22 July Monday

രാജ്യം വില്‍പ്പനയ്ക്ക്‌: പൊതുമേഖലയെ ഇല്ലാതാക്കുന്ന മോഡി നയം

ടി എസ്‌ അഖിൽUpdated: Sunday Mar 24, 2019

നെഹ്റുവിന്റെ സാമ്പത്തിക നയങ്ങൾ പിന്തുടർന്ന കോൺഗ്രസ‌് 1991ലാണ‌് പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിന‌് തുടക്കമിട്ടത‌്. നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങാണ‌് നവ ഉദാരവൽക്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത‌്. അഴിമതിക്ക‌് അവസരമായി കണ്ട കോൺഗ്രസ‌് ലാഭത്തിലിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾപോലും കുത്തകകൾക്ക‌് കൈമാറാൻ തുടങ്ങി. 2014ൽ കോൺഗ്രസിന്റെ തകർച്ചയ‌്ക്ക‌് വഴിവച്ചതുതന്നെ രാജ്യത്തിന്റെ സമ്പത്ത‌് കുത്തകകൾക്ക‌് അടിയറവച്ചതിലെ അഴിമതിയായിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോൾ ബാങ്കിങ‌്, തന്ത്രപ്രധാനമായ പൊതുസ്ഥാപനങ്ങൾ, ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം എന്നിവയെ എതിർത്ത ബിജെപി 2014ൽ അധികാരത്തിലെത്തി. എന്നാൽ, ഏറ്റവുമധികം പൊതുസ്ഥാപനങ്ങൾ വിറ്റുതുലച്ചത‌് ബിജെപിയാണ‌്. രാജ്യത്തിന്റെ അഭിമാനസ‌്തംഭങ്ങളായ  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിച്ചു. പ്രതിരോധമേഖലയിലെ സ്ഥാപനങ്ങളും വിൽപ്പനയ്ക്കുവച്ചു. ആസൂത്രണ കമീഷനുപകരം കൊണ്ടുവന്ന നിതി ആയോഗ‌്  പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണമാണ‌് നിർദേശിക്കുന്നത‌്.

മോഡിയുടെ ലക്ഷ്യം പൊതുമേഖലയെ ഇല്ലാതാക്കൽ


പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യമേഖലയെ വളർത്തുന്ന നയമാണ‌് മോഡിയുടേത‌്. നികുതിപ്പണംകൊണ്ട‌് കെട്ടിപ്പടുത്ത സ്ഥാപനങ്ങളുടെ തലപ്പത്ത‌് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ശേഷം ഓഹരികൾ സ്വകാര്യ കമ്പനികൾക്ക‌് വിൽക്കുന്നു. ഒഎൻജിസി, എച്ച‌്പിസിഎൽ, ബിപിസിഎൽ, ഭെൽ മുതലായ 11 സ്ഥാപനത്തിൽ മോഡി തന്റെ ഇഷ്ടക്കാരെ നിയമിച്ചിട്ടുണ്ട‌്. ഇവയെല്ലാം 2019–-20ൽ ഓഹരിവിൽപ്പനയ്ക്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവയാണ‌്. 2014ന‌് മുമ്പ‌ുവരെ 1.53 ലക്ഷം കോടിയാണ‌് പൊതുസ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ചത‌്. 5 വർഷത്തെ ഭരണത്തിൽ 2.82 ലക്ഷം കോടിയുടെ ഓഹരി വിൽപ്പന മോഡി സർക്കാർ നടത്തി. രാജ്യത്ത‌് ഇതുവരെ നടന്ന പൊതുസ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിൽ 60 ശതമാനവും നടത്തിയത‌് മോഡി സർക്കാരാണ‌്.

സ്വകാര്യനിക്ഷേപം അനുവദിക്കുക വഴി മാത്രമല്ല വൻതോതിൽ ലാഭമെടുത്തും പൊതുമേഖലയെ നശിപ്പിക്കുന്നു. നാല‌് വർഷംകൊണ്ട‌് 80000 കോടി രൂപയാണ‌് ലാഭമായി സർക്കാർ കൈവശപ്പെടുത്തിയത‌്. പൊതുമേഖലാ സ്ഥാപനങ്ങൾ പുനർ നിക്ഷേപത്തിനായി നീക്കിവച്ചിരുന്ന ധനശേഖത്തിൽ 94000 കോടിയുടെ കുറവ‌് ഇതുമൂലമുണ്ടായി. 2016–-17ൽ 2589 കോടിരൂപ ലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ‌് നാഷണൽ മിനറൽ ഡെവലപ്പ‌്മെന്റ‌് കോർപറേഷൻ. എന്നാൽ, ഈ സ്ഥാപനത്തിലും സ്വകാര്യനിക്ഷേപം അനുവദിച്ചു. നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേ, ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഡ്രഡ‌്ജിങ‌് കോർപറേഷൻ ഓഫ‌് ഇന്ത്യ, കൊച്ചി കപ്പൽശാല, ഇന്ത്യൻ മെഡിസിൻസ‌് ഫാർമസ്യൂട്ടിക്കൽസ‌് ലിമിറ്റഡ‌്, എയർ ഇന്ത്യ, ഐആർസിഒഎൻ ലിമിറ്റഡ‌്, മസഗോൺ ഡോക‌് ലിമിറ്റഡ‌്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ‌് ലിമിറ്റഡ്,  ഗെയ്ൽ, ഓയിൽ ഇന്ത്യ ലിമിറ്റഡ്,  കോൾ ഇന്ത്യ ലിമിറ്റഡ്, ഭെൽ, ഭരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ബിഇഎംഎൽ എന്നിവയും വിൽപ്പനപ്പട്ടികയിലുണ്ട‌്.

തൊഴിലാളികളെയും വഞ്ചിച്ചു

ഒഎൻജിസി അടക്കം ആറ‌് പൊതുസ്ഥാപനത്തിലെ തൊഴിലാളികളിൽനിന്ന‌് ഓഹരി നൽകി 530 കോടിയാണ‌് കേന്ദ്രസർക്കാർ സമാഹരിച്ചത‌്. എന്നാൽ, ഈ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കുറയുകയും വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. ഈ ഓഹരികൾ കുറഞ്ഞ വിലയിൽ തിരിച്ചെടുത്ത കേന്ദ്രസർക്കാർ വലിയ നികുതിയാണ‌് ചുമത്തിയത‌്. പ്രതിരോധം, റെയിൽവേ, ടെലികോം, സിവിൽ ഏവിയേഷൻ, വൈദ്യുതി, ബഹിരാകാശ ഗവേഷണം, പെട്രോളിയം, ഖനനം, കൽക്കരി തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവൽക്കരണം  രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കും.

നടത്തിപ്പ‌ുചുമതലയും

മോഡിക്കാലത്ത‌് അദാനി സാമ്പത്തികമായി വളർന്നത‌് നിരവധി തുറമുഖങ്ങളുടെ നടത്തിപ്പ‌ുചുമതല സ്വന്തമാക്കിയായിരുന്നു. 2014ൽ  അദാനിയുടെ ആസ്തി 44860 കോടിയായിരുന്നെങ്കിൽ 2018ൽ 82000 കോടിയായി. ഏറ്റവുമൊടുവിൽ തിരുവനന്തപുരമടക്കം അഞ്ച‌് വിമാനത്താവളമാണ‌് നടത്തിപ്പിൽ മുൻപരിചയം പോലുമില്ലാത്ത അദാനി ഗ്രൂപ്പിന‌് കേന്ദ്രം നൽകിയത‌്.


പ്രധാന വാർത്തകൾ
 Top