26 March Tuesday

'എന്റെ മകനെവിടെ ?' നജീബിന്റെ അമ്മ ചോദിച്ചുകൊണ്ടേയിരിക്കുന്നു; മറുപടി നല്‍കാതെ സിബിഐയും കൈയ്യൊഴിയുന്നു

പി ആര്‍ ചന്തുകിരണ്‍Updated: Friday Jul 13, 2018

ന്യൂഡല്‍ഹി > ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനക്കേസ് സിബിഐ അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ 'എന്റെ മകനെവിടെ' എന്ന് ഒരമ്മ ചോദിച്ചുകൊണ്ടേയിരിക്കുന്നു. 'എന്റെ മകനെ കണ്ടെത്തുന്നതില്‍ സിബിഐക്ക് ഒരു താല്‍പ്പര്യവുമില്ല. ഇതുവരെ കോടതിയിലുണ്ടായ എല്ലാ വാദപ്രതിവാദങ്ങള്‍ക്കും സാക്ഷിയായ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും നജീബിനെ ആക്രമിച്ചവരെ സംരക്ഷിക്കാന്‍ മാത്രമാണ് സിബിഐ ശ്രമിക്കുന്നത്. എന്റെ മകനെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാവുന്നതല്ല. നീതി ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പക്ഷെ ഇപ്പോഴും ഒരു ചോദ്യംമാത്രം അവശേഷിക്കുന്നു, നജീബ് എവിടെ ?'- നജീബിന്റെ അമ്മ ഫാത്തിമ നഫീസ് ഡല്‍ഹി ഹൈക്കോടതിക്കു വെളിയിലും ചോദ്യം ആവര്‍ത്തിച്ചു.

നജീബിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കേസ് അവസാനിപ്പിക്കുന്നത് പരിഗണനയിലാണെന്നും ഡല്‍ഹി ഹൈക്കോടതിയെ സിബിഐ അറിയിച്ചത് കേസില്‍നിന്ന് കൈകഴുകി ഒഴിഞ്ഞുപോകാനാണ്. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ ഒരാള്‍ വായുവില്‍ അലിഞ്ഞ് ഇല്ലാതാവുമോയെന്ന് ഫാത്തിമ നഫീസ് ചോദിക്കുന്നു. ഒരാള്‍ നിഗുഢമായി കാണാതാവുന്നതിനു മുമ്പ് അയാള്‍ക്കെതിരെ ഉണ്ടായ മര്‍ദ്ദനം അന്വേഷിക്കുക എന്നത് സാമാന്യ യുക്തിയാണ്. ഡല്‍ഹി പൊലീസും സിബിഐയും ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തയാറായിട്ടില്ല. നജീബ് മര്‍ദ്ദനത്തിന് ഇരയായതിന് നിരവധി ദൃക്സാക്ഷികള്‍ ഉള്ളപ്പോഴാണിത്.

ഒരുവര്‍ഷത്തോളം അന്വേഷണം നീട്ടിക്കൊണ്ടുപോയ ക്രൈം ബ്രാഞ്ച് നജീബ് സ്വയം ക്യാമ്പസില്‍നിന്ന് ഓട്ടോയില്‍ കയറിപ്പോയതാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. പിന്നാലെ കേസ് ഏറ്റെടുത്ത സിബിഐ അന്വേഷണം ദുരുഹമാക്കി വളച്ചൊടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് കേസില്‍  കുറ്റാരോപിതരായ എബിവിപി പ്രവര്‍ത്തകരെ അന്വേഷണ സംഘങ്ങള്‍ സംരക്ഷിച്ചത്.- ഫാത്തിമ നഫീസ് പറഞ്ഞു. ആരോപണവിധേയരായ ഒന്‍പത് വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ സിബിഐ തയാറായിട്ടില്ലെന്ന് നജീബിന്റെ അമ്മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോന്‍സാല്‍വസ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

ക്യാമ്പസിലെ മാഹി-മണ്‌‌ഢവി ഹോസ്റ്റലില്‍നിന്ന് 2016 ഒക്‌‌ടോബര്‍ 15നാണ് എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. തലേദിവസം ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന് ദൃക്സാക്ഷികളായ 18 വിദ്യാര്‍ഥികള്‍ ഇത് ശരിവെയ്ക്കുന്ന മൊഴിയും അന്വേഷണ സംഘത്തിന് നല്‍കി. മൂന്ന് വാര്‍ഡന്‍മ്മാരും മൂന്ന് സുരക്ഷാ ജീവനക്കാരും സാക്ഷികളാണ്. 16ന് ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗത്തിലും ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയ വിദ്വേഷത്തോടെ അസഭ്യം പറഞ്ഞുകൊണ്ടാണ് നജീബിനെ എബിവിപിക്കാര്‍ മര്‍ദ്ദിച്ചതെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ തീവ്രവാദികളാണെന്ന്  ഹോസ്റ്റല്‍ ചുമരില്‍ എഴുതിവെയ്ക്കാനും എബിവിപി പ്രവര്‍ത്തകര്‍  തുനിഞ്ഞു.

