18 June Tuesday

നിതി ആയോഗ‌് ദുരുപയോഗം; പ്രധാനമന്ത്രികാര്യാലയത്തിന്റെ ക്ലീൻചിറ്റ‌് തെരഞ്ഞെടുപ്പ‌് കമീഷൻ പുനഃപരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ന്യൂഡൽഹി> പ്രധാനമന്ത്രികാര്യാലയം തെരഞ്ഞെടുപ്പ‌് പ്രചാരണ ആവശ്യങ്ങൾക്കായി നിതി ആയോഗിനെ ദുരുപയോഗം ചെയ‌്തുവെന്ന പരാതി കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ പുനഃപരിശോധിക്കും. ഭൂരിപക്ഷ തീരുമാനത്തിന‌് എതിരെ തെരഞ്ഞെടുപ്പ‌് കമീഷണർ അശോക‌്‌ ലവാസ രംഗത്തെത്തിയതിനെ തുടർന്നാണ‌് തീരുമാനം. നിതി ആയോഗിൽനിന്നു വീണ്ടും വിശദീകരണം തേടിയിട്ടുമുണ്ട‌്. നരേന്ദ്ര മോഡിയും അമിത‌് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതികളിൽ ക്ലീൻചിറ്റ‌് നൽകിയ കമീഷൻ നടപടിക്ക‌് എതിരെയും അശോക‌്‌ ലവാസ രംഗത്തെത്തിയിരുന്നു. തന്റെ ഭിന്നനിലപാട‌് മുഖ്യഉത്തരവിന്റെ ഭാഗമാക്കാതെ കമീഷൻ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന‌് അദ്ദേഹം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ‌് ലവാസ മുമ്പ‌് എതിർപ്പ‌് രേഖപ്പെടുത്തിയ പരാതി പുനഃപരിശോധിക്കുന്നത‌്.

മഹാരാഷ്ട്രയിലെ ഗോണ്ടിയ, ലാത്തൂർ, വാർധ ലോക‌്സഭാമണ്ഡലങ്ങളിലെ വിവരങ്ങൾ ശേഖരിക്കാൻ നിതി ആയോഗ‌് കലക്ടർമാരോട‌് നിർദേശിച്ചിരുന്നു. ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തിൽ അവിടത്തെ ജനസംഖ്യാപരമായ വിശദാംശങ്ങളും മറ്റ‌് സ്ഥിതിവിവരക്കണക്കുകളും പ്രധാനമന്ത്രികാര്യാലയത്തെ അറിയിക്കണമെന്നായിരുന്നു നിർദേശം.
പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഔദ്യോഗിക സംവിധാനത്തെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ‌് ചട്ടം. പ്രധാനമന്ത്രികാര്യാലയം ഈ ചട്ടം ലംഘിച്ചുവെന്ന‌് ചൂണ്ടിക്കാണിച്ച‌് കോൺഗ്രസ‌് മെയ‌് ഒന്നിനാണ‌് തെരഞ്ഞെടുപ്പ‌് കമീഷന‌് പരാതി നൽകിയത‌്. തുടർന്ന‌് നിതി ആയോഗ‌് സിഇഒ അമിതാഭ‌്കാന്തിനോട‌് വിശദീകരണം ആവശ്യപ്പെട്ടു. വിവര ശേഖരണം സ്ഥിരം നടപടിക്രമം മാത്രമാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നുമായിരുന്നു വിശദീകരണം.തുടർന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് കമീഷണർ സുനിൽ അറോറയും കമീഷണർ സുശീൽചന്ദ്രയും പരാതി തള്ളാമെന്ന നിഗമനത്തിലെത്തി. നിതി ആയോഗിൽനിന്ന‌് കൂടുതൽ വിവരങ്ങൾ തേടണമെന്നും അതിന‌് ശേഷം മാത്രമേ തീരുമാനം എടുക്കാവൂവെന്നും മറ്റൊരു കമീഷണറായ അശോക‌്‌ ലവാസ ആവശ്യപ്പെട്ടു.

എന്നാൽ, വിഷയത്തിൽ കോൺഗ്രസിന്റെ പരാതി തള്ളിയതായി വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി കമീഷണർ സന്ദീപ‌്സക‌്സേന അറിയിച്ചു.ഇതിന‌് പിന്നാലെ വിശദാംശങ്ങൾ തേടേണ്ടതുണ്ടെന്ന‌് ആവശ്യപ്പെട്ട‌് ലവാസ വീണ്ടും മുഖ്യതെരഞ്ഞെടുപ്പ‌് കമീഷണർക്ക‌് കത്ത‌് നൽകി. തുടർന്ന‌്, വ്യാഴാഴ‌്ച നിതി ആയോഗ‌് സിഇഒയോട‌് വിശദീകരണം തേടുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്ന ലവാസയെ അനുനയിപ്പിക്കാനുള്ള നീക്കമാണിതെന്നും സൂചനയുണ്ട‌്. ലവാസയുടെ വിയോജിപ്പ‌് മുഖ്യവിധിയുടെ ഭാഗമാക്കുന്നത‌് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ചൊവാഴ്‌ച  തെരഞ്ഞെടുപ്പ‌് കമീഷൻ യോഗം ചേരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top