11 December Wednesday

തൊഴിലുറപ്പ്‌ പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കൽ ; ഗ്രാമീണ ജനതയ്ക്കെതിരായ 
കടന്നാക്രമണം : സിപിഐ എം

പ്രത്യേക ലേഖകൻUpdated: Wednesday Nov 6, 2024


ന്യൂഡൽഹി
ഗ്രാമീണ മേഖലയിലെ ദരിദ്രർക്കുനേരെ ഡിജിറ്റൈസേഷന്റെ പേരിൽ നടക്കുന്ന തീവ്രമായ കടന്നാക്രമണമാണ്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അംഗങ്ങളുടെ ദുരവസ്ഥയിൽ പ്രകടമാകുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം കമ്യൂണിക്കെയിൽ പറഞ്ഞു. രണ്ട്‌ വർഷത്തിനിടെ എട്ട്‌ കോടി തൊഴിലാളികളെങ്കിലും പട്ടികയിൽനിന്ന്‌ പുറത്താവുകയും തൊഴിൽനിഷേധത്തിന്‌ വിധേയരാവുകയും ചെയ്‌തെന്ന്‌ പഠനറിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഇത്‌ നിയമലംഘനമാണ്‌. ഈ വർഷം തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള ബജറ്റ്‌ വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. വർഷം 100 തൊഴിൽദിനം ഉറപ്പുനൽകുന്ന നിയമപരമായ അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണിത്‌. തൊഴിൽദിനങ്ങൾ 150 ആയി ഉയർത്തണമെന്നും ബജറ്റ്‌ വിഹിതം കൂട്ടണമെന്നുമുള്ള പാർലമെന്റിന്റെ സ്ഥിരം സമിതി ശുപാർശ കേന്ദ്രം നടപ്പാക്കണം.

വളം ക്ഷാമം പരിഹരിക്കണം
റാബി കാല തയ്യാറെടുപ്പ്‌ പൂർണമായും പരാജയപ്പെട്ടതാണ്‌ ഡിഎപി(ഡൈ അമോണിയം ഫോസ്‌ഫേറ്റ്‌) വളത്തിന്റെ കടുത്ത ക്ഷാമത്തിനും കർഷകര്‍ പ്രതിസന്ധിയിലാകാനും ഇടയാക്കിയത്‌. 2023 ഏപ്രിൽ–-സെപ്‌തംബറിൽ 34.5 ലക്ഷം ടൺ വളം ഇറക്കുമതി ചെയ്‌ത സ്ഥാനത്ത്‌ ഈ വർഷം സമാന കാലയളവിൽ 19.7 ലക്ഷം ടൺ മാത്രമാണ്‌ ഇറക്കുമതി ചെയ്‌തത്. ആഭ്യന്തര ഉൽപാദനവും ഇടിഞ്ഞു. ഇക്കഴിഞ്ഞ, ഒന്നാം തീയതി സ്റ്റോക്കുണ്ടായിരുന്നത്‌ 15–-16 ലക്ഷം ടൺ മാത്രം.  ആവശ്യമായത്‌ 27–-30 ലക്ഷം ടണ്ണും. ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതി വരെ 60 ലക്ഷം ടൺ ആവശ്യമായി വരും.

ഡിഎപി 50 കിലോഗ്രാം ചാക്കിന്‌ സർക്കാർ നിശ്ചയിച്ച പരമാവധി വിലയെക്കാൾ 300–-400 രൂപ കർഷകർക്ക്‌ അധികം നൽകേണ്ടി വരുന്നു. യൂറിയ, പൊട്ടാഷ്‌ വളങ്ങൾക്കും ക്ഷാമമുണ്ട്‌. ഈ തെറ്റ്‌ തിരുത്താതെ ഫലപ്രാപ്‌തി  തെളിഞ്ഞിട്ടില്ലാത്ത നാനോ വളങ്ങളെക്കുറിച്ച്‌ പ്രചാരണം നടത്തുകയാണ്‌ കേന്ദ്രം. യൂറിയ, ഡിഎപി എന്നിവയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കണം. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. നിലവിൽ യൂറിയ വിലയിൽ മാത്രമാണ്‌ നിയന്ത്രണം. യൂറിയയുടെ അമിത ഉപയോഗത്തിന്‌  ഇത്‌ ഇടയാക്കുന്നു–-സിപിഐ എം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രീയ അവലോകന 
റിപ്പോർട്ട്‌ അംഗീകരിച്ചു
കണ്ണൂരിൽ 2022ൽ നടന്ന കഴിഞ്ഞ പാർടി കോൺഗ്രസ്‌ ആവിഷ്‌കരിച്ച അടവ്‌ നയം നടപ്പാക്കിയതിന്റെ രാഷ്‌ട്രീയ അവലോകന റിപ്പോർട്ട്‌ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ചർച്ചചെയ്‌ത്‌ അംഗീകരിച്ചു. തമിഴ്‌നാട്ടിലെ മധുരയിൽ അടുത്ത വർഷം ഏപ്രിൽ രണ്ട്‌ മുതൽ ആറ്‌ വരെ നടക്കുന്ന 24–-ാം പാർടി കോൺഗ്രസിലെ രാഷ്‌ട്രീയ പ്രമേയത്തിന്‌ ഇത്‌ അടിത്തറയാകും. പാർടി കോൺഗ്രസിലേയ്‌ക്ക്‌ വിവിധ സംസ്ഥാന സമ്മേളനങ്ങൾ തെരഞ്ഞെടുക്കേണ്ട പ്രതിനിധികളുടെ എണ്ണവും കേന്ദ്ര കമ്മിറ്റി നിശ്‌ചയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top