19 June Wednesday

ജമ്മു സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക‌ുനേരെ സംഘപരിവാർ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

ന്യൂഡൽഹി
ജമ്മു കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക‌ുനേരെ സംഘപരിവാർ ആക്രമണം. സർവകലാശാലയിലെ എബിവിപി പ്രവർത്തകരും  ക്യാമ്പസിന‌് പുറത്ത‌ുനിന്നെത്തിയ ആർഎസ‌്എസ‌് പ്രവർത്തകരും വെള്ളിയാഴ‌്ച വൈകിട്ട‌ാണ‌് ആക്രമണം നടത്തിയത‌്. നാനോസയൻസ‌് വിദ്യാർഥി വിഷ‌്ണു, നാഷണൽ സെക്യൂരിറ്റി വിദ്യാർഥി ഭരത‌് എന്നിവർക്ക‌് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ‌്ച ആർട‌് ഫെസ‌്റ്റ‌് നടക്കുന്നതിനിടെയാണ‌് അക്രമം. 

വിസിയും ഹോസ്റ്റൽവാർഡനും ഇടപെട്ട‌് പൊലീസിൽ പരാതി നൽകാനുള്ള നീക്കം തടഞ്ഞു.പരാതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന‌് ഭീഷണിപ്പെടുത്തി. അതേസമയം, വിഷയം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ‌് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.

കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകളും മാംസാഹാരം കഴിക്കുന്നവരുമാണെന്ന‌് പറഞ്ഞാണ‌്അതിക്രമം.  വൈസ‌് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതരുടെ ഒത്താശയോടെയാണ‌് കേരളത്തിൽനിന്നുള്ള മുപ്പത്തഞ്ചോളം വിദ്യാർഥികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത‌്. സർവകലാശാലയിൽനിന്ന‌് 30 കിലോമീറ്റർ അകലെയുള്ള ഹോസ്റ്റലിലേക്ക‌ുള്ള ബസ‌് സർവീസിന‌് വലിയതുക ഈടാക്കുന്നതിൽ പ്രതിഷേധിച്ചതിൽ കോളേജ‌് അധികൃതർ മലയാളി വിദ്യാർഥികളോട‌് ശത്രുതയോടെയാണ‌് പെരുമാറുന്നത‌്.

സ്വരക്ഷയ‌്ക്ക‌ുവേണ്ടി പൊലീസിനെപ്പോലും സമീപിക്കാൻ കഴിയാതെ ഹോസ്റ്റൽമുറികളിൽത്തന്നെ കഴിയുകയാണെന്ന‌് മാനന്തവാടി സ്വദേശിയും ഇംഗ്ലീഷ‌് ബിരുദാനന്തര ബിരുദ വിദ്യാർഥിയുമായ വിഷ‌്ണുപ്രസാദ‌് ദേശാഭിമാനിയോട‌് പറഞ്ഞു. 2017ൽ ക്യാമ്പസിൽ എസ‌്എഫ‌്ഐ യൂണിറ്റ‌് തുടങ്ങിയതുമുതലാണ‌് എബിവിപി ആക്രമണം ശക്തമായത‌്.

പ്രാദേശിക ദിനപത്രങ്ങളുടെ ഒന്നാംപേജിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ കശ‌്മീരിവിദ്യാർഥികളുമായി ചേർന്ന‌് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നതായി  വാർത്ത പ്രസിദ്ധീകരിച്ചു. പാക‌് അനുകൂല വികാരം കുത്തിവയ‌്ക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചു.    മലയാളി വിദ്യാർഥികളെ ക്ലാസ‌്മുറികളിലും ഹോസ്റ്റലിലും മെസ്സിലും എബിവിപിക്കാർ ആക്രമിച്ചു. സർവകലാശാലയിൽ രാഷ്ട്രീയപ്രവർത്തനം അനുവദിക്കില്ലെന്ന‌് വിസിയെക്കൊണ്ട‌് ഉത്തരവിറക്കിച്ചു. 70 ശതമാനത്തോളം വിദ്യാർഥികളും  മാംസാഹാരം കഴിക്കുന്നവരായിട്ടും മെസ്സിൽ സസ്യാഹാരംമാത്രമേ നൽകാൻ പാടുള്ളൂവെന്ന‌് എബിവിപിക്കാർ ഇടപെട്ട‌് ചട്ടമുണ്ടാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top