06 December Friday

വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ഷൺമുഖത്തിന്‌ അഭിനന്ദനം , നാസ ചിത്രങ്ങൾ പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

വിക്രം ലാൻഡറിന്റെ അവശിഷ്‌ടങ്ങൾ.. നാസ പകൾത്തിയ ചിത്രം. ഇൻസെറ്റിൽ ഷൺമുഖ സുബ്രഹ്‌മണ്യം


ബംഗളൂരു> ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ്‌ ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ ‘വിക്രം ലാന്‍ഡറി’ന്റെ  അവശിഷ്‌ടങ്ങൾ നാസ കണ്ടെത്തി. തകര്‍ന്നു വീണ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ഏതാനും കിലോമീറ്റര്‍ ദൂരെ വരെ വ്യാപിച്ചു കിടക്കുകയാണ്‌. ചെന്നൈ  സ്വദേശിയായ  മെക്കാനിക്കൽ എഞ്ചിനീയർ ഷണ്‍മുഖ സുബ്രഹ്മണ്യത്തിന്റെ  സഹായത്തോടെയാണ്‌ വിക്രം ലാൻഡറെ കണ്ടെത്തിയത്‌.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ പൂര്‍ണ്ണമായും വിജയിക്കാതെ പോയ ഒരു ഭാഗം വിക്രം എന്ന ലാന്‍ഡറാണ്. ചന്ദ്രോപരിതലത്തില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം ഉയരെ വച്ച് ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു അത്. അന്നു മുതല്‍ ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു.ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു. വീഴ്ചയില്‍ തകര്‍ന്ന് പല കഷണങ്ങളായി ചിതറിപ്പോയ നിലയിലാണ് ലാന്‍ഡര്‍.

ഷണ്‍മുഖ സുബ്രഹ്മണ്യമാണ്‌  നാസ പുറത്തുവിട്ട ചിത്രം പരിശോധിച്ച് വിക്രം ലാന്‍ഡറുടെ അവശിഷ്ടങ്ങളെ ആദ്യം കണ്ടെത്തിയത്. സെപ്തംബര്‍ 26ന് നാസയുടെ ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ( Lunar Reconnaissance Orbiter ) പുറത്തുവിട്ട  ആ ചിത്രത്തെയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിശകലനം ചെയ്തതും ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയതും. ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ച രീതി ഉപയോഗിച്ച് ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ടീം കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തും ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കുകയായിരുന്നു.

സെപ്തംബര്‍ 17ന് പകര്‍ത്തിയ ചിത്രത്തില്‍ വേണ്ടത്ര പ്രകാശം ഇല്ലാത്തതിനാല്‍ പലതും വ്യക്തമായിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ് പലതും എന്ന് സ്ഥിരീകരിക്കാന്‍ ആകുമായിരുന്നില്ല. അതിനാല്‍ ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തീയതികളില്‍ എടുത്ത ചിത്രങ്ങളെക്കൂടി പരിശോധിച്ചു.

21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത്. ക്രാഷ് ലാൻഡിംഗിൽ ലാൻഡർ പൂർണ്ണമായി നശിച്ചുവെന്ന കാര്യത്തിൽ ഇതോടെ സ്ഥിരീകരണമായി. സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചത്.  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600  കിലോമീറ്റർ മാറി, മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നത്.ലാൻഡിങ്ങിനിടെ ബന്ധം നഷ്‌ടപ്പെട്ട വിക്രം  ലാൻഡറിന്‌ എന്തുസംഭവിച്ചുവെന്ന്‌ കാര്യമായ വിവരങ്ങൾ ഇസ്രോ പുറത്തുവിട്ടിരുന്നില്ല.


പ്രധാന വാർത്തകൾ
 Top