06 June Saturday

ഒരേസമയം തെരഞ്ഞെടുപ്പ‌്: പഠിക്കാൻ സമിതി ; ഭരണഘടനാവിരുദ്ധം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019


ന്യൂഡൽഹി> ലോക‌്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ‌് നടത്തുന്നതിന്റെ  പ്രായോഗികസാധ്യത പഠിക്കാൻ സമിതി രൂപീകരിക്കും. സമിതിക്ക‌് പ്രധാനമന്ത്രി രൂപം നൽകും. രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയപാര്‍ടികളും ശക്തമായി എതിര്‍ക്കുന്ന ഭരണഘടനാ പരിഷ്കരണവുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രനീക്കം.

സമിതിയുടെ ഘടന, സ്വഭാവം തുടങ്ങിയവ മോഡി തീരുമാനിക്കുമെന്ന് സർവകക്ഷിയോ​ഗത്തിനുശേഷം പ്രതിരോധമന്ത്രി രാജ‌്നാഥ‌് സിങ‌് പറഞ്ഞു. ഭരണഘടന വിഭാവനംചെയ്യുന്ന അവകാശങ്ങള്‍ ഹനിക്കുന്ന നീക്കത്തോടുള്ള എതിര്‍പ്പ് സർവകക്ഷിയോ​ഗത്തില്‍ സിപിഐ എം മോഡിയെ നേരിട്ട് അറിയിച്ചു. സിപിഐ, എൻസിപി, ജെഡിയു എന്നീ കക്ഷികളും എതിര്‍പ്പറിയിച്ചു.

വിയോജിപ്പ‌് പ്രകടിപ്പിച്ച‌് കോൺഗ്രസ‌്, ടിഎംസി, ഡിഎംകെ, എസ‌്പി, ബിഎസ‌്പി, ശിവസേന തുടങ്ങിയ പാർടികൾ യോഗം ബഹിഷ‌്കരിച്ചു. ബിജെപിക്ക‌ു പുറമെ ബിജെഡി, വൈഎസ‌്ആർ കോൺഗ്രസ‌്, ജെഡിയു, എസ‌്എഡി എന്നീ പാർടികൾ അനുകൂലിച്ചു. ഒറ്റ തെരഞ്ഞെടുപ്പിന് കളമൊരുക്കാൻ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട‌് ഭൂരിപക്ഷംവേണം.

സംസ്ഥാന സർക്കാരുകളെ ഏകപക്ഷീയമായി പിരിച്ചുവിടാൻ കേന്ദ്രത്തിന‌് അധികാരം നൽകുന്ന 356–-ാം വകുപ്പ‌് നിലനിൽക്കുന്ന കാലത്തോളം ഒരേസമയം തെരഞ്ഞെടുപ്പ‌് പ്രായോഗികമായി മുന്നോട്ടുപോകില്ലെന്ന‌് യോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. 1952ലും 1957ലും രാജ്യത്ത‌് ലോക‌്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചായിരുന്നു.

എന്നാൽ, 1959ൽ കേരളത്തിലെ കമ്യൂണിസ്റ്റ‌് മന്ത്രിസഭയെ പിരിച്ചുവിട്ടു. പിന്നീട‌്  പലപ്പോഴും പല സംസ്ഥാനങ്ങളിലും ഈ ജനാധിപത്യക്കുരുതി ആവർത്തിച്ചു. അതുകൊണ്ട് ഒരേസമയം തെരഞ്ഞെടുപ്പ‌്  നിലവിലെ നിയമങ്ങൾപ്രകാരം നടക്കുന്ന കാര്യമല്ല. ഇതിനുവേണ്ടി നിർദേശിക്കപ്പെട്ട ഭരണഘടനാ ഭേദഗതികൾ കേന്ദ്രത്തിന‌് അമിതാധികാരം നൽകുന്നതും പ്രസിഡൻഷ്യൽ ഭരണസംവിധാനത്തിലേക്ക‌്  ഇന്ത്യയെ നയിക്കുന്നതുമാണ‌്–- യെച്ചൂരി  വ്യക്തമാക്കി.

