23 September Saturday

ഇനി പുതിയ പാർലമെന്റ്‌ ; സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന്‌ മോദി

എം പ്രശാന്ത്‌Updated: Monday Sep 18, 2023


ന്യൂഡൽഹി
ഗണേഷ ചതുർഥി ദിവസമായ ചൊവ്വാഴ്‌ച പുതിയ മന്ദിരത്തിൽ പാർലമെന്റ്‌ ചേരും. ലോക്‌സഭാ നടപടികൾ പകൽ 1.15ന്‌ തുടങ്ങും. രാജ്യസഭാ നടപടികൾ 2.15ന്‌ ആരംഭിക്കും. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള  പ്രത്യേക ചർച്ചയോടെ പഴയ മന്ദിരത്തിലെ ലോക്‌സഭാ–- രാജ്യസഭാ നടപടികൾ തിങ്കളാഴ്‌ച അവസാനിച്ചു. ചൊവ്വാഴ്‌ച പകൽ ഒൻപതിന്‌ എത്താനാണ്‌ എംപിമാർക്ക്‌ നിർദ്ദേശം. 9.30ഓടെ എംപിമാരുടെ ഗ്രൂപ്പ്‌ ഫോട്ടോ സെഷനിലേക്ക്‌ കടക്കും. 11ന്‌ പഴയ പാർലമെന്റ്‌ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ലോക്‌സഭാ–- രാജ്യസഭാ എംപിമാർ പങ്കെടുത്തുള്ള പ്രത്യേക ചടങ്ങുണ്ടാകും.

രാജ്യസഭാധ്യക്ഷൻകൂടിയായ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ നേതാവ്‌, പാർലമെന്ററിമന്ത്രി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌, ലോക്‌സഭയിലെ വലിയ പാർടിയുടെ നേതാവ്‌ എന്നിവർ പങ്കെടുക്കുമെന്ന്‌  പാർലമെന്ററി മന്ത്രി പ്രഹ്ലാദ്‌ ജോഷി മാധ്യമങ്ങളോട്‌ പറഞ്ഞു. 12.30ന്‌ എംപിമാർ പുതിയ പാർലമെന്റിലേക്ക്‌ പ്രവേശിക്കും. പുതിയ പാർലമെന്റിലേക്ക്‌ മാറുന്നതിനുമുമ്പായി പൂജയുണ്ടാകുമോയെന്ന്‌ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടനം കാവിധാരികളായ സന്യാസിമാരെ അണിനിരത്തിയും ഹോമവും പൂജയും നടത്തിയും പൂർണമായും ഹൈന്ദവാചാരങ്ങൾ പ്രകാരമായിരുന്നു. ചൊവ്വാഴ്‌ച ഗണേഷ ചതുർഥി ദിവസത്തിൽ പുതിയ പാർലമെന്റിലേക്ക്‌ മാറുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച രാവിലെ പാർലമെന്റിൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഭഗവാൻ ഗണേശൻ വിഘ്‌നങ്ങളെ ഹനിക്കുന്നയാളാണ്‌. ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്നതിൽ ഇനി തടസ്സങ്ങളുണ്ടാകില്ല. പ്രത്യേക സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങളുണ്ടാകും. 2047ൽ വികസിത രാജ്യമായി മാറുന്നതിനുള്ള എല്ലാ തീരുമാനങ്ങളും എടുക്കുന്നത്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിലാകും–- മോദി പറഞ്ഞു.

പുതിയ പാർലമെന്റില്‍ ആദ്യം വനിതാബിൽ
പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുമെന്ന്‌ സൂചന. ലോക്-സഭകളിലും നിയമസഭകളിലും നിശ്ചിത ശതമാനം സീറ്റിൽ വനിതകൾക്ക്‌ സംവരണം ഉറപ്പാക്കുന്ന ബില്ലിന്‌ തിങ്കൾ രാത്രി പഴയ പാർലമെന്റിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ബില്‍  ചൊവ്വാഴ്‌ച തന്നെ സഭയിൽ അവതരിപ്പിക്കുമെന്നാണ്‌ സൂചന.
എന്നാൽ മന്ത്രിസഭായോഗ തീരുമാനങ്ങൾ പുറത്തുവിട്ടില്ല. മന്ത്രിസഭായോഗത്തിനുശേഷം സാധാരണ നടത്താറുള്ള വാർത്താസമ്മേളനം ഉപേക്ഷിച്ചു. യോഗത്തിന്‌ മുമ്പ്‌ രാജ്യസഭാ നേതാവുകൂടിയായ മന്ത്രി പീയുഷ്‌ ഗോയലും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി. ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയും പങ്കെടുത്തു.

തിങ്കൾ പകൽ പാർലമെന്റിനുമുന്നിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ചെറിയ സമ്മേളനമാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതോടെ പല അഭ്യൂഹങ്ങൾ പ്രചരിച്ചു. സർവ്വകക്ഷി യോഗത്തിൽ ഭരണമുന്നണി പാർടികളടക്കം വനിതാ സംവരണ ബില്ലിനായി വാദിച്ച സാഹചര്യത്തിൽ അതാകും ചരിത്ര തീരുമാനമെന്ന വിലയിരുത്തലിൽ ചില ദേശീയ മാധ്യമങ്ങളടക്കം എത്തി.
നിലവിൽ എട്ട്‌ ബില്ലുകളാണ്‌ പ്രത്യേക സമ്മേളനത്തിൽ പാസാക്കാനായി പരിഗണിക്കുമെന്ന്‌ സർക്കാർ അറിയിച്ചിട്ടുള്ളത്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളും നിയമനാധികാരം പൂർണമായും കേന്ദ്രത്തിന്‌ ഉറപ്പുവരുത്തുന്ന വിവാദ ബിൽ പാസാക്കുമെന്ന്‌ സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചിരുന്നെങ്കിലും നിലവിൽ പരിഗണിക്കുന്ന ബില്ലുകളുടെ പട്ടികയിലില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top