18 February Monday

മോഡിക്കാലത്തെ കടം 82 ലക്ഷം കോടി ; ആഭ്യന്തരകടം 68 ലക്ഷം കോടി , വിദേശകടം 5.25 ലക്ഷം കോടി

സാജൻ എവുജിൻUpdated: Sunday Jan 20, 2019


ന്യൂഡൽഹി
മോഡി സർക്കാരിന്റെ നാലരവർഷത്തെ ഭരണത്തിൽ രാജ്യത്തിന്റെ കടബാധ്യത 50 ശതമാനം വർധിച്ച‌് 82 ലക്ഷം കോടി രൂപയായി.  ഈ സാമ്പത്തികവർഷത്തെ ആദ്യ എട്ടുമാസം വാങ്ങിയ കടം  വർഷത്തിൽ മൊത്തം പ്രതീക്ഷിച്ചതിനേക്കാൾ കൂടി. സർക്കാരിന്റെ കടങ്ങൾ സംബന്ധിച്ച‌് ധനമന്ത്രാലയം പ്രസിദ്ധീകരിച്ച എട്ടാമത‌് റിപ്പോർട്ടിലാണ‌് ഈ വിവരങ്ങൾ.

ഓരോ പൗരനും  കടം 63000 രൂപ
മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേന്ദ്രസർക്കാരിന്റെ മൊത്തം കടം 54.90 ലക്ഷം കോടി രൂപയായിരുന്നു. 2018 സെപ‌്തംബർവരെയുള്ള കണക്കുപ്രകാരം ഇത‌്  82.03 ലക്ഷം  കോടി രൂപയായി. ഓരോ ഇന്ത്യക്കാരന്റെയും  കടം നാലരവർഷംമുമ്പ‌് ഉണ്ടായിരുന്ന 42,000ത്തിൽ നിന്ന‌് 63,000ൽപരം രൂപയായി ഉയർന്നു.

പൊതുകടത്തിൽ  51.7 ശതമാനം വർധന
രാജ്യത്തിന്റെ പൊതുകടം നാലരവർഷത്തിൽ 51.7 ശതമാനം വർധിച്ച‌് 48 ലക്ഷം കോടി രൂപയിൽനിന്ന‌് 73.25  ലക്ഷം  കോടിയായി. ആഭ്യന്തരകടത്തിലുണ്ടായ 54 ശതമാനം വർധനയാണ‌് പൊതുകടം കൂട്ടിയത‌്. 68 ലക്ഷം കോടി രൂപയാണ‌് 2018 സെപ‌്തംബർവരെയുള്ള ആഭ്യന്തരകടം. വിദേശകടം  5.25 ലക്ഷം കോടി രൂപയായി. മറ്റ‌് ബാധ്യതകൾ 8.55 ലക്ഷം കോടി രൂപയാണ‌്.
ആഭ്യന്തരകടത്തിൽ ഏറ്റവും വലിയ പങ്ക‌് കമ്പോളത്തിൽനിന്നുള്ള കടമെടുക്കലാണ‌്. ഇത‌്  57.50 ശതമാനം വർധിച്ച‌് 52.65 ലക്ഷം കോടി രൂപയായി.

അധികവരുമാനം,  എന്നിട്ടും ബാധ്യത
പെട്രോൾ, ഡീസൽ എക‌്സൈസ‌് തീരുവയിലെ വർധനവഴിമാത്രം മോഡി സർക്കാരിന‌് അഞ്ച‌് ലക്ഷം കോടി രൂപയാണ‌് അഞ്ച‌് വർഷത്തിനുള്ളിൽ അധികമായി ലഭിക്കുക. ആദായനികുതി ഉൾപ്പെടെ പ്രത്യക്ഷനികുതി വരുമാനത്തിലും വർധനയാണ‌് സർക്കാർ അവകാശപ്പെടുന്നത‌്. 2017–-18ൽ പ്രത്യക്ഷനികുതി വരുമാനം തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച‌് 18 ശതമാനം വർധിച്ച‌് 10‌.02 ലക്ഷം കോടി രൂപയായെന്ന‌് ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ നൽകുന്നവരുടെ എണ്ണം 5.43 കോടിയിൽനിന്ന‌് 6.84 കോടിയായി. ജിഎസ‌്ടി നടപ്പാക്കിയതോടെ പരോക്ഷനികുതി വരുമാനത്തിലും കേന്ദ്രത്തിന‌് നേട്ടമായി. എന്നിട്ടും കേന്ദ്രത്തിന്റെ കടബാധ്യത പെരുകുന്നത‌് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട‌്.


 


പ്രധാന വാർത്തകൾ
 Top