ക്യാമ്പസില്‍ നിന്ന് നജീബിനെ കാണാതായിട്ടും പൊലീസില്‍ പരാതിപ്പെടാന്‍ സര്‍വകലാശാല അധികൃതര്‍ തയാറാകാതിരുന്നത് വലിയ വിദ്യാര്‍ഥി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എബിവിപി കുറ്റാരോപിതരായ കേസില്‍ സര്‍വകലാശാലയും കേന്ദ്ര സര്‍ക്കാരും തുടര്‍ന്ന മൗനം പൊതുസമൂഹത്തിന്റെ വിമര്‍ശനത്തിനും കാരണമായി. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പരാതി നല്‍കാന്‍ സര്‍വകലാശാല തയാറായില്ല. വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ ജെഎന്‍യുവിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് വളഞ്ഞ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം രാത്രിയിലും തുടര്‍ന്നതോടെ വൈസ് ചാന്‍സലറും റെക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഓഫീസുകളില്‍ തുടരേണ്ടി വന്നു. പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെയാണ് സംഭവത്തോട് പ്രതികരിക്കാന്‍ അധികൃതര്‍ തയാറായത്.

കുറ്റാരോപിതരായ എബിവിപിക്കാരോട് സംഭാഷണത്തിന് തയാറായെങ്കിലും നജീബിന്റെ അമ്മയേയും സഹോദരിയേയും കാണാന്‍ കൂട്ടാക്കിയില്ല. നാലു ദിവസത്തിനുശേഷം കുടുംബാംഗങ്ങളെ നേരില്‍കണ്ടെങ്കിലും അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. നജീബിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസില്‍ പരാതിനല്‍കാനുള്ള കുടുംബത്തിന്റെ അപേക്ഷപോലും പരിഗണിച്ചില്ല. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും കോടതിയില്‍ കണ്ടോളാമെന്നുമുള്ള വെല്ലുവിളിയും അധികൃതര്‍ നടത്തി. വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സംഭവത്തില്‍ പരാതിനല്‍കാന്‍ സര്‍വകലാശാല തയാറായത്. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ബസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.

നജീബിന്റെ തിരോധാനത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ നജീബിന്റെ അമ്മയേയും വിദ്യാര്‍ഥികളെയും ക്രൂരമായാണ് കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. നജീബിനെ കാണാതായി 23 ദിവസങ്ങള്‍ക്കുശേഷം ജന്തര്‍ മന്ദറില്‍നിന്ന് ഇന്ത്യാഗേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ ഡല്‍ഹി പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ്ജ് ചെയ്തു. നജീബിന്റെ അമ്മയെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് സഹോദരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപിയുടെ പരാതിയില്‍ രോഹിത് വെമുലയ്ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വികൃതമുഖം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു നജീബ് വിഷയത്തിലെ നിലപാടുകള്‍. രോഹിത് വെമുലയെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ നജീബിന്റെ തിരോധാനത്തില്‍ മൗനത്തിലായി.

ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയുമായി രണ്ട് വര്‍ഷത്തോളം അന്വേഷണം നടത്തിയശേഷമാണ് ഒരു വിവരവും ലഭിച്ചില്ലെന്ന് സിബിഐയുടെ വിശദീകരണം വരുന്നത്. കേസ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഗണനയിലാണെന്നാണ് സിബിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്. അന്തിമ തീരുമാനത്തിനുമുമ്പ് ചിലകാര്യങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സിബിഐ പറഞ്ഞു. സംഭവത്തില്‍ ദൃക്സാക്ഷികളായ 18 വിദ്യാര്‍ഥികളുടെയും മൂന്ന് വാര്‍ഡന്‍മ്മാരുടെയും മൂന്ന് സുരക്ഷാ ജീവനക്കാരുടെയും മൊഴികള്‍ ഒരുമിച്ച് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇനി കേസ് വാദം കേള്‍ക്കുന്ന സെപ്തംബര്‍ നാലിന് സമര്‍പ്പിക്കാനും എന്താണ് അവരുടെ മൊഴിയെന്ന് കോടതി പരിശോധിക്കുമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം. നജീബിനുവേണ്ടി കാത്തിരിപ്പു തുടരുന്നവര്‍ക്ക് ഉത്തരം ലഭിക്കുമെന്നതിനാണ് കോടതിയുടെ നിര്‍ദ്ദേശം  പ്രതീക്ഷ നല്‍കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top