാർജന മുന്നണി കോയമ്പത്തൂരിൽ പട്ടികജാതിക്കാർക്കായി ഡോ. അംബേദ‌്കർ എഡ്യൂക്കേഷൻ ആൻഡ‌് എംപ്ലോയ‌്മെന്റ‌് കോച്ചിങ‌് സെന്റർ തുടങ്ങി. ഇവിടെ പരിശീലനം നേടിയ നിരവധിപേർക്ക‌് സർക്കാർജോലി ലഭിച്ചു. ജഗൻ എന്ന വിദ്യാർഥി സിവിൽ സർവീസ‌് പ്രിലിമിനറി പരീക്ഷ പാസായി. ഉദ്യോഗാർഥികൾക്കായി സേലത്ത‌് ഒരു റിസോഴ‌്സ‌് സെന്ററും ആരംഭിച്ചു.

തകർത്തെറിഞ്ഞ അയിത്തച്ചുവർ
തമിഴ‌്നാട്ടിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ തൊട്ടുകൂടായ്മയ‌്ക്കെതിരെ നടക്കുന്ന സമരങ്ങൾക്ക‌് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട‌്. എന്നാൽ, പ്രവർത്തനങ്ങളൊക്കെയും തൊട്ടുകൂടായ്മ നിർമാർജന മുന്നണി എന്ന ഒറ്റ കുടക്കീഴിൽ വരാൻ കാരണംതന്നെ മധുര ഉത്തപുരം ഗ്രാമത്തിൽ നിലനിന്ന അയിത്തച്ചുവരിനെതിരെയുള്ള പോരാട്ടമാണ‌്. 1989ലെ ജാതിസംഘർഷത്തിനുശേഷമാണ‌് ഉത്തപുരത്ത‌് ദളിത‌്, പിള്ളയാർ തെരുവുകളെ വേർതിരിക്കുന്ന ജാതിമതിൽ പണിതത‌്. ഉന്നത റവന്യൂ ഉദ്യോഗസ്ഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം അനുസരിച്ചായിരുന്നു മതിൽ പണിതത‌്. ഇടതുപക്ഷസംഘടനകൾ ഇതിനെതിരെ പോരാട്ടം നയിച്ചു. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന  പ്രകാശ‌് കാരാട്ട‌് 2008ൽ സ്ഥലം സന്ദർശിച്ചു. 600 മീറ്റർ ദൂരത്തിൽ കെട്ടിയ മതിലിന്റെ 12 അടി വരുന്ന ഭാഗം ഇടിച്ചുതകർത്തു. ബാക്കി പ്രദേശത്തിന്റെ രണ്ടുവശത്തും ഇരുവിഭാഗങ്ങളും വീട‌് നിർമിച്ചിരുന്നു. പ്രദേശത്തെ മുത്താലമ്മൻ കോവിലിൽ പ്രവേശനം ലഭിക്കാൻ ദളിതർക്ക‌് 2011വരെ കാത്തിരിക്കേണ്ടിവന്നു. ഇന്നും ഒക്ടോബറിൽ ഉത്സവസമയത്ത‌് ഇവിടെ സംഘർഷമുണ്ടാകാറുണ്ട‌്. ഒരു പതിറ്റാണ്ടിലേറെയായി ഉച്ചനീചത്വത്തിനെതിരെ ചെറുതും വലുതുമായ ആയിരക്കണക്കിന‌് സമരങ്ങളാണ‌് തമിഴ‌്നാട‌് തൊട്ടുകൂടായ്മ നിർമാർജന മുന്നണി ഏറ്റെടുത്ത‌് നടത്തിയത‌്. തുടർസമരത്തിലൂടെ അരുന്ധതിയർ വിഭാഗത്തിന‌് മൂന്നുശതമാനം സംവരണം ഏർപ്പെടുത്താനും കഴിഞ്ഞു.

കീഴ‌്‌വെണ്മണിയുടെ പ്രചോദനം
അവകാശനിഷേധത്തിനെതിരായ എല്ലാ പോരാട്ടങ്ങൾക്കും പ്രചോദനമാണ‌് കീഴ‌്‌വെണ്മണി രക്തസാക്ഷികൾ. കൂലിയായി അരപ്പടി നെല്ല‌് കൂടുതൽ ചോദിച്ചതിനാണ‌് 44 ദളിത‌്‌ കർഷകത്തൊഴിലാളികളെ 1968 ഡിസംബർ 25ന‌് ഭൂപ്രഭുക്കന്മാർ ചുട്ടുകൊന്നത‌്. ഭൂപ്രഭുക്കന്മാരുടെ തുടർ അക്രമത്തെയും പീഡനത്തെയും തൊഴിലാളികൾ ചെറുത്തുനിന്നതാണ‌് മുതലാളിമാരെ ചൊടിപ്പിച്ചത‌്. സമരത്തിന‌് വഴങ്ങി അരപ്പടി നെല്ല‌് കൂടുതൽ അനുവദിക്കേണ്ടിവന്നതിൽ കലിപൂണ്ടായിരുന്നു ആക്രമണം.
വെണ്മണി പോരാളികൾ മുതൽ തിരുനെൽവേലി തച്ചനല്ലൂരിലെ അശോക‌് വരെ, മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി ജീവൻകൊടുത്തും പോരാടുകയാണ‌് തമിഴ‌്മക്കൾ. അടിച്ചമർത്താൻ സർവസന്നാഹമൊരുക്കി നിൽക്കുന്ന ജാതിമേൽക്കോയ്മയെ ചെറുത്തുതോൽപ്പിക്കാൻ ചെങ്കൊടിത്തണലിൽ ആയിരങ്ങൾ അണിചേരുന്നു. ജാതിവെറിയുടെ വാൾമുനയിൽ ഇനിയൊരു ജീവനും പൊലിയില്ല എന്നുറപ്പിക്കാൻ സമരമുഖത്ത‌് അണിചേരുന്ന അശോകിന്റെ അമ്മ ആവുടയമ്മാൾ തമിഴ‌്മണ്ണിന്റെ അതിജീവനപ്രതീക്ഷയാണ‌്.

നിരന്തര സമരങ്ങളുടെ ഫലമായി ദളിത‌് പ്രവേശനം സാധ്യമായ ക്ഷേത്രങ്ങൾ

തിരുവണ്ണാമലൈ താമരപക്കം അഗ്നീശ്വർ ക്ഷേത്രം
ഡിണ്ടിഗൽ ആയക്കുടി കാളിയമ്മൻ കോവിൽ
പെരമ്പലൂർ വേപ്പംതട്ടൈ ശിവക്ഷേത്രം
പെരമ്പലൂർ ആണ്ടിമഠം യൂണിയൻ അഴകുപുരം കാശിവിശ്വനാഥൻ കോവിൽ
തിരുനെൽവേലി പന്ദപ്പുള്ളി മാരിയമ്മൻ കോവിൽ
തിരുവണ്ണാമലൈ വേടപ്പന്തൈ കൂത്താണ്ടർ കോവിൽ
വില്ലുപുരം കാങ്കിയനൂർ ദ്രൗപതിയമ്മാൾ കോവിൽ
നാഗപട്ടിണം ചെട്ടിപ്പുളം അഖണ്ഡ ഈശ്വർ കോവിൽ

 

(അവസാനിച്ചു)


പ്രധാന വാർത്തകൾ
 Top