18 September Wednesday
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വഴിയാണ് ശ്രമം

വയനാട് ദുരന്തത്തിൽ കേരളത്തെ പഴിക്കാൻ കൂലി എഴുത്തുകാരെ തേടി കേന്ദ്ര മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ന്യൂഡൽഹി> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാൻ കൂലി എഴുത്തുകാരെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച വാർത്ത ദി ന്യൂസ് മിനിറ്റ് പുറത്തു വിട്ടു.

സംസ്ഥാന സർക്കാരിന്റെ നയങ്ങളും ഇടപെടലുകളുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം.  കേരള സർക്കാരിന്റെ നയങ്ങളാണ് ദുരന്തത്തിനു കാരണമെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തിൽ ലേഖനങ്ങളെഴുതാൻ പി ഐ ബി ബന്ധപ്പെട്ട മേഖലയിലെ മൂന്ന് പേരുമായി സംസാരിച്ച വിവരങ്ങളും ന്യൂസ് മിനിറ്റിറ്റ് പുറത്തു വിട്ടു.

ലേഖനങ്ങളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം തന്നെ എഴുത്തുകാരോട് നിഷ്കർഷിക്കുന്നുണ്ട്. 'വയനാട് ദുരന്തത്തിന് പിന്നിലെ കാരണങ്ങൾ' എന്ന പേരിൽ ആവശ്യമായ പോയിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് വേഡ് ഡോക്യുമെന്റ് തന്നെ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തയാറുള്ളവർക്ക് എഴുത്ത് സഹായിയായി ആയാണ് ഇത് ലഭ്യമാക്കുന്നത്.

കേരളത്തിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള കാരണം ക്വാറികൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പിന്തുടരുന്ന നയങ്ങളാണെന്ന തരത്തിലുള്ള ലേഖനങ്ങളാണ് എഴുതാൻ നിർദ്ദേശിക്കുന്നത്.

ഇതിനായി ക്വാറികളുടെ എണ്ണവും ഉരുൾപൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇതോടൊപ്പം കൃത്യമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം കണ്ടെത്തണം. 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വർധിപ്പിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം എന്നിങ്ങനെയും നിബന്ധനകളുണ്ട്.

ഇങ്ങനെ കൂലി എഴുത്തിന് തയാറാകുന്ന പി ഐ ബി പ്രചാരണ വിദഗ്ദ്ധർക്ക് ലേഖനം തയാറാക്കാൻ റഫറൻസുകൾക്കായി വ്യത്യസ്ത ലേഖനങ്ങൾ ഉൾപ്പെടുന്ന ഡോസിയറും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2019ൽ ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ലേഖനം തന്നെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. 

കേരളത്തിലെ ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ സംബന്ധിച്ച രേഖകൾ സർക്കാർ വകുപ്പുകളിൽ നിന്ന് ചോർത്തി നൽകാനുള്ള ഫോൺ കാളുകൾ ലഭിച്ച വിവരവും വാർത്തയിൽ വെളിപ്പെടുത്തുന്നുണ്ട്. കയ്യിൽ നിർണായകമായ വിവരങ്ങളുണ്ടെങ്കിൽ അത് പുറത്തുവിടണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് ഫോൺ കോൾ ലഭിച്ച വെളിപ്പെടുത്തലാണ് ഇതിന് ആധാരമായി നൽകിയിട്ടുള്ളത്.  

ഉരുൾപൊട്ടൽ ക്വാറികൾ കാരണമെന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാൽ ശാസ്ത്രജ്ഞർ ഇത്തരത്തിൽ ലേഖനങ്ങളെഴുതാൻ തയാറായില്ല. ഈ സാഹചര്യത്തിൽ കൂലി എഴുത്തിനുള്ള പ്രോത്സാഹനമാണ് നടത്തുന്നത്.

അപകട ലഘൂകരണ ഭൂപടം (റിസ്ക് റിഡക്ഷൻ മാപ്പ്) തയ്യാറാക്കുന്നതിൽ കേന്ദ്ര ഖനന മന്ത്രാലയം വരുത്തിയ വീഴ്ച വരുത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു ഭൂപടം കേന്ദ്ര ഖനന വകുപ്പ് പുറത്തിറക്കിയാൽ മാത്രമേ അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ആ പ്രദേശത്ത് നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് വിവേചനാധികാരമുണ്ടെങ്കിലും സ്ഥിരമായി നിയന്ത്രണം കൊണ്ടുവരാൻ സാധിക്കില്ല. ദേശീയ ദുരന്തനിവാരണ അതോറിറ്റി പറയുന്നതനുസരിച്ച് അപകട ലഘൂകരണ ഭൂപടം തയ്യാറാക്കാനുള്ള അധികാരം കേന്ദ്ര ഖനന വകുപ്പിനാണ്. കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള വീഴ്ച മറയ്ക്കാനും പി ഐ ബി വഴിയുളള തിടുക്കപ്പെട്ട നീക്കത്തിന് പിന്നിലുണ്ട്.

കേരളം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ തന്നെ കക്ഷി രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. പി ഐ ബിക്ക് സ്വന്തം നിലയ്ക്ക് ഇത് ചെയ്യാനാവില്ല. പരിസ്ഥിതി മന്ത്രാലയം തന്നെ ഇതിനായി തുനിഞ്ഞ് ഇറങ്ങി. നേരത്തെ വകുപ്പ് മന്ത്രി കേരളത്തെ കുറ്റപ്പെടുത്തി പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ആസൂത്രിത ശ്രമങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top