20 November Wednesday

ഉമ്മ ചോദിക്കുന്നു ‘വര്‍ഷം മൂന്നായി, നജീബ്‌ എവിടെ ?’

പി ആർ ചന്തുകിരൺUpdated: Wednesday Oct 16, 2019

ന്യൂഡൽഹി >  ‘നജീബ്‌ എവിടെ ?’ തിരോധാനത്തിന്റെ മൂന്നാം വാർഷികത്തിലും ആവർത്തിക്കുന്ന ചോദ്യത്തിന്‌ കേന്ദ്രസർക്കാരിനും അന്വേഷണ ഏജൻസികൾക്കും ഉത്തരമില്ല. എബിവിപി പ്രവർത്തകരുടെ മർദനമേറ്റശേഷം കാണാതായ ജെഎൻയു വിദ്യാർഥി നജീബ്‌ അഹമ്മദിന്‌ നീതിതേടി ഡൽഹി ജന്തർമന്ദറിൽ ചൊവ്വാഴ്‌ച പ്രതിഷേധസംഗമം നടന്നു.

  നജീബിന്റെ ഉമ്മ നഫീസിന്‌ പിന്തുണയുമായി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട തബ്രിസ്‌ അൻസാരിയുടെ ഭാര്യ ഷാഹിസ്‌ത പർവീൺ, ഹിന്ദുത്വ ഭീകരർ കൊലപ്പെടുത്തിയ ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ്‌ എന്നിവരുൾപ്പെടെ നാനാതുറയിലുള്ളവർ പങ്കെടുത്തു. 

  രാജ്യത്ത്‌ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഗുരുതര രോഗത്തിന്റെ ലക്ഷണമാണെന്ന്‌ പ്രമുഖസാഹിത്യകാരിയും സാമൂഹ്യ
പ്രവർത്തകയുമായ അരുന്ധതി റോയ്‌ പറഞ്ഞു.  പൗരത്വഭേദഗതി ബില്ലിന്റെയും പൗരത്വപട്ടികയുടെയും പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ജിഡിപി കൂപ്പുകുത്തുമ്പോഴും എന്തും വിലയ്‌ക്കുവാങ്ങാൻ കഴിയുന്ന നിലയിൽ ബിജെപിയുടെ ജിഡിപി ഉയരുകയാണെന്നും അരുന്ധതി റോയ്‌ പറഞ്ഞു. താൻ കേരളത്തിൽനിന്നാണെന്ന്‌ ഓർമിപ്പിച്ചാണ്‌ പ്രതിഷേധസംഗമത്തിൽ അരുന്ധതി പ്രസംഗം തുടങ്ങിയത്‌.

 വിദ്വേഷവും ഭിന്നതയും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്‌ കവിതാ ലങ്കേഷ്‌ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, വിദ്യാർഥി നേതാക്കൾ ഷെഹ്‌ല റാഷിദ്‌, ഉമർ ഖാലിദ്‌, ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌, ഡൽഹി സർവകലാശാല അധ്യാപകർ അപൂർവാനന്ദ്‌, നന്ദിത നരൈൻ, ഡാനിഷ്‌ അലി എംപി തുടങ്ങിയവർ സംസാരിച്ചു.
2016 ഒക്‌ടോബർ 15നാണ്‌ ജെഎൻയുവിൽനിന്ന്‌ നജീബിനെ കാണാതായത്‌. നജീബിനെക്കുറിച്ച്‌ ഒരു വിവരവും ലഭ്യമല്ലെന്ന്‌ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ച്‌ കഴിഞ്ഞ ഒക്‌ടോബർ 15ന്‌ സിബിഐ കേസ്‌ അവസാനിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top