11 September Wednesday
ജനകീയ സമരങ്ങ‌ളെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കി

എൻസിഇആർടി പറയുന്നു ; ജനാധിപത്യം പഠിക്കേണ്ട , രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടികയും പുറത്ത്‌

സ്വന്തം ലേഖകൻUpdated: Friday Jun 2, 2023



ന്യൂഡൽഹി
ജനാധിപത്യത്തെക്കുറിച്ചും ജനകീയ സമരങ്ങ‌ളെക്കുറിച്ചും പത്താം ക്ലാസ്‌ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന്‌ കേന്ദ്രസർക്കാരിന്‌ കീഴിലുള്ള ദേശീയ വിദ്യാഭ്യാസഗവേഷണ–-പരിശീലന കൗൺസിൽ (എൻസിഇആർടി). രസതന്ത്ര പഠനത്തിന്റെ അടിസ്ഥാനമായ ആവർത്തന പട്ടികയും (പീരിയോഡിക്‌ ടേബിൾ) ഒഴിവാക്കി. ‘പഠനഭാരം’ കുറയ്‌ക്കാനാണ്‌ വെട്ടിക്കുറയ്‌ക്കലെന്നാണ്‌ വിശദീകരണം. ജീവശാസ്‌ത്ര പഠനത്തിന്റെ അടിത്തറയായ ചാൾസ്‌ ഡാർവിന്റെ പരിണാമ സിദ്ധാന്തം എൻസിഇആർടി പാഠപുസ്‌തകത്തിൽനിന്ന്‌ നേരത്തെ  ഒഴിവാക്കിയിരുന്നു.പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ രാജവാഴ്‌ചയുടെയും ഏകാധിപത്യത്തിന്റെയും ചിഹ്നമായ ‘ചെങ്കോൽ’ പ്രധാനമന്ത്രി സ്ഥാപിച്ചതിനു പിന്നാലെയാണ്‌ പുസ്‌തകത്തിൽനിന്നും ‘ജനാധിപത്യം’ പുറത്താക്കപ്പെടുന്നത്.

പത്താം ക്ലാസ്‌ സയൻസ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളും ഡെമോക്രാറ്റിക്‌ പൊളിറ്റിക്‌സ്‌ പുസ്‌തകത്തിലെ മൂന്ന്‌ പാഠങ്ങളുമാണ്‌ ഇപ്പോൾ ഒഴിവാക്കിയത്‌. മൂലകങ്ങളുടെ വര്‍​ഗീകരണം, ഊർജസ്രോതസ്സുകൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മേൽനോട്ടം എന്നീ പാഠങ്ങളാണ്‌ ശാസ്ത്ര പുസ്‌തകത്തിൽനിന്ന്‌ ഒഴിവാക്കിയത്‌. ഡെമോക്രാറ്റിക്‌ പൊളിറ്റിക്‌സിൽനിന്നും ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപാർടികൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നീ പാഠങ്ങളും നീക്കി.

ശാസ്‌ത്രയുക്തിക്ക്‌ പകരം മതമൗലികവാദത്തെയും പ്രപഞ്ചസൃഷ്ടി അടക്കമുള്ള കാര്യങ്ങളിലെ വേദകാല മിത്തുകളെയും പ്രോത്സാഹിപ്പിക്കുന്ന സംഘപരിവാർ കാഴ്‌ചപ്പാടിന്‌ അനുസൃതമായാണ്‌ സ്‌കൂൾ പാഠപുസ്‌തകങ്ങളിലെ മാറ്റങ്ങൾ. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളെല്ലാം 11, 12 ക്ലാസുകളിലെ പുസ്‌തകങ്ങളിലുണ്ടെന്നാണ്‌ എൻസിഇആർടിയുടെയും കേന്ദ്രസർക്കാരിന്റെയും വിശദീകരണം. എന്നാൽ 11, 12 ക്ലാസുകളിൽ സയൻസ്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ മാത്രമാകും ശാസ്‌ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന്‌ വിശേഷിപ്പിക്കാവുന്ന പരിണാമ സിദ്ധാന്തവും പീരിയോഡിക്ക്‌ ടേബിളും മറ്റും പഠിക്കാനാവുക.  പ്രധാന ജനകീയ സമരങ്ങളെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും പഠിക്കാൻ പത്തിനുശേഷം ഹ്യുമാനീറ്റിസ്‌ തെരഞ്ഞെടുക്കുന്നവർക്ക്‌ മാത്രമായി അവസരം ചുരുങ്ങും. പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരായി രണ്ടായിരത്തോളം ശാസ്‌ത്രജ്ഞരും അക്കാദമിക്‌ പണ്ഡിതരും സർക്കാരിന്‌ തുറന്നകത്ത്‌ എഴുതിയിരുന്നെങ്കിലും അവഗണിക്കപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top