22 February Saturday

ബംഗാളിൽ മോഡിക്ക്‌ ‘ഗോബാക്ക്‌’; പ്രക്ഷോഭകരെ ഭയന്ന് റോഡ് യാത്ര ഒഴിവാക്കി

ഗോപിUpdated: Monday Jan 13, 2020

കൊൽക്കത്ത >  പശ്ചിമബം​ഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇടതുപ്രക്ഷോഭകരെ ഭയന്ന് റോഡ് യാത്ര ഒഴിവാക്കേണ്ടിവന്നു. പ്രതിഷേധം മറികടക്കാന്‍ യാത്ര  ഹെലികോപ്റ്ററിലും ബോട്ടിലുമാക്കി. നോ എൻ സി എ, നോ എൻആർസി,  ഗോ ബാക്ക് മോഡി എന്നീ മുദ്രാവാക്യമുയര്‍ത്തി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും യുവജനങ്ങളും  ന​ഗരവീഥികളില്‍ തമ്പടിച്ചു.  പ്രക്ഷോഭകരുടെ ആവേശത്തിനുമുന്നില്‍ മമത ബാനര്‍ജിയുടെ പൊലീസ് നിസ്സഹായരായി.

വിമാനത്താവളത്തിൽനിന്ന്‌ നഗരത്തിലേക്കുള്ള റോഡ്‌ ഉപരോധിക്കപ്പെട്ടതോടെയാണ്‌ മോഡിക്ക് 16 കിലോമീറ്റർ ദൂരംസഞ്ചരിക്കാന്‍ ഹെലികോപ്‌റ്ററിൽ കയറേണ്ടിവന്നത്‌. രാമകൃഷ്‌ണമിഷൻ സന്ദർശിക്കുന്നതിനായി ഹുഗ്ലി നദിയിലൂടെ ബോട്ടിലാണ്‌ മോഡി യാത്രചെയ്‌തത്‌. ഇടതുപക്ഷ പ്രവർത്തകരുടെ 12മണിക്കൂര്‍  പ്രതിഷേധത്തിൽ നഗരമാകെ നിശ്ചലമായി.  പ്രധാനമന്ത്രി നേതാജി ഇൻഡോർ സ്‌റ്റേഡിയത്തിൽ  കൊൽക്കത്ത പോർട്ട് ട്രസ്‌റ്റിന്റെ 150ാം വാർഷികച്ചടങ്ങിൽ പങ്കെടുക്കവെ 500 മീറ്റർ അകലെ എസ്‌പ്ലനേഡിൽ നൂറുകണക്കിനാളുകൾ റോഡിൽ കുത്തിയിരുന്ന്‌ ‘മോഡി ഗോ ബാക്ക്’മുദ്രാവാക്യം മുഴക്കി. 

ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് മാർച്ച്ചെയ്ത പ്രവര്‍ത്തകരെ റെഡ് റോഡ് ഗാന്ധി സ്‌ക്വയറിന് സമീപം പൊലീസ് തടഞ്ഞു. എസ്‌പ്ലനേഡിലും ഖിദർപുരിലും മോഡിയുടെ കോലം കത്തിച്ചു.
മോഡിയുമായി ശനിയാഴ്ച കൂടിക്കാഴ്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പ്രക്ഷോഭം കനത്തതോടെ നിലപാട് മയമപ്പെടുത്തേണ്ടിവന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ മാത്രമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നും വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മമതക്ക് പ്രതികരിക്കേണ്ടിവന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top