04 July Saturday

"ജമാ മസ്‌ജിദ്‌ പാകിസ്ഥാനാണോ', പ്രതിഷേധിക്കുന്നതിൽ എന്താണ്‌ തെറ്റ്‌ ; ഡൽഹി പൊലീസിനോട്‌ കോടതി

പി ആർ ചന്തുകിരൺUpdated: Wednesday Jan 15, 2020



ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെപേരിലുള്ള പൊലീസ്‌ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച്‌ ഡൽഹി കോടതി. ഡല്‍ഹി ജമാ മസ്ജിദില്‍  പ്രതിഷേധിക്കുന്നതിൽ എന്താണ്‌ തെറ്റെന്ന്‌ ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ഡൽഹി തിസ്‌ ഹസാരി കോടതി അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ ഡോ. കാമിനി ലാ ചോദിച്ചു. "ജാമ്യാപേക്ഷയെ ഇങ്ങനെ എതിർക്കാൻ ഡൽഹി ജമാ മസ്‌ജിദ്‌ പാകിസ്ഥാനാണോ?  ഇനി പാകിസ്ഥാനാണെങ്കിലും അവിടെ പോയി പ്രതിഷേധിക്കാം. അതിനുള്ള ഭരണഘടനാപരമായ അവകാശം തടയാനാകില്ല' ജഡ്‌ജി പറഞ്ഞു.

ആസാദ്‌ ആക്രമണത്തിന്‌ ആഹ്വാനംചെയ്തെന്നും പ്രതിഷേധിക്കാൻ അനുമതിയില്ലെന്നും പൊലീസ്‌ വാദിച്ചു. ഇതിനെയും കോടതി രൂക്ഷമായി വിമർശിച്ചു.  "ആരാധനാലയത്തിന്‌ പുറത്ത്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌ ഏത്‌ നിയമമാണ്‌ വിലക്കുന്നത്‌. 144 ആവർത്തിച്ച്‌ പ്രഖ്യാപിക്കുന്നത്‌ ദുരുപയോഗമാണെന്ന്‌ കശ്‌മീർ കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാർലമെന്റിന്‌ പുറത്ത്‌ പ്രതിഷേധിച്ച പലരും മന്ത്രിമാരായി. ആസാദിന്‌ പ്രതിഷേധിക്കാൻ അവകാശമുണ്ട്‌. ആസാദ്‌ ആക്രമണത്തിന്‌ പ്രേരിപ്പിച്ചതിൽ തെളിവില്ലാത്തതെന്തുകൊണ്ടാണ്.' ജഡ്‌ജി ചോദിച്ചു. ആസാദിന്റെ സോഷ്യൽമീഡിയ പോസ്‌റ്റുകൾ ഭരണഘടനാ വിരുദ്ധമല്ലെന്നും ജഡ്ജി പറഞ്ഞു. കേസ്‌ ബുധനാഴ്‌ച വീണ്ടും പരിഗണിക്കും.

ഡൽഹി ജമാ മസ്‌ജിദ്‌

ഡൽഹി ജമാ മസ്‌ജിദ്‌


പ്രധാന വാർത്തകൾ
 Top