04 December Friday
വാക്‌സിനെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്നു

വാക്‌സിൻ സൗജന്യമെന്ന്‌ ബിജെപി ; പൊളിച്ചടുക്കി സാമൂഹ്യമാധ്യമം

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

ന്യൂഡൽഹി
ബിഹാറിൽ എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യമായി നൽകുമെന്ന്‌ ബിജെപി പ്രകടന പത്രിക. വാക്‌സിനെ രാഷ്ട്രീയനേട്ടത്തിനായി ഭരണകക്ഷി ദുരുപയോഗപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. എന്തുകൊണ്ട്‌ ബിഹാറുകാർക്കുമാത്രം സൗജന്യമെന്ന ചോദ്യവുമുയർന്നു. സാമൂഹ്യമാധ്യമങ്ങളിലും ബിജെപിക്കെതിരെ രൂക്ഷപ്രതികരണമുയർന്നു. 

ധനമന്ത്രി നിർമല സീതാരാമനാണ്‌ ബിജെപിയുടെ പത്രിക പുറത്തിറക്കിയത്‌. എല്ലാ ബിഹാറുകാർക്കും സൗജന്യ കോവിഡ്‌ വാക്‌സിൻ എന്നതാണ്‌ പ്രകടനപത്രികയിലെ ആദ്യ വാഗ്‌ദാനമെന്ന്‌ നിർമല പറഞ്ഞു. കേന്ദ്ര ഭരണകക്ഷി തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനത്തെമാത്രം പരിഗണിക്കുന്നതിനെതിരെ വളരെ പെട്ടെന്ന്‌ പ്രതിഷേധമുയർന്നു. മറ്റ്‌ സംസ്ഥാനങ്ങളുടെ കാര്യത്തിൽ എന്താണ്‌ തീരുമാനമെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ ചോദിച്ചു. വോട്ട്‌ തന്നാൽ വാക്‌സിൻ തരാമെന്നാണ്‌ ബിജെപി പറയുന്നതെന്ന്‌ ശശി തരൂർ പരിഹസിച്ചു.

അബദ്ധം തിരിച്ചറിഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങൾക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന്‌ കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി ചൗബെ ബിഹാറിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ബിജെപി ജനറൽ സെക്രട്ടറി ഭൂപീന്ദർ യാദവും ഐടി സെൽ തലവൻ അമിത്‌ മാളവ്യവും ചൗബെയോട്‌ യോജിച്ചില്ല. 

പത്തൊമ്പത്‌ ലക്ഷം തൊഴിലവസരമെന്ന വാഗ്‌ദാനവും ബിജെപി പത്രികയിലുണ്ട്‌. മഹാസഖ്യം വാഗ്‌ദാനംചെയ്‌ത 10 ലക്ഷം തൊഴിൽ എങ്ങനെ നൽകുമെന്ന്‌ പരിഹസിച്ച ബിജെപി 19 ലക്ഷം തൊഴിൽ വാഗ്‌ദാനം ചെയ്‌തതും രൂക്ഷ വിമർശനത്തിന്‌ വഴിവച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top