ഫെഡറലിസത്തിന്റെ അന്തഃസത്തയ‌്ക്ക‌് വിരുദ്ധമാണ‌് ഒരേസമയം തെരഞ്ഞെടുപ്പ‌് എന്ന ആശയമെന്ന‌് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഒറ്റനോട്ടത്തിൽ  കൊള്ളാമെന്ന‌ു തോന്നാമെങ്കിലും  ഇന്ത്യയെപ്പോലെ വൈവിധ്യം നിലനിൽക്കുന്ന രാജ്യത്ത‌് ഇത‌് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. എൻസിപി അധ്യഷൻ ശരദ‌് പവാറും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

വ്യക്തമായ കാഴ‌്ചപ്പാടില്ലാതെ പൊള്ളയായ മുദ്രാവാക്യംമാത്രമാണ‌് കേന്ദ്രസർക്കാർ ഉയർത്തുന്നതെന്ന‌്  എഎപി വക്താവ‌് രാഘവ‌് ഛദ്ദ യോഗത്തിൽ പറഞ്ഞു. 
സർക്കാരിന്റെ നിലപാടിനോട‌് യോജിപ്പില്ലാത്തതിനാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അവസാന നിമിഷമാണ് കോൺഗ്രസ‌് തീരുമാനിച്ചത്. യോഗം ബഹിഷ‌്കരിക്കുമെന്ന് ടിഎംസി നേരത്തെ അറിയിച്ചിരുന്നു.

ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട‌്നായിക‌്, ബിഹാർ മുഖ്യമന്ത്രി നിതീഷ‌്കുമാർ (ജെഡിയു), ഫറൂഖ‌് അബ്ദുള്ള (എൻസിപി), മഹ‌്ബൂബ മുഫ‌്‌തി (പിഡിപി), കേന്ദ്രമന്ത്രി രാംവിലാസ‌് പസ്വാൻ (എൽജെപി) എന്നിവരും യോഗത്തിൽ പങ്കെടുത്തു. മഹാത്മാഗാന്ധിയുടെ 150–-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ‌്തു. ആഘോഷത്തെ പിന്തുണയ‌്ക്കുമെന്നും എന്നാൽ ഗാന്ധിഘാതകരെ വാഴ‌്ത്തുന്നവർക്ക‌് പ്രോത്സാഹനം ലഭിക്കുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും  യെച്ചൂരി യോഗത്തിൽ പറഞ്ഞു.
പിന്നോക്കജില്ലകളുടെ വികസനവും യോഗത്തിൽ ചർച്ച ചെയ‌്തു.

ഭരണഘടനാവിരുദ്ധം: സിപിഐ എം
ന്യൂഡൽഹി
‘ഒറ്റ തെരഞ്ഞെടുപ്പ‌്’ നിർദേശം ഭരണഘടനാ വിരുദ്ധവും കേന്ദ്രത്തിന്റെയും ഗവർണർമാരുടെയും ഇടപെടലുകൾ വർധിപ്പിക്കുന്നതുമാണെന്ന‌് സിപിഐ എം വ്യക്തമാക്കി. നിയമനിർമാണസഭയ‌്ക്ക‌് ഉത്തരം നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്ന ഭരണഘടനാതത്വത്തിൽ വെള്ളംചേർക്കാതെ  "ഒരേ സമയം തെരഞ്ഞെടുപ്പ‌് ' നടപ്പാക്കാനാകില്ല. കേന്ദ്രമന്ത്രിസഭ  ലോക‌്സഭയോട‌് കൂട്ടായ ഉത്തരവാദിത്തം പുലർത്തണമെന്ന‌് ഭരണഘടനയുടെ 75(3) വകുപ്പ‌് വ്യവസ്ഥചെയ്യുന്നു. സംസ്ഥാന മന്ത്രിസഭ നിയമസഭകളോട‌് ഉത്തരവാദിത്തം പുലർത്തണമെന്ന‌് 164(1) വകുപ്പ് നിഷ‌്കർഷിക്കുന്നു. അവിശ്വാസപ്രമേയം പാസാകുകയോ പണബിൽ പരാജയപ്പെടുകയോ ചെയ‌്താൽ സർക്കാർ രാജിവയ‌്ക്കണം. ബദൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പ‌് നടത്തണം. ലോക‌്സഭയുടെയോ സംസ്ഥാന നിയമസഭകളുടെയോ കാലാവധി ഭരണഘടന നിജപ്പെടുത്തിയിട്ടില്ല. അഞ്ച‌് വർഷമോ അതിനുമുമ്പ‌് പിരിച്ചുവിടേണ്ടി വന്നാൽ അതുവരെയോ എന്നാണ‌് വ്യവസ്ഥ. ലോക‌്സഭയുടെയോ നിയമസഭകളുടെയോ ആയുസ്സ‌് വലിച്ചുനീട്ടാനുള്ള ഏതു നീക്കവും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ‌്.

