Deshabhimani

ചോദ്യപേപ്പർ കുംഭകോണം ; പരീക്ഷയ്‌ക്ക്‌ തൊട്ടുമുമ്പാണ്‌ ചോര്‍ച്ചയെന്ന കേന്ദ്രവാദം തള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 11:18 PM | 0 min read


ന്യൂഡൽഹി
നീറ്റ്‌ യുജി പരീക്ഷയ്‌ക്ക്‌ 45 മിനിറ്റ്‌ മുമ്പുമാത്രമാണ്‌ ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെയും ദേശീയപരീക്ഷാ ഏജൻസിയുടെയും (എൻടിഎ) വാദം തള്ളി സുപ്രീംകോടതി. വെറും 45 മിനിറ്റ് കൊണ്ട്‌ 180 ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തി ആവശ്യക്കാര്‍ക്ക് കൈമാറിയെങ്കിൽ അത്‌ അസാധാരണവും വിചിത്രവുമാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. മുഖ്യആസൂത്രകനെന്ന്‌ കരുതപ്പെടുന്ന അമിത്‌ ആനന്ദിന്റെ മൊഴിയിൽ മെയ്‌ നാലിന്‌ വൈകിട്ട്‌ കുട്ടികളോട്‌ ഉത്തരങ്ങൾ ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടുവെന്ന്‌ പരാമർശമുണ്ട്‌. അതായത്‌ പരീക്ഷയ്‌ക്ക്‌ ഒരുദിവസം മുമ്പുതന്നെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന സാധ്യതയിലേക്കാണിത്‌ വിരൽചൂണ്ടുന്നത്‌–- ചീഫ്‌ജസ്‌റ്റിസ്‌ വിശദീകരിച്ചു. മെയ്‌ അഞ്ചിന്‌ പകൽ 10.15 ഓടെയാണ്‌ പരീക്ഷ നടന്നത്‌.

കോടതി നിർദേശാനുസരണം പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദമായ ഫലം എൻടിഎ ശനിയാഴ്‌ച പുറത്തുവിട്ടിരുന്നു. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ സിക്കർ, ഗുജറാത്തിലെ രാജ്‌കോട്ട്‌ തുടങ്ങിയ കേന്ദ്രങ്ങളിലെ ഫലത്തിൽ ചില അസാധാരണത്വങ്ങളുണ്ടെന്ന്‌ ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ നരേന്ദ്രഹൂഡ ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും രാജ്യവ്യാപകമാണെന്ന്‌ സ്ഥാപിച്ചാൽ മാത്രമേ പുനഃപരീക്ഷയെന്ന ആവശ്യത്തിന്‌ പ്രസക്തിയുള്ളുവെന്ന്‌ സുപ്രീംകോടതി ആവർത്തിച്ചു. ചൊവ്വാഴ്‌ച വാദംകേൾക്കൽ തുടരും.

വിവാദചോദ്യത്തിന്‌ ശരിയുത്തരം 
കണ്ടെത്താൻ 
വിദഗ്‌ധസമിതി
നീറ്റ്‌ യുജി ചോദ്യപേപ്പറിൽ വിവാദമായ 19–-ാം നമ്പർ ചോദ്യത്തിന്റെ ശരിയുത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയുടെ സഹായം തേടി. ഫിസിക്‌സ്‌ വിഭാഗത്തിലെ 19–-ാം നമ്പർ ചോദ്യത്തിന്‌ നാലാം നമ്പർ ഓപ്‌ഷൻ തെരഞ്ഞെടുത്തവർക്കും രണ്ടാം നമ്പർ ഓപ്‌ഷൻ തെരഞ്ഞെടുത്തവർക്കും എൻടിഎ മുഴുവന്‍മാര്‍ക്കും  അനുവദിച്ചിരുന്നു. ഈ നടപടി തെറ്റാണെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ശരിയുത്തരം കണ്ടെത്താൻ ഡൽഹി ഐഐടിയോട്‌ മൂന്നംഗവിദഗ്‌ധസമിതി രൂപീകരിക്കാൻ നിർദേശിച്ചു.

ചൊവ്വാഴ്‌ച്ച പകൽ 12നുള്ളിൽ ഉത്തരം കൈമാറണം. രണ്ടാം ഓപ്‌ഷനെടുത്ത നാലുലക്ഷത്തോളവും നാലാം ഓപ്‌ഷൻ തെരഞ്ഞെടുത്ത ഒമ്പത്‌ ലക്ഷത്തോളവും വിദ്യാർഥികൾക്ക്  നാല്‌ മാർക്ക്‌ വീതം ലഭിച്ചിട്ടുണ്ട്. ഒരുകൂട്ടരുടെ മാർക്ക്‌ റദ്ദാക്കിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത്‌ വലുതാണെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ചൂണ്ടിക്കാട്ടി. ഇക്കുറി 720ൽ 720 മാർക്കുമായി ഒന്നാം റാങ്ക്‌ നേടിയ 61ൽ 44 വിദ്യാർഥികൾക്കും 19–-ാം ചോദ്യത്തിന്‌ മാർക്ക്‌ ലഭിച്ചു.

എട്ടിടത്ത് ചോദ്യപേപ്പർ 
മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍
ദേശീയ മെഡിക്കൽ (നീറ്റ്‌ യുജി )പരീക്ഷയിൽ എട്ട്‌ കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ മാറിയെന്ന്‌ കേന്ദ്രസർക്കാർ വെളിപ്പെടുത്തി. മെയ്‌ അഞ്ചിന്‌ നടന്ന നീറ്റ്‌ യുജിക്കായി രണ്ട്‌ സെറ്റ്‌ ചോദ്യപേപ്പറുകളാണ്‌ തയ്യാറാക്കിയത്‌. യഥാർഥ ചോദ്യപേപ്പർ എസ്‌ബിഐ ശാഖകളിൽ സൂക്ഷിച്ചു. ‘പ്ലാൻ ബി’ എന്ന നിലയിൽ രണ്ടാം സെറ്റ്‌ ചോദ്യപേപ്പർ കനാറാബാങ്ക്‌ ശാഖകളിൽ സൂക്ഷിച്ചു.

ചില പരീക്ഷാകേന്ദ്രങ്ങളിൽ എസ്‌ബിഐ ചോദ്യപേപ്പറിനുപകരം കനാറാബാങ്ക്‌ ചോദ്യപേപ്പറുകൾ തെറ്റായി നൽകിയെന്നാണ് വെളിപ്പെടുത്തല്‍. വാദത്തിനിടെ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
എട്ട്‌ പരീക്ഷാകേന്ദ്രങ്ങളിലാണ്‌ ചോദ്യംമാറി നല്‍കിയത്. ഇവ പരീക്ഷാമധ്യത്തിൽ പിൻവലിച്ചു. തുടർന്ന്‌ സമയംനഷ്ടപ്പെട്ട വിദ്യാർഥികൾക്ക്‌ ഗ്രേസ്‌മാർക്ക്‌ നൽകി. ഈ നടപടി വിവാദമായതോടെ ഗ്രേസ്‌മാർക്ക്‌ ലഭിച്ചവര്‍ക്കായി പുനഃപരീക്ഷ നടത്തിയതെന്നും സോളിസിറ്റർജനറൽ തുഷാർമെഹ്‌ത വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home