16 January Saturday

കോൺഗ്രസിന്റെയും ജെഡിഎന്റെയും മന്ത്രിമാർ രാജിവച്ചു, വിമതർക്ക‌് മന്ത്രിസ്ഥാനം നൽകി അനുനയിപ്പിക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


ബംഗളൂരു
എംഎൽഎമാരുടെ രാജിയെ തുടർന്ന് തുലാസിലായ സഖ്യസർക്കാരിനെ നിലനിർത്താൻ  മന്ത്രിമാരുടെ കൂട്ടരാജി. വിമതർക്ക‌് മന്ത്രിസ്ഥാനം നൽകി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ‌്  മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും  ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജി പ്രഖ്യാപിച്ചത‌്. എന്നാൽ രാജിക്കത്ത‌് മുഖ്യമന്ത്രി ഗവർണർക്ക‌് കൈമാറിയിട്ടില്ല. ബിജെപിയുടെ അട്ടിമറി നീക്കങ്ങൾക്ക‌് കോൺഗ്രസ‌്–-ജെഡിഎസ‌് എംഎൽഎമാർ കൂട്ടുനിന്നതോടെ പ്രതിസന്ധിയിലായ സർക്കാരിനെ നിലനിർത്താൻ തിരക്കിട്ട ശ്രമത്തിലാണ‌് നേതൃത്വം. പലതലങ്ങളിലായി ചർച്ച നടക്കുന്നു.

സർക്കാർ വീഴില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി കുമാരസ്വാമി ഉടൻ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും ട്വീറ്റ് ചെയ്തു.  സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് തിങ്കളാഴ‌്ച രാവിലെ രാജിവച്ച് ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.  മന്ത്രിസ്ഥാനത്തുനിന്ന‌് രാജിവച്ചതിനു പിന്നാലെയാണ‌് ഗവർണർ വാജുഭായി വാലയെ കണ്ട എച്ച് നാഗേഷ് ബിജെപിക്കുള്ള പിന്തുണ അറിയിച്ചത‌്.  മറ്റൊരു സ്വതന്ത്രനായ  ആർ ശങ്കറും മന്ത്രിസ്ഥാനം രാജിവച്ച‌് മുംബൈയിലെത്തിയശേഷം ബിജെപിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 107 ആയി.

നാലോ അഞ്ചോ എംഎൽഎമാരെ ഒപ്പമെത്തിച്ചാൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ‌് നേതൃത്വം. നാഗേഷ‌് രാജിവച്ച‌് ബിജെപിക്ക‌് പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെയാണ‌്  21 കോൺഗ്രസ് മന്ത്രിമാർ രാജിപ്രഖ്യാപിച്ചത‌്. തുടർന്ന‌് ജെഡിഎസ് മന്ത്രിമാരും.  എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് തങ്ങുന്നത്. കോൺഗ്രസ‌്  നേതാവ‌് ഡി കെ ശിവകുമാർ മുംബൈയിൽ എത്തി വിമതരുമായി നേരിട്ട‌് ചർച്ച നടത്താനുള്ള ശ്രമത്തിലാണ‌്. ഇതോടെ വിമതരെ ഗോവയിലേക്ക‌് കടത്താൻ ബിജെപി കരുനീക്കി. നാഗേഷിനെ  യെദ്യൂരപ്പയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് മന്ത്രി ഡി കെ ശിവകുമാർ ആരോപിച്ചു. കോൺഗ്രസ് വിമതൻ രാമലിംഗ റെഡ്ഡിയുൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി കുമാരസ്വാമി  നേരിട്ട‌് ചർച്ച നടത്തി. റെഡ്ഡിയെ തിരിച്ചുകൊണ്ടുവരാനും മന്ത്രിസ്ഥാനം നൽകാനുമാണ‌് ആലോചന. അതിനിടെ ജെഡിഎസ് എംഎൽഎമാരെ ദേവനഹള്ളിയിലെ  റിസോർട്ടിലേക്ക് മാറ്റി.  ചൊവ്വാഴ‌്ച ബിജെപി നിയമസഭാ കക്ഷിയോഗം  ചേരും. സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ഉടൻ രാജിവയ്ക്കണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു. 107 എംഎൽഎമാരുടെ പിന്തുണ ബിജെപിക്ക‌് ഉണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

ചൊവ്വാഴ‌്ച രാവിലെ കോൺഗ്രസ് നിയമസഭാകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന്  കർണാടകത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സർക്കാർ വീഴില്ലെന്നും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും കോൺഗ്രസ‌് നിയമസഭാ കക്ഷി നേതാവ‌് സിദ്ധ രാമയ്യയും പറഞ്ഞു.
 

ഗവർണറുടെ തീരുമാനവും നിർണായകം
ബംഗളൂരു
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച‌് ഗവർണറുടെ തീരുമാനം നിർണായകമാകും.  ഗവര്‍ണർ വാജുഭായി വാലയെ സന്ദർശിച്ച‌് സ‌്പീക്കർക്ക‌് രാജികത്ത‌് നൽകിയ കാര്യം എംഎൽഎമാർ  അറിയിച്ചിരുന്നു.  കുമാര സ്വാമി സർക്കാരിന‌് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബിജെപിയും   ഗവർണറെ അറിയിച്ചു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാതെ  മന്ത്രിസഭാവികസനത്തിന‌് ഗവർണർ അനുമതി നൽകുമോ എന്ന ആശങ്ക കോൺഗ്രസ‌് നേതൃത്വത്തിനുമുണ്ട‌്. അതുകൊണ്ടുതന്നെയാണ‌് മന്ത്രിമാരുടെ രാജിക്കത്ത‌് മുഖ്യമന്ത്രി ഗവർണർക്ക‌് കൈമാറാതിരുന്നത‌്. 

പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ 12ന‌് ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും സാധ്യതയുണ്ട‌്.

സ‌്പീക്കറുടെ തീരുമാനം ഇന്ന‌്
ബംഗളൂരു
വിമതരുടെ രാജിയിൽ സ‌്പീക്കർ രമേഷ‌്കുമാർ  ചൊവ്വാഴ‌്ച തീരുമാനമെടുക്കും. എംഎൽഎമാർ സമർപ്പിച്ച രാജിക്കത്ത‌് സ‌്പീക്കറുടെ സെക്രട്ടറിയാണ‌് ഏറ്റുവാങ്ങിയത‌്. വിമതർ കൂറുമാറിയതായി പ്രഖ്യാപിച്ചാൽ ആറുവർഷത്തേക്ക‌് മത്സരിക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top