12 November Tuesday

ഇടതു പാർടികളുടെ അഖിലേന്ത്യാ പ്രക്ഷോഭം; മാന്ദ്യം നിഷേധാത്മക നയങ്ങളുടെ ഫലം: യെച്ചൂരി

സ്വന്തംലേഖകന്‍Updated: Wednesday Oct 16, 2019

സാമ്പത്തികത്തകർച്ചയ്‌ക്കും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം തേടി ഇടതു പാർടികള്‍ പാർലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ഫോട്ടോ: കെ എം വാസുദേവൻ

ന്യൂഡൽഹി >  സാമ്പത്തികത്തകർച്ചയ്‌ക്കും തൊഴിലില്ലായ്‌മയ്‌ക്കും പരിഹാരം തേടി ഇടതു പാർടികൾ അഖിലേന്ത്യാ പ്രക്ഷോഭം സംഘടിപ്പിച്ചു. പാർലമെന്റിലേക്ക്  നടത്തിയ മാർച്ച്ജന്ദർമന്തറിൽ തടഞ്ഞതോടെ പ്രക്ഷോഭകർ റോഡ്‌ ഉപരോധിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ നേതൃത്വംനൽകി. പാർലമെന്റ്‌ സ്‌ട്രീറ്റിൽ വൻ സുരക്ഷാസന്നാഹവും ബാരിക്കേഡും ഉയർത്തി പൊലീസ്‌ നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു.

ബംഗാൾ, ത്രിപുര, ആന്ധ്രപ്രദേശ്‌ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടന്നു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, സിജിപിഐ എന്നീ പാർടികളുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം നടന്നത്‌.

കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നയങ്ങളുടെ ഫലമാണ് രാജ്യത്തെ സാമ്പത്തികമാന്ദ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തൊഴിലില്ലായ്‌മ, കരാർ തൊഴിൽ, കുറഞ്ഞ വേതനം, കാർഷികപ്രതിസന്ധി തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളെ മോഡി സർക്കാർ അവഗണിക്കുകയാണ്‌. പ്രതിസന്ധിയെ മറികടക്കാൻ വ്യാജ ദേശീയതയും ഭിന്നിപ്പുമാണ്‌ ഉപയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. 

പൊതുമേഖലയെയും രാജ്യത്തെയും സംരക്ഷിക്കുന്നതിന്‌ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.  കവിത കൃഷ്‌ണൻ (സിപിഐ എംഎൽ ), ആർ എസ്‌ ദാഗർ (ആർഎസ്‌പി), സന്തോഷ്‌ (സിജിപിഐ), സിപിഐ ദേശീയ സെക്രട്ടറി കെ നാരായണ, സിപിഐ എം സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവർ സംസാരിച്ചു.

തൊഴിലവസരം സൃഷ്ടിക്കാൻ പൊതുനിക്ഷേപം വർധിപ്പിക്കുക, അതുവരെ യുവജനങ്ങൾക്ക്‌ കേന്ദ്രസർക്കാർ തൊഴിൽരഹിത വേതനം നൽകുക, പ്രതിമാസം 18,000 രൂപ കുറഞ്ഞ ശമ്പളം ഉറപ്പാക്കുക,  പിരിച്ചുവിടൽവഴി തൊഴിൽ നഷ്ടപ്പെട്ടവർക്ക്‌ ജീവിക്കാൻ മതിയായ പ്രതിമാസവേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഒരാഴ്‌ച നീണ്ട പ്രക്ഷോഭം സംഘടിപ്പിച്ചത്‌.


പ്രധാന വാർത്തകൾ
 Top