നീറ്റ് പിജി: സംസ്ഥാനത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത് പുനഃപരിശോധിക്കണം– ബ്രിട്ടാസ്

ന്യൂഡൽഹി> നീറ്റ് പിജി പ്രവേശന പരീക്ഷ എഴുതുന്ന കേരളത്തിലെ ഡോക്ടർമാർക്ക് പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രപ്രദേശിലെ വിദൂര സ്ഥലങ്ങൾ അനുവദിച്ച ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ആരോഗ്യ മന്ത്രി ജെ പി നദ്ദയ്‌ക്ക് കത്തയച്ചു.
കേരളത്തിലെ 10,000 ഓളം ഡോക്ടർമാരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്. പലതവണ മാറ്റിവെച്ചിട്ടാണ് ആഗസ്‌ത് 11ന് പരീക്ഷ നടത്തുന്നത്. കഴിഞ്ഞദിവസത്തെ അറിയിപ്പ് പ്രകാരം ആന്ധ്രപ്രദേശിലെ പട്ടണത്തിന്റെ പേര് മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്. യഥാർഥ പരീക്ഷാ കേന്ദ്രമേതെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
ആഗസ്‌ത് എട്ടിന് മാത്രം പരീക്ഷാ കേന്ദ്രം അറിയിക്കാമെന്ന നിലപാട് ഉദ്യോഗാർഥികളെ കൂടുതൽ കഷ്ടപ്പെടുത്തുന്നതാണ്. കേരളത്തിൽ നിന്ന് ആയിരത്തിലേറെ കിലോമീറ്റർ ദൂരെ പരീക്ഷയ്‌ക്കെത്തേണ്ടി വരുന്നത് ഉദ്യോഗാർഥികൾക്ക് വെല്ലുവിളിയാണ്. യാത്രയ്‌ക്കും താമസത്തിനും വേണ്ടിവരുന്ന ഭീമമായ ചിലവ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ദൂരസ്ഥലത്തേക്ക് യാത്രാ ടിക്കറ്റുകൾ കിട്ടാനുള്ള സാധ്യതയും കുറവാണ്.
പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് താമസസൗകര്യം കണ്ടെത്തുന്നതും വെല്ലുവിളിയാണ്. പരീക്ഷ എഴുതാനായി ഇത്രയേറെ ജൂനിയർ ഡോക്ടർമാർ സംസ്ഥാനം വിട്ടുപോകുന്നത് സമാനതകളില്ലാത്ത പ്രകൃതി ക്ഷോഭം നേരിട്ട വയനാട്ടിലെ ദുരിതാശ്വാസ നടപടികളെ ബാധിക്കും. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള പരീക്ഷാർത്ഥികളും ഇതേ അനിശ്ചിതാവസ്ഥയിലാണ്. അതത് സംസ്ഥാനത്ത് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
0 comments