07 June Sunday

എൻആർസി അനിവാര്യനടപടിയെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ

എം പ്രശാന്ത‌്Updated: Tuesday Mar 17, 2020


ന്യൂഡൽഹി
ദേശീയ പൗരത്വ രജിസ്‌റ്റർ (എൻആർസി) പരമാധികാര രാജ്യത്തിന്റെ  അനിവാര്യനടപടിയാണെന്ന്‌ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾക്കുള്ള പ്രാഥമിക മറുപടി സത്യവാങ്‌മൂലത്തിലാണ്‌ കേന്ദ്രം നിലപാട്‌ വ്യക്തമാക്കിയത്. എൻആർസിയെ ക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്‌താവനയ്‌ക്ക്‌ വിരുദ്ധമാണിത്‌. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്‌ നൂറ്റിമുപ്പതോളം പേജുള്ള സത്യവാങ്‌മൂലം സുപ്രീംകോടതിയിൽ സമർപ്പിച്ചത്‌.

14–-ാം അനുച്ഛേദത്തിന്‌ വിരുദ്ധമല്ല 
വിവാദ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പൂർണമായും ന്യായീകരിച്ചും സംരക്ഷിച്ചുമാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്‌മൂലം. സിഎഎ ഭരണഘടനയുടെ 14–-ാം അനുച്‌ഛേദത്തിന്‌ വിരുദ്ധമല്ല. ഇന്നർലൈൻ പെർമിറ്റ്‌ മേഖലകളെ സിഎഎ പരിധിയിൽനിന്ന്‌ ഒഴിവാക്കിയതും കൃത്യമായ കാരണത്താലാണ്‌. നിയമത്തിൽ പരാമർശിക്കുന്ന മൂന്ന്‌ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ മതപീഡനങ്ങൾ അനുഭവിക്കുന്നതിന് തെളിവായി ചരിത്ര രേഖകൾ സമർപ്പിച്ചിട്ടുണ്ട്‌. ഇവർക്ക്‌ അഭയം തേടാവുന്ന ഏക രാജ്യം ഇന്ത്യയാണ്‌. സിഎഎയിൽ പറയുന്ന മൂന്ന്‌ രാജ്യങ്ങളും  ഇസ്ലാം ഔദ്യോഗിക മതമായി സ്വീകരിച്ചിട്ടുള്ളവയാണ്‌. മാത്രമല്ല സൈനികഭരണത്തിന്റെയും ആഭ്യന്തരയുദ്ധങ്ങളുടെയും ചരിത്രവുമുണ്ട്‌. ഇന്ത്യ ഇവയിൽനിന്ന്‌ വ്യത്യസ്‌തമായി മതേതര ഭരണഘടനയുള്ളതും മറ്റ്‌ മതവിഭാഗങ്ങൾ ധാരാളമായി കഴിയുന്ന രാജ്യവുമാണ്‌. അതിനാൽ മതവിഭാഗങ്ങളുടെ തെരഞ്ഞെടുപ്പും രാജ്യങ്ങളുടെ തെരഞ്ഞെടുപ്പും 14–-ാം അനുച്‌ഛേദത്തിന്‌ വിരുദ്ധമല്ല.

എൻആർസി ആവശ്യമായ പ്രക്രിയ
പൗരന്മാരെയും അല്ലാത്തവരെയും വേർതിരിക്കാൻ പരമാധികാര രാഷ്ട്രത്തിന്‌ അനിവാര്യപ്രക്രിയയാണ്‌ എൻആർസി. നിലവിൽ മൂന്നുതരം ആളുകൾ രാജ്യത്തുണ്ട്‌. പൗരന്മാർ, അനധികൃത കുടിയേറ്റക്കാർ, സാധുവായ വിസയോടു കൂടി കഴിയുന്ന വിദേശികൾ. പൗരത്വനിയമം, പാസ്‌പോർട്ട്‌ നിയമം, ഫോറിനേഴ്‌സ്‌ നിയമം എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ഉചിത നടപടി സ്വീകരിക്കേണ്ടത്‌ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്‌. പലർക്കും പൗരത്വം നഷ്ടമാകുമെന്ന വാദം ശരിയല്ല. പൗരത്വം തെളിയിക്കാനുള്ള ബാധ്യത വ്യക്തികൾക്കാണെന്ന്‌ സർബാനന്ദ്‌ സൊനോവാൾ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

കോടതിക്ക്‌ ഇടപെടാൻ പരിമിതിയുണ്ട്
പൗരത്വം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ പരമാധികാര സർക്കാരിന്റെ എക്‌സിക്യൂട്ടീവ്‌ പരിധിയിലായതിനാൽ ജുഡീഷ്യൽ പുനഃപരിശോധനയ്‌ക്ക്‌ പരിമിതസാധ്യതകളേയുള്ളൂ.  പൗരത്വവുമായും അതിന്റെ അതിർവരമ്പുകളുമായും ബന്ധപ്പെട്ട്‌ പാർലമെന്റിനുള്ള സവിശേഷാധികാരത്തിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ പൊതുതാൽപ്പര്യ ഹർജിയിലൂടെ കോടതിയിൽ ചോദ്യംചെയ്യാനാകില്ലെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഇത്‌ ഇടക്കാല സത്യവാങ്‌മൂലമാണെന്നും അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ മറ്റൊന്ന്‌ സമർപ്പിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ഡയറക്ടർ ബി സി ജോഷി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top