ഒരേസമയം തെരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതിചെയ്യുന്നത‌് സംബന്ധിച്ച‌് പല നിർദേശങ്ങളും വന്നിട്ടുണ്ട‌്. ലോക‌്സഭ പിരിച്ചുവിടേണ്ടിവരികയോ കാലാവധി പൂർത്തിയാക്കാന്‍ അധികസമയം ശേഷിക്കാതിരിക്കുകയോ ചെയ‌്താൽ, രാഷ്ട്രപതിക്ക‌് രാജ്യത്തിന്റെ ഭരണം നിർവഹിക്കാൻ അധികാരം നൽകണമെന്നതാണ‌് നിതി ആയോഗിന്റെ നിർദേശം. രാഷ്ട്രപതിതന്നെ നിയമിക്കുന്ന മന്ത്രിസഭയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ‌് ഭരണനിർവഹണം നടക്കേണ്ടത‌്. രാഷ്ട്രപതിക്ക‌് ഭരണത്തലവന്റെ സ്ഥാനം നൽകാനുള്ള ഈ നീക്കം അങ്ങേയറ്റം അപകടകരമാണ‌്. പിൻവാതിൽവഴി എക‌്സിക്യൂട്ടീവ‌് പ്രസിഡൻസി അടിച്ചേല്‍പ്പിക്കുന്ന നീക്കമാണിത്.കാലാവധി തികയ‌്ക്കുന്നതിന‌് വർഷങ്ങൾക്കുമുമ്പ‌് സഭ പിരിച്ചുവിടേണ്ടിവന്നാൽ വീണ്ടും തെരഞ്ഞെടുപ്പ‌് നടത്തുമ്പോൾ നിലവിലുണ്ടായിരുന്ന സഭയുടെ ബാക്കിയുണ്ടായിരുന്ന കാലത്തേക്കുമാത്രമായി തെരഞ്ഞെടുപ്പ‌് നടത്തിയാൽ മതിയെന്നതാണ‌് മറ്റൊരു നിർദേശം. ഒരേസമയം തെരഞ്ഞെടുപ്പിന്റെ പേരിൽ അടിക്കടി തെരഞ്ഞടുപ്പിന് വഴിയൊരുക്കുന്നതാണ‌് ഈ നിർദേശം.

"ഒരേസമയം തെരഞ്ഞെടുപ്പ‌്' ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണമാണ‌്. തെരഞ്ഞെടുപ്പിന‌് കളമൊരുക്കാൻ ചില നിയമസഭകളുടെ കാലാവധി നീട്ടണമെന്നും മറ്റു ചില സഭകളുടെ കാലാവധി വെട്ടിച്ചുരുക്കണമെന്നും ശുപാർശകളുണ്ട‌്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ പൗരന്മാർക്കുള്ള അവകാശം നിഷേധിക്കലാണ‌് ഇതുവഴി സംഭവിക്കുക. കാലാവധിയുടെ ഏറിയപങ്ക‌് കഴിഞ്ഞശേഷം സംസ്ഥാനനിയമസഭകളിൽ ഏതെങ്കിലും പിരിച്ചുവിടേണ്ടിവന്നാൽ ശേഷിക്കുന്ന കാലം ഗവർണർ ഭരണത്തിൻകീഴിലാക്കണമെന്നും ശുപാർശയുണ്ട‌്.  "കേന്ദ്ര ഇടപെടൽ' എന്നാണ‌് ഇതിന്റെ അർഥം.  356–-ാം വകുപ്പ‌് ദുരുപയോഗിച്ച‌് സംസ്ഥാന സർക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടതാണ‌്  ഒരേസമയം തെരഞ്ഞെടുപ്പ‌്  എന്നത‌് അവസാനിക്കാൻ ഇടയാക്കിയത‌്. ആദ്യം പിരിച്ചുവിട്ടത‌് 1959, കേരളത്തിലെ കമ്യൂണിസ്റ്റ‌് സർക്കാരിനെയായിരുന്നു– യെച്ചൂരി ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top