21 November Thursday

ശിവസേന ബിജെപി ബന്ധം ഒഴിയട്ടെ: എൻസിപി ; മഹാരാഷ്ട്രയിൽ തർക്കം പരിഹരിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019


ന്യൂഡൽഹി
ബിജെപിയുമായുള്ള ബന്ധം ശിവസേന ഒഴിഞ്ഞാൽ മാത്രമേ മഹാരാഷ്ട്രയിൽ രാഷ്ട്രീയബദലിനെക്കുറിച്ച്‌ ആലോചിക്കാൻ കഴിയൂ എന്ന്‌ എൻസിപി. കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ ശിവസേനയുടെ ഏകപ്രതിനിധി അരവിന്ദ്‌ സാവന്ത്‌ രാജിവയ്‌ക്കണം. അതിനുശേഷം ബദൽ രൂപീകരിക്കാം–-എൻസിപി മുഖ്യവക്താവ്‌ നവാബ്‌ മാലിക്‌ മുംബൈയിൽ പറഞ്ഞു.

സർക്കാർ രൂപീകരണത്തിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ശിവസേന വ്യക്തമായ രാഷ്ട്രീയനിലപാട്‌ എടുക്കാൻ ഇതോടെ നിർബന്ധിതരായി.
ശിവസേനയെ പിളർത്താൻ ബിജെപി ശ്രമിക്കുന്നതിനെതിരെ മാലിക്‌ ശക്തമായ താക്കീത്‌ നൽകി. മാതൃപാർടികളിലേക്കുള്ള മടക്കം എന്ന നിലയിൽ കൂറുമാറ്റത്തിന്‌ തുടക്കമിട്ടാൽ ബിജെപിയിൽ 25–-30 എംഎൽഎമാർ  മാത്രമാകും ശേഷിക്കുകയെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇതിനിടെ, അടുത്ത മുഖ്യമന്ത്രി ശിവസേനയിൽനിന്നായിരിക്കുമെന്ന്‌ പാർടി വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ മുഖം മാറുകയാണ്‌. ഇപ്പോഴത്തെ ആശയക്കുഴപ്പം അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന മുൻധാരണ  ബിജെപി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ നിലവിലുള്ള നിയമസഭയുടെ കാലാവധി ഈ മാസം ഒമ്പതു വരെയാണ്‌. അതിനുമുമ്പ്‌ ഒത്തുതീർപ്പുണ്ടായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങും. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ബിജെപിക്ക്‌ 105, ശിവസേനയ്‌ക്ക്‌ 56, എൻസിപിക്ക്‌ 54, കോൺഗ്രസിന്‌ 44 അംഗങ്ങൾ വീതമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top