15 July Wednesday

ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസ്‌ പ്രതിഷേധവുമായിറങ്ങുമ്പോൾ, വേണം ജനാധിപത്യവേദി

വിജേഷ്‌ ചൂടൽUpdated: Wednesday Nov 6, 2019

തിരുവനന്തപുരം >  ക്രമസമാധാനം പരിപാലിക്കേണ്ട പൊലീസ്‌ തന്നെ ഡൽഹിയിൽ പ്രതിഷേധവുമായിറങ്ങുമ്പോൾ ചർച്ചയാകുന്നത്‌ പൊലീസിന്റെ സംഘടനാ സ്വാതന്ത്ര്യവും. പൊലീസിലെ അസംതൃപ്‌തിയും പരാതിയും അവതരിപ്പിക്കാൻ  സ്വാതന്ത്ര്യം ഇല്ലാത്തതാണ്‌ ഡൽഹിയിൽ  പണിമുടക്കിലേക്ക്‌ നയിച്ചതെന്ന്‌ വിദഗ്‌ധർ പറയുന്നു.

പൊലീസ്‌ അസോസിയേഷൻ ഉണ്ടായിരുന്നെങ്കിൽ  പണിമുടക്ക്‌ ഉണ്ടാകില്ലായിരുന്നുവെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. 14 സംസ്ഥാനങ്ങളിൽ പൊലീസ്‌ അസോസിയേഷൻ നിലവിലുണ്ട്‌.  കേരളം, ബംഗാൾ, ആന്ധ്ര എന്നിവിടങ്ങളിൽമാത്രമാണ്‌ പൊലീസുകാർക്ക്‌ സംഘടനയുള്ളത്‌. ഡൽഹിയിലെ  അസോസിയേഷൻ പിരിച്ചുവിട്ടത്‌ ഇന്ദിര ഗാന്ധിയാണ്‌. ത്രിപുരയിൽ  ബിജെപി അധികാരത്തിൽവന്നതോടെ  അസോസിയേഷൻ നിരോധിച്ചു.

അടിയന്തരാവസ്ഥയ്‌ക്കുശേഷം വന്ന ജനതാ പാർടി സർക്കാർ നിയമിച്ച നാലാം പൊലീസ്‌ കമീഷന്റെ ശുപാർശകളിലൊന്നായിരുന്നു പൊലീസ്‌ അസോസിയേഷനുകളുടെ രൂപീകരണം. ബംഗാൾ ഗവർണറായിരുന്ന ധർമവീരയുടെ നേതൃത്വത്തിലുള്ള കമീഷനിൽ കേരളത്തിൽ ഐജിയായിരുന്ന എം ഗോപാലനും അംഗമായിരുന്നു. 1982ൽ   റിപ്പോർട്ട്‌ സമർപ്പിച്ചു. അപ്പോഴേക്കും ഇന്ദിര ഗാന്ധി വീണ്ടും അധികാരത്തിലെത്തി. ജനതാ പാർടിയുടെ അജൻഡ നടപ്പക്കാൻ കോൺഗ്രസിനെ കിട്ടില്ലെന്നുപറഞ്ഞ്‌ റിപ്പോർട്ട്‌ അവഗണിച്ചു. ധർമവീര കമീഷന്റെ ശുപാർശ  നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. 

ലഹള പലവട്ടം

1934ലാണ്‌ ഡൽഹിയിൽ ബ്രിട്ടീഷ്‌ പൊലീസിൽ കലാപക്കൊടി ഉയർന്നത്‌. 1946ൽ മുംബൈ നാവിക കലാപ വേളയിൽ പൊലീസും പ്രതിഷേധവുമായി തെരുവിലിറങ്ങി. 1974ൽ അലഹബാദ്‌ പൊലീസിലെ  കലാപത്തെ സൈന്യത്തെ ഇറക്കിയാണ്‌ അടിച്ചമർത്തിയത്‌. കൈകൂപ്പിയെത്തിയ ബ്രിഗേഡിയർ പൊലീസ്‌ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  സൈന്യത്തിന്റെ വെടിവയ്‌പിൽ 150 പൊലീസുകാരും മരിച്ചു. 1978–-79ൽ സിആർപിഎഫിനുള്ളിൽ  ലഹള പൊട്ടിപ്പുറപ്പെട്ടു. 70,000 പേരാണ്‌ അന്ന്‌ പണിമുടക്കിയത്‌.

പള്ളിപ്പുറം സിആർപിഎഫ്‌ ക്യാമ്പിലെ മുന്നൂറോളം സോനംഗങ്ങൾ കുടുംബത്തോടൊപ്പം സെക്രട്ടറിയറ്റിനുമുന്നിൽ   പ്രകടനം നടത്തി. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന്‌ 1984ൽ സിഖുവിരുദ്ധ കലാപം അരങ്ങേറിയപ്പോൾ പൊലീസ്‌ സേനയിലെ മൂന്നിലൊന്ന്‌ സിഖുകാരും മാറിനിന്നു. അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷം മുമ്പും പലവട്ടം നടന്നിട്ടുണ്ട്‌.

1994ൽ കിരൺ ബേദി ഡൽഹി പൊലീസ്‌ കമീഷണറായിരുന്നപ്പോൾ  അഭിഭാഷകരെ അറസ്‌റ്റുചെയ്‌തതിലുള്ള പ്രതിഷേധം ഏറ്റുമുട്ടലായി മാറി. ഉത്തർപ്രദേശിൽ 14 പെൺകുട്ടികളെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ കൂട്ടത്തോടെ ആക്രമിച്ചിരുന്നു. ഇത്‌ പൊലീസുമായുള്ള വൻ സംഘർഷത്തിന്‌ വഴിവച്ചു.

ഡൽഹിയിൽ നിർഭയ കേസിനെ തുടർന്ന്‌ പൊലീസിനെതിരെ ഉയർന്ന കലാപമാണ്‌ 15 വർഷത്തെ കോൺഗ്രസ്‌ ഭരണം അവസാനിപ്പിക്കുന്നതിൽ നിർണായകമായത്‌. അന്ന്‌ അധികാരത്തിലെത്തിയ കെജ്‌രിവാളിന്‌ ഇപ്പോൾ പൊലീസിലെ കലാപം സൃഷ്ടിക്കുന്ന ക്രമസമാധാനപ്രശ്‌നം തിരിച്ചടിയാകുമോ എന്ന്‌ ചർച്ച ഉയർന്നുകഴിഞ്ഞു.


പ്രധാന വാർത്തകൾ
 Top