19 February Wednesday

ഒട്ടിക്കാനാകാത്ത പഞ്ചർ : രാജ്യത്തെ വാഹനനിർമാണരംഗം നേരിടുന്ന പ്രതിസന്ധിയിലേക്ക്‌ ഒരു അന്വേഷണം

സാജൻ എവുജിൻUpdated: Friday Sep 13, 2019


കർഷക ആത്മഹത്യ തുടർക്കഥയായ രാജ്യത്ത്‌ വ്യാവസായിക തൊഴിലാളികളും ആ വഴിവക്കിലാണ്‌. വാഹനനിർമാണമേഖല അടുത്തകാലത്തായി പടുകുഴിയിലേക്ക്‌ നീങ്ങുകയാണ്‌. ആയിരക്കണക്കിനു തൊഴിലാളികൾക്ക്‌ ഉപജീവനമാർഗം നഷ്ടമായി. രാജ്യത്തെ വാഹനനിർമാണരംഗം നേരിടുന്ന പ്രതിസന്ധിയിലേക്ക്‌ ഒരു അന്വേഷണം. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ്‌ സാജൻ എവുജിൻ തയ്യാറാക്കിയ പരമ്പര

ഹരിയാനയിലെ മനേസർ ബിനോല ശിവം ഓട്ടോടെക്കിൽ ക്വാളിറ്റി കൺട്രോളറാണ്‌ ജതൻ സിങ്‌. കമ്പനിയിൽനിന്ന്‌ തൊഴിലാളികളെ പിരിച്ചുവിട്ടതിനെരെ നടക്കുന്ന സമരത്തിനിടെയാണ്‌ ജതനെ കണ്ടത്‌. ഉൽക്കണ്‌ഠയും സങ്കടവും രോഷവും കലർന്ന ഭാവത്തോടെ സമരപ്പന്തലിനു സമീപം നിൽക്കുകയായിരുന്നു അയാൾ. ദുർബല ശരീരം. താടിയും മുടിയും വല്ലാതെ വളർന്നിരിക്കുന്നു. ഇടറിയ ശബ്ദത്തിൽ ജതൻ സംസാരിച്ചുതുടങ്ങി,  ‘ഈ കമ്പനിയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട്‌ 17 വർഷമായി. തുച്ഛവേതനമെങ്കിലും സ്ഥിരമായി കിട്ടുമായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷയും ഇല്ല’.

ജതൻ സിങ്‌

ജതൻ സിങ്‌


 

മനേസറിൽ കാണാം ഇന്ത്യ
വാഹനനിർമാണ വ്യവസായത്തിന്റെ കേന്ദ്രമായ മനേസറിലെ ഇപ്പോഴത്തെ  പ്രതീകമാണ്‌ ജതൻ. ഒന്നര വർഷത്തിനുള്ളിൽ മനേസറിൽമാത്രം അരലക്ഷത്തോളം പേർക്ക്‌  തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ചില ഫാക്ടറികൾ അടച്ചുപൂട്ടി. മാരുതി, ഹീറോ, യമഹ, ഹോണ്ട, ഐഷർ, മിത്‌സുബുഷി തുടങ്ങിയ പ്രമുഖ നിർമാതാക്കൾക്ക്‌ വാഹനഭാഗങ്ങൾ കരാർ അടിസ്ഥാനത്തിൽ നിർമിച്ചുനൽകുന്ന കമ്പനികളാണ്‌  പൂട്ടുകയോ തൊഴിലാളികളെ  കുറയ്‌ക്കുകയോ ചെയ്യുന്നത്‌.

ദിവസക്കൂലിക്കാരും കരാർജോലിക്കാരുമാണ്‌ തുടക്കത്തിൽ ഇരകൾ. ഇപ്പോൾ ജതൻ സിങ്ങിനെപ്പോലുള്ള വിദഗ്‌ധതൊഴിലാളികളും മാന്ദ്യത്തിന്റെ  ഭയപ്പാടിലാണ്‌.

20 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിൽ സ്ഥിരം വരുമാനമുള്ള ഏക ആൾ ജതനാണ്‌.  മറ്റുള്ളവരെല്ലാം കൃഷിപ്പണിക്കാരാണ്‌. അവരുടെയെല്ലാം പ്രതീക്ഷകളുടെ ഭാരം ജതന്റെ ചുമലിലാണ്‌.  കമ്പനി  വാഗ്‌ദാനംചെയ്‌ത വേതന വർധന നടപ്പാക്കുന്നില്ലെന്നുമാത്രമല്ല പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുകയുമാണ്‌.

മനേസറിലെ അലിയർ, കസൻ ഗ്രാമങ്ങളിലെ ഇടുങ്ങിയ തെരുവുകളിൽ മുമ്പ്‌ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും മറുനാടൻ തൊഴിലാളികളുടെ ബഹളമായിരുന്നു. ഇന്ന്‌ ഈ ഗ്രാമങ്ങൾ മൂകമാണ്‌. മറുനാടൻ തൊഴിലാളികൾക്കായി കസനിൽ ലോഡ്‌ജ്‌ നടത്തുന്ന വിനോദ്‌ ചൗഹാൻ പറയുന്നു‐ ‘മുമ്പ്‌ എന്റെ ലോഡ്‌ജിലെ 70 മുറിയും നിറഞ്ഞിരുന്നു. ഇപ്പോൾ പകുതിയോളം ഒഴിവാണ്‌.’

ഓട്ടംനിലച്ച ഓട്ടോമൊബൈൽ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായിരുന്ന ഓട്ടോമൊബൈൽ രംഗം ഓട്ടം നിലച്ചമട്ടാണ്. യാത്രവാഹനങ്ങളും ചരക്കുവാഹനങ്ങളും നിർമിക്കുന്ന പല പ്രമുഖ കമ്പനികളും  ഉൽപ്പാദനം നിർത്തി ദിവസങ്ങളോളം അടച്ചിട്ടു. ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ടു.

അനുബന്ധമേഖലയിൽ തൊഴിൽ തേടുന്നവരും നെട്ടോട്ടത്തില്‍. സര്‍വ്വവും സ്തംഭിപ്പിച്ച നോട്ട്‌ നിരോധനം വാഹനവിപണിക്ക് വലിയ പഞ്ചറാണ് സൃഷ്ടിച്ചത്.   

(അവസാനിക്കുന്നില്ല)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top