31 March Friday
ഗ്രാമീണമേഖലയിൽ നഗരങ്ങളെ അപേക്ഷിച്ച്‌ പണപ്പെരുപ്പം രൂക്ഷം

വളർച്ച ഇടിയും ; കേന്ദ്രസർക്കാർ സാമ്പത്തിക സർവേ റിപ്പോർട്ട്‌ ; കേരളത്തിന് 
അംഗീകാരം

പ്രത്യേക ലേഖകൻUpdated: Tuesday Jan 31, 2023


ന്യൂഡൽഹി
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വരുമാന വളർച്ച(ജിഡിപി) അടുത്ത സാമ്പത്തികവർഷം വീണ്ടും ഇടിയുമെന്ന്‌ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്‌. 2023–-24ൽ വളർച്ച 6.5 ശതമാനമായി കുറയും. 2021–-22ൽ  8.7 ശതമാനമായിരുന്ന  വളർച്ച നടപ്പു വർഷം ഏഴ്‌ ശതമാനമാകും.  പണപ്പെരുപ്പം റിസർവ്‌ ബാങ്ക്‌ നിഷ്‌കർഷിച്ച പരിധി മറികടന്ന്‌ ഉയർന്ന നിരക്കിൽ തുടരുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ  സമ്മതിച്ചു.

നടപ്പ്‌വർഷം സേവന മേഖലയിലാണ്‌ കൂടുതൽ വളർച്ച–-9.1 ശതമാനം. കൃഷി–-അനുബന്ധ മേഖലയിൽ 3.5 ശതമാനവും വ്യവസായ മേഖലയിൽ 4.1 ശതമാനവും മാത്രമാണ്‌ വളർച്ച. വിദേശനാണയ കരുതൽശേഖരം 56,300 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞവർഷം ഇത്‌ 60,700 കോടിയായിരുന്നു. നടപ്പ്‌വർഷം ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാകും.

ആഗോളസാഹചര്യങ്ങൾ ഒത്തുവന്നാൽ ഇന്ത്യയുടെ സമ്പദ്‌ഘടന കൂടുതൽ വേഗത്തിൽ വളരുമെന്ന്‌ സർവേ പ്രത്യാശിച്ചു. കോവിഡിന്റെ ആഘാതത്തിൽനിന്ന്‌ കരകയറി. ആഭ്യന്തരവിപണിയിലും മൂലധനനിക്ഷേപത്തിലും സ്ഥിതി ഭേദപ്പെട്ടു.  പെട്രോൾ–- ഡീസൽ എക്‌സൈസ്‌ തീരുവകൾ കൂട്ടിയത്‌ വിലക്കയറ്റം രൂക്ഷമാകാൻ കാരണമായെന്ന്‌ സർവേയിൽ പരോക്ഷമായി അംഗീകരിച്ചു. 2022 ഏപ്രിലിൽ പണപ്പെരുപ്പം 7.8 ശതമാനമായി പെരുകി. വിലക്കയറ്റവും പണപ്പെരുപ്പവും കുറയ്‌ക്കാൻ പെട്രോൾ–-ഡീസൽ എക്‌സൈസ്‌ തീരുവകൾ കുറച്ചതായും ഗോതമ്പ്‌ കയറ്റുമതി നിരോധിച്ചതായും അരി കയറ്റുമതിക്ക്‌ തീരുവ ചുമത്തിയതായും സർവേയിലുണ്ട്‌.

കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ ഫലമായി ബാങ്ക്‌ വായ്‌പാവിതരണത്തിൽ വളർച്ച നേടാനായി. കിട്ടാക്കടത്തിന്റെ അനുപാതം 2020 മാർച്ചിൽ 8.2 ശതമാനമായിരുന്നത്‌ 2022 സെപ്‌തംബറിൽ അഞ്ച്‌ ശതമാനമായി. അതേസമയം അഞ്ച്‌ വർഷം വാണിജ്യബാങ്കുകൾ 10.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന്‌ ശീതകാല സമ്മേളനത്തിൽ ധനമന്ത്രി മറുപടി നൽകിയിരുന്നു.

കേരളത്തിന് 
അംഗീകാരം
രാജ്യത്ത്‌ ശിശു–-മാതൃ മരണനിരക്കുകൾ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന്‌ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ പറയുന്നു. 2019–-21ൽ ഓരോ ആയിരം ജനനത്തിലും 4.4 എന്ന തോതിലാണ്‌ കേരളത്തിൽ ശിശുമരണനിരക്ക്‌.  ഉത്തർപ്രദേശിലാണ്‌ ശിശുമരണനിരക്ക്‌ ഏറ്റവും കൂടുതൽ–-50.4. ബിഹാർ, ഛത്തീസ്‌ഗഢ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽ ഈ നിരക്ക്‌ കേരളത്തിൽ രേഖപ്പെടുത്തിയതിന്റെ പത്തിരട്ടി. കേരളത്തിൽ  2005–-06ൽ 15.3 ആയിരുന്ന ശിശുമരണനിരക്കാണ്‌ 4.4ൽ എത്തിച്ചത്‌.

മാതൃമരണനിരക്ക്‌ കേരളത്തിൽ 2018–-20ൽ ലക്ഷം പ്രസവങ്ങളിൽ 19 എന്ന തോതിലായി. ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലും നിതി ആയോഗ്‌ സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ ഈ മികവ്‌ എടുത്തുപറഞ്ഞിട്ടുണ്ട്‌.

ഉന്നത വിദ്യാഭ്യാസത്തിലും കേരളംതന്നെ
ഉന്നതവിദ്യാഭ്യാസ രംഗത്തില്‍ കേരളത്തിന്റെ മികവും സാമ്പത്തിക സർവേ സാക്ഷ്യപ്പെടുത്തി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതത്തിൽ (ജിഇആർ) വൻ കുതിച്ചുചാട്ടമുണ്ടായി.  2021–-22ൽ  ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതം (18 –-23 വയസ്സ്‌) 43.2 ശതമാനമായി വർധിച്ചു. മുൻവർഷം ഇത്‌ 38.8 ശതമാനമായിരുന്നു. ഉത്തർപ്രദേശിൽ ഇത്‌ 23.2 ശതമാനം മാത്രം.  ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പെൺകുട്ടികളുടെ  പ്രവേശനാനുപാതത്തിലും കേരളം മുന്നിൽ. 53.2 ശതമാനം. ആൺകുട്ടികളുടെ പ്രവേശനാനുപാതം 34.5 ശതമാനം. അതേസമയം ദേശീയ തലത്തിൽ പ്രവേശനാനുപാതം 27.3 ശതമാനമാണ്‌. പ്ലസ്‌ വൺ–-പ്ലസ്‌ ടു  പ്രവേശനാനുപാതത്തിലും കേരളമാണ്‌ മുന്നിൽ. 85 ശതമാനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top