17 January Friday

പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു, അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

ഹൈദരാബാദ് >  വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ ചുട്ടുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച്‌  സൈബരാബാദ് പൊലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍. പൊലീസ് വെടിവച്ചുകൊന്ന നാലുപേരും ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികളാണെന്ന്‌ വി സി സജ്ജനാര്‍ അവകാശപ്പെട്ടു.

പ്രതികള്‍ പൊലീസിന്റെ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കേസില്‍ ഇവര്‍ക്കെതിരായ തെളിവുകള്‍  ലഭിച്ചിട്ടുണ്ടെന്നും വി സി സജ്ജനാര്‍ പറഞ്ഞു.

ഹൈദരാബാദിലെ വെറ്റനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പൊലീസ് പിടികൂടിയ നാല് പേര്‍ തെളിവെടുപ്പിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് കമ്മീഷണറുടെ വിശദീകരണം. മുഹമ്മദ് ആരിഫ്, ശിവ,നവീന്‍, ചെല്ല കേശവലു എന്നീ പ്രതികളാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

പൊലീസിന്റെ കൈവശമുള്ള തോക്കുകള്‍ തട്ടിയെടുക്കുകയും വെടിവെക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ്‌ തിരിച്ച്‌ വെടിവെച്ചതെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ നാലുപേരും വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയെന്നും കമ്മീഷണര്‍ സജ്ജനാര്‍ അവകാശപ്പെട്ടു. പ്രതികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൊലീസ്‌ നടപടിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകൾക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയിൽ നടത്തുന്ന കൊലപാതകങ്ങൾ പരിഹാരമല്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പൊലീസ്‌ നടപടിയെ വിമർശിച്ചു. നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാ സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 പൊലീസിനെ പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തക ഇറോം ശര്‍മിള പറഞ്ഞു. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം നേരിട്ട് അനുഭവിച്ചയാളാണെന്നും ഇറോം ശര്‍മിള